- Advertisement -Newspaper WordPress Theme
FEATURESടെന്നീസ് എല്‍ബോ, ലക്ഷണവും ചികിത്സയും

ടെന്നീസ് എല്‍ബോ, ലക്ഷണവും ചികിത്സയും

സാധാരണയായി ബാറ്റ്/റാക്കറ്റ് ഉപയോഗിക്കുന്ന കായിക താരങ്ങളില്‍ കണ്ടുവരുന്ന കൈ മുട്ടുവേദനയ്ക്ക് പൊതുവേ പറയുന്ന പേരാണ് ടെന്നീസ് എല്‍ബോ. എന്നാല്‍ കായിക താരങ്ങള്‍ മാത്രമല്ല ഏതൊരാള്‍ക്കും ടെന്നിസ് എല്‍ബോ വരാവുന്നതാണ്. കൈകള്‍ ഉപയോഗിച്ച് കാഠിന്യമേറിയതോ ദൈര്‍ഘ്യമേറിയതോ ആയ ജോലികള്‍ ചെയ്യുന്നവരിലാണ് കൂടുതല്‍ സാധ്യത.
പൊതുവേ ടെന്നീസ് എല്‍ബോ എന്നാണ് വിളിപ്പേര് എങ്കിലും വൈദ്യശാസ്ത്രത്തില്‍ ഇതിനെ ലാറ്ററല്‍ എപ്പികോണ്ടൈലൈറ്റിസ് എന്നാണ് അറിയപ്പെടുന്നത്.

രോഗകാരണങ്ങള്‍

കൈകള്‍ക്കുണ്ടാകുന്ന എന്തെങ്കിലും തരത്തിലുള്ള പരിക്കുകളെ തുടര്‍ന്ന്, ശരിയായ വ്യായാമം ഇല്ലാത്ത അവസ്ഥ, വാമിംഗ് അപ് ചെയ്യാതെയുള്ള കായികവിനോദങ്ങള്‍, കൈകള്‍ ഉപയോഗിച്ച് നിരന്തരമായി കാഠിന്യമുള്ള ജോലികള്‍ ചെയ്യുന്നത് വഴി, പെട്ടെന്നുണ്ടാകുന്ന പേശിവലിവ്, അണുബാധയെത്തുടര്‍ന്ന്. പ്രമേഹം മുതലായ ജീവിതശൈലി രോഗങ്ങള്‍ ഉള്ളവരില്‍ ടെന്നീസ് എല്‍ബോയെ തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ കൂടുതലായി കണ്ടുവരുന്നുണ്ട്.

പ്രധാന രോഗലക്ഷണങ്ങള്‍

കൈമുട്ടിന് പുറം ഭാഗത്തായി, പുറം വശത്ത് ഉണ്ടാകുന്ന വേദന,
കൈ മുഷ്ടി മുറുക്കി പിടിക്കുമ്പോള്‍ കൈമുട്ടില്‍ ഉണ്ടാകുന്ന വേദന,
കൈമുട്ടിന്റെ പുറം ഭാഗത്തായി ഉണ്ടാകുന്ന നീര്‍വീക്കവും ചൂടും,
കൈമുട്ട് നിവര്‍ത്തുമ്പോഴും തിരിക്കുമ്പോഴും ഉണ്ടാകുന്ന വേദന.

രോഗനിര്‍ണയം

പ്രധാനമായും വിദഗ്ധ വൈദ്യ പരിശോധനയിലൂടെ നടത്താന്‍ സാധിക്കും. വേദനയുടെ കാരണം മറ്റൊന്നുമല്ല എന്ന് ഉറപ്പിക്കാന്‍ ചില അവസരങ്ങളില്‍ എക്‌സ്-റേ, രക്തപരിശോധന, അള്‍ട്രാ സൗണ്ട് സ്‌കാന്‍ എന്നിവ വേണ്ടി വന്നേക്കാം.

ചികിത്സ

ആധുനിക വൈദ്യശാസ്ത്രത്തില്‍ ചികിത്സയായി വേദനസംഹാരികള്‍, ചടഅകഉട എന്നിവയും, രോഗം വിട്ടുമാറാത്ത അവസ്ഥയില്‍ സ്റ്റീറോയ്ഡ് ഇഞ്ചക്ഷനും ആണ് പ്രതിവിധി. ചില അവസരങ്ങളില്‍ ശസ്ത്രക്രിയയും നിര്‍ദ്ദേശിക്കാറുണ്ട്.

ഫിസിയോതെറാപ്പി

വളരെ ഫലപ്രദമായി ആയി പാര്‍ശ്വഫലങ്ങളില്ലാതെ ഭൗതിക രീതികളുപയോഗിച്ച് ചികിത്സിക്കുന്ന സമ്പ്രദായമാണ് ഫിസിയോതെറാപ്പി. ഭൗതിക സങ്കേതങ്ങള്‍ (ഐസ് പാക്ക്, ഹോട്ട് ബാഗ്, ടെന്നിസ് എല്‍ബോ ബാന്‍ഡ്, ടേപ്പിങ്ങ്), വൈദ്യുത ഉപകരണങ്ങള്‍(അള്‍ട്രാസൗണ്ട് തെറാപ്പി, ട്രാന്‍സ്‌ക്യൂട്ടേനിയസ് ഇലക്ട്രിക്കല്‍ നെര്‍വ് സ്റ്റിമുലേഷന്‍, ഇന്റര്‍ഫെറന്‍ഷ്യല്‍ കറണ്ട്, ലേസര്‍), ശാരീരിക ചലനങ്ങള്‍ (മസില്‍ എനര്‍ജി ടെക്‌നിക്, സോഫ്റ്റ് ടിഷ്യൂ മൊബിലൈസേഷന്‍), രോഗശമന വ്യായാമങ്ങള്‍ (എക്‌സന്‍ട്രിക് ഡി ലോഡിങ്, സെലക്ടീവ് സ്‌ട്രെച്ചിംഗ് ), പ്രതിരോധ വ്യായാമങ്ങള്‍ (സെലക്ടീവ് സ്‌ട്രെങ്തനിങ്ങ്, മൊബിലിറ്റി വ്യായാമങ്ങള്‍) എന്നിവ ഉപയോഗിച്ചാണ് പ്രധാനമായും ടെന്നീസ് എല്‍ബോയുടെ ഫിസിയോതെറാപ്പി ചികിത്സ.

രോഗത്തിന്റെ തീവ്രതയും സ്വഭാവമനുസരിച്ച് ഏത് ചികിത്സാ രീതിയാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് ചികിത്സാ പ്രാവീണ്യമുള്ള ഒരു ഫിസിയോതെറാപ്പി വിദഗ്ധന് മാത്രമേ തീരുമാനിക്കാന്‍ സാധിക്കുകയുള്ളൂ. ഫിസിയോതെറാപ്പി ചികിത്സയോടൊപ്പം തന്നെ പ്രധാനമാണ് ജീവിതശൈലിയില്‍ രൂപപ്പെടുത്തേണ്ടുന്ന മാറ്റങ്ങളും നിത്യേനയുള്ള വ്യായാമങ്ങളും

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme