മുട്ട ഇഷ്ടമല്ലാത്തവര്‍ ചുരുക്കമാണ്. ദിവസവും ഒരു മുട്ടയെങ്കിലും കഴിക്കുന്നവരുണ്ടാകും. എന്നാല്‍ ദിനംതോറും ഒന്നിലധികം മുട്ട കഴിക്കുന്നത് പ്രമേഹത്തിന് കാരണമായേക്കാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു.
ചൈനയിലെ മെഡിക്കല്‍ വി.വി നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഒരു ദിവസം ഒന്നില്‍ കൂടുതല്‍ മുട്ട കഴിക്കുന്നവരില്‍ പ്രമേഹം വരാനുള്ള സാധ്യത 60% കൂടുതലാണെന്നാണ് കണ്ടെത്തല്‍. പ്രത്യേകിച്ചും സ്ത്രീകളിലാണ് പ്രമേഹസാധ്യത കൂടുതലെന്നും ഗവേഷകര്‍ പറയുന്നു.
1991 മുതല്‍ 2009 വരെ ചൈനയില്‍ മുട്ട ഉപഭോഗം ഗണ്യമായി വര്‍ദ്ധിച്ചതായി ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കാലയളവില്‍ മുട്ട കഴിക്കുന്നവരുടെ എണ്ണം ഇരട്ടിയായി. 8,545 പേര് പങ്കെടുത്ത ആരോഗ്യ-പോഷകാഹാര സര്‍വേ ഫലത്തില്‍ നിന്നാണ് ഇക്കാര്യം ഗവേഷകര്‍ കണ്ടെത്തിയത്. മുട്ടയും പ്രമേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു.