വാര്‍ധക്യത്തിലേക്ക് എത്തിയവരില്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍ കുടലിന്റെ വൈകല്യങ്ങളും കാരണമാകാറുണ്ട്. ഇതു പലപ്പോഴും തുടക്കത്തില്‍ തിരിച്ചറിയാതെയോ ശ്രദ്ധിക്കാതെയോ പോകാം. ആമാശയത്തില്‍ നിന്നും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചെറു കുടലിലേക്കു കടത്തിവിടുന്നതില്‍ കാലതാമസമുണ്ടാകുന്നതാണ് ഒരു വൈകല്യം. കൂടാതെ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ചെറുകുടലിലൂടെയുളള യാത്രയും മന്ദഗതിയിലാകുന്നു. ഈ രണ്ടു ഘടകങ്ങള്‍ ക്കൊപ്പം ശരീരത്തിന്റെ ചലനക്കുറവും വേണ്ടത്ര ജലപാനീയങ്ങള്‍ ഉളളില്‍ ചെല്ലാതിരിക്കുന്ന സാഹചര്യവും മലബന്ധത്തിനിടയാക്കുകയും വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നതുപോലെ തോന്നിക്കുകയും അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുകയും ചെയ്യുന്നു. ചെറു കുടലിലേക്കുളള രക്ത ചംക്രമണം (Blood circulation) ഏകദേശം 40% കുറയുകയും പോഷകങ്ങള്‍ ആഗീരണം ചെയ്യുന്നതിനുളള ശക്തി 30% കുറയുകയും ചെയ്യുന്നു.
ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ (Hydrochloricacid) ഉല്‍പാദനവും വയോജനങ്ങളില്‍ കുറയുന്നു. ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉല്‍പാദനക്കുറവ് വൈറ്റമിന്‍ ബി12, കാത്സ്യം മുതലായവയുടെ ആഗിരണത്തെ സാരമായി ബാധിക്കുന്നു.കൊഴുപ്പിന്റെ അംശം വയറിന കത്ത് അടിഞ്ഞു കൂടുന്ന പ്രവണത മധ്യവയസിനുശേഷം കൂടുതലാകുന്നുണ്ട്. ഈ പ്രവണത പ്രഷര്‍, പ്രമേഹം, അമിതമായ കൊളസ്‌ട്രോള്‍ അമിതമായ യൂറിക് ആസിഡ് മുതലായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകും.





