എ. അന്‍സീര്‍
സന്തോഷമായലും സങ്കടം വന്നാലും ലഹരിയെ ആശ്രയിക്കുന്നവരായി മാറിയിരിക്കുകയാണ് കേരളത്തിലെ യുവത്വം. ആധുനിക കേരളത്തില്‍ എന്തിനും ഏതിനും ലഹരി വേണമെന്ന അവസ്ഥ. ആണും പെണ്ണും ഒരുപോലെ ഇതിന് പിന്നാലെയാണെന്നാണ് സത്യം. മദ്യമൊക്കെ ഇപ്പോള്‍ വലിയ ലഹരി അല്ല എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. കഞ്ചാവും മയക്കുമരുന്നും നാക്കിനടയില്‍വെക്കുന്ന സ്റ്റാമ്പും എന്തിന് മാരക രോഗത്തിന് ചികിത്സിക്കുന്ന മരുന്നുവരെ ലഹരിയായി ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍,
കേരളത്തിലെ യുവജനങ്ങളുടെ ഇടയില്‍ മയക്കുമരുന്നിന്റെ ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ദിവസവും സംസ്ഥാനത്ത് പിടിക്കപ്പെടുന്ന ലഹരി വസ്തുക്കളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇതുമനസിലാക്കാനാകും. സ്‌കൂളുകളെയും വിദ്യാര്‍ത്ഥികളെയും കേന്ദ്രീകരിച്ചു മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും നടക്കുന്നൂവെന്നത് ഞെട്ടിപ്പിക്കുന്ന സത്യമാണ്.
കേരളം ലഹരിമാഫിയയുടെ പിടിയിലായെന്ന് തന്നെ പറയാം. സ്‌കൂള്‍ കുട്ടികള്‍, കോളജ് വിദ്യാര്‍ഥികള്‍, യുവാക്കള്‍, സ്ത്രീകള്‍ തുടങ്ങിയവരെയാണ് മാഫിയകള്‍ ലക്ഷ്യമിടുന്നത്. ഇവരിലൂടെയാണ് ഇത്തരം മാഫിയകള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വിപണി കണ്ടെത്തുന്നതും. പണത്തിനവേണ്ടിയും ആഡംബര ജീവതത്തിനുവേണ്ടിയുമാണ് മിക്കവരും ഇതിനായി ഇറങ്ങിപ്പുറപ്പെടുന്നത്.
ഋഷിരാജ്‌സിംഗ് എക്‌സൈസ് കമ്മീഷണറായിരുന്നപ്പോള്‍ മയക്കുമരുന്നിന്റെ ഉപയോഗവും വിതരണവും തടയുന്നതിനുവേണ്ടി നിരവധി കാര്യങ്ങള്‍ നടത്തിയിരുന്നു. അദ്ദേഹം തന്റെ ഫോണ്‍ നമ്പര്‍ സോഷ്യല്‍ മീഡിയായിലൂടെ നല്‍കുകയും അതില്‍ വിവരമറിയിച്ചാല്‍ നല്‍കപ്പെടുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തത് നല്ല തുടക്കമായിരുന്നു. എന്നാല്‍ അദ്ദേഹം മാറിയതിന് ശേഷം വീണ്ടും പഴയപടിയായി കാര്യങ്ങള്‍. കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്ന് വ്യാപാരം നമ്മുടെ സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം ദൂരവ്യാപകമായിരിക്കും. എന്നാല്‍ ഇതിനെ മറികടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.
കേരളത്തില്‍ ബാറുകള്‍ വര്‍ദ്ധിച്ചതാണ് മദ്യഉപയോഗത്തിന് കാരണമെന്നാണ് ഒരു വാദം. ചോദിക്കുന്നവര്‍ക്കെല്ലാം ബാറുകള്‍ നല്‍കുകയും, ബാറുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞും ഇടതുസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. മദ്യത്തിന്റെ ലഭ്യത കുറഞ്ഞതുകൊണ്ട് മയക്കുമരുന്നിന്റെ ഉപയോഗം സംസ്ഥാനത്ത് വര്‍ദ്ധിച്ചുവെന്ന ന്യായീകരണമാണ് സര്‍ക്കാര്‍ ഈ കടുംപ്രയോഗത്തിന് നല്‍കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗം കുറയ്ക്കുവാന്‍ കൂടുതല്‍ ബാറുകള്‍ വേണമെന്ന വിചിത്രമായ നയമാണ് ഇടതുസര്‍ക്കാരിന്റേതെന്ന് പറയാതെ വയ്യ.
സെപ്റ്റംബര്‍ മാസം മൂന്നുമുതല്‍ ഉത്രാടം വരെയുള്ള എട്ടു ദിവസം 487 കോടിയുടെ മദ്യമാണ് വിറ്റു പോയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 30 കോടിയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇരിങ്ങലാക്കുട ബിവ്‌റേജസ് ഔട്ട്ലെറ്റിലാണ് ഈ ഉത്രാടനാളിലും ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയവളില്‍ 457 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ഇക്കുറി ഉത്രാട ദിനത്തില്‍ മാത്രം 90.32 കോടിയുടെ വില്‍പന നടന്നു. കഴിഞ്ഞ ഓണക്കാലത്ത് ഇതേ ദിവസം 88.08 കോടിയായിരുന്നു വിറ്റുവരവ്. മൂന്നുശതമാനം വര്‍ധനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ കച്ചേരിപ്പടി ജംങ്ഷനിലെ ഔട്ട്‌ലെറ്റും തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുള്ള ഔട്ട്‌ലെറ്റുമാണ് വില്‍പ്പനയില്‍ രണ്ടും മൂന്നും സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷ പ്രളയത്തിന് ശേഷം മദ്യ വിലയും നികുതിയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നെങ്കിലും സംസ്ഥാനത്തിന്റെ മദ്യ ഉപഭോഗത്തിന് കുറവൊന്നും വന്നില്ല.
പ്രളയകാലത്തും വെള്ളമടിയില്‍ റെക്കോഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ശക്തമായ മഴയും ഉരുള്‍പൊട്ടലുമൊക്കെ നാശം വിതച്ച ഓഗസ്റ്റില്‍ മാത്രം കേരളം കുടിച്ചു തീര്‍ത്തത് 1,229 കോടി രൂപയുടെ മദ്യമെന്നാണ് ബിവറേജസ് കോര്‍പ്പറേഷന്റെ കണക്ക്.
ജൂലൈ മാസത്തെ വില്‍പനയേക്കാള്‍ 71 കോടി രൂപ അധികമാണ് ഓഗസ്റ്റില്‍ ബെവ്കോയ്ക്ക് ലഭിച്ചത്. ഈ വര്‍ഷം ഓഗസ്റ്റു വരെ സംസ്ഥാനത്ത് 9,878.83 കോടി രൂപയുടെ മദ്യമാണു വിറ്റത്. മുന്‍വര്‍ഷം ഇതേ സമയത്തെ വില്‍പനയേക്കാള്‍ 637.45 കോടിയുടെ വര്‍ധനവുണ്ടായെന്നും ബെവ്കേയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മഴക്കെടുതിക്കിടെ ചങ്ങനാശേരി, കൊരട്ടി എന്നിവിടങ്ങളിലെ മദ്യശാലകള്‍ക്കു മാത്രമാണ് രണ്ടുദിവസം അവധി നല്‍കേണ്ടി വന്നത്. അതേസമയം കഴിഞ്ഞവര്‍ഷത്തെ പ്രളയകാലത്ത് മുപ്പതോളം വില്‍പ്പനശാലകളാണ് അടച്ചിടേണ്ടി വന്നത്. എന്നിട്ടും അന്ന് 1143 കോടി രൂപയുടെ മദ്യം വിറ്റു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി 86 കോടിയുടെ വരുമാന വര്‍ധനവ് മാത്രമാണുണ്ടായത്. പരമാവധി ഔട്ട്ലെറ്റുകള്‍ തുറന്നിട്ടും പ്രതീക്ഷിച്ചത്രയും വില്‍പനയുണ്ടായില്ലെന്നാണ് ബെവ്കോ അധികൃതര്‍ വ്യക്തമാക്കുത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14,508.10 കോടി രൂപയാണു മദ്യവില്‍പനയിലൂടെ ബെവ്കോ നേടിയത്. 1567 കോടിയുടെ സര്‍വകാല നേട്ടമാണ് അന്നുണ്ടായത്. എന്നാല്‍ ഇക്കൊല്ലം തിരിച്ചടിയുണ്ടാകുമെന്നു കരുതിയ ജൂണിലും വില്‍പന വര്‍ധിച്ചു. ജൂണില്‍ തിരൂരിലെ വില്‍പനശാലയിലാണ് ഏറ്റവും കൂടുതല്‍ കച്ചവടം നടന്നത്.
ഒരുഭാഗത്ത് ബോധവത്കരണവും വില കൂട്ടലും നടക്കുമ്പോഴും മലയാളികള്‍ക്ക് മദ്യമില്ലാതെ പറ്റില്ലെന്ന അവസ്ഥയാണ്. മദ്യത്തിനും മയക്കുമരുന്നിനും അകപ്പെട്ട് ലക്ഷ്യബോധം നഷ്ടപ്പെട്ട് തങ്ങളുടെ ജീവിതം തന്നെ നഷ്ടപ്പെടുത്തുന്നവര്‍, സമൂഹത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നില്ലെന്നു മാത്രമല്ല, തങ്ങളുടെയും മറ്റുള്ളവരുടെയും ജീവനും സൈ്വര ജീവിതത്തിനും വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു. മാതാപിതാക്കളോടും സഹോദരീസഹോദരന്മാരോടുമുള്ള ആരോഗ്യകരമായ ബന്ധങ്ങള്‍ നഷ്ടപ്പെടുത്തുന്ന ഇത്തരക്കാര്‍ അക്രമകാരികളാവുകയും കുടുംബാംഗങ്ങളെപ്പോലും ഹിംസയ്ക്കു വിധേയമാക്കുകയും ചെയ്യുന്ന കാഴ്ച വേദനയുളവാക്കുന്നതാണ്.
(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)