in ,

ആരോഗ്യരംഗത്ത് പുതു മാതൃക സൃഷ്ടിച്ച് ‘ദിശ 1056 ‘ കോള്‍ സെന്റര്‍

Share this story

തിരുവനന്തപുരം: കോവിഡ് ലോകമാകെ പടര്‍ന്നുപിടിച്ചുകൊണ്ടിരുന്ന ആദ്യഘട്ടത്തില്‍ നിരവധി ആശങ്കകളാണ് സമൂഹത്തില്‍ വ്യാപിച്ചത്. മഹാമാരിയെക്കുറിച്ചും അതിനെ നേരിടുന്നതിനെക്കുറിച്ചും കൃത്യമായ നിര്‍ദ്ദേശങ്ങളും ആത്മവിശ്വാസവും ജനങ്ങളിലെത്തിക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ ‘ദിശ ആരോഗ്യ സഹായ സെല്‍’ ഉടന്‍ രംഗത്തെത്തി. രോഗത്തെക്കുറിച്ചുള്ള വിവരങ്ങളും അനാവശ്യ ആശങ്കകളും പേടിയും അകറ്റാന്‍ ‘ദിശ 1056 ‘ കോള്‍ സെന്ററിനു ചുരുങ്ങിയ ദിവസംകൊണ്ടുതന്നെ കഴിഞ്ഞു.
ആയിരക്കണക്കിന് ഫോണ്‍കോളുകളാണ് ദിശയില്‍ എത്തിക്കൊണ്ടിരുന്നത്. തുടര്‍ന്നാണ് കോവിഡ് ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ദിശയുടെ പ്രവര്‍ത്തനത്തിന് പുതിയ ജില്ലാ മന്ദിരമടക്കം സജ്ജീകരിച്ചത്.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായാണ് നടപടി.

നവീകരിച്ച ജില്ലാ ഓഫീസിന്റെയും വിപുലീകരിച്ച ദിശ ടെലിമെഡിക്കല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനായ ദിശ 1056 കോള്‍ സെന്ററിന്റെ പുതിയ മന്ദിരത്തിന്റെയും ഓണ്‍ലൈന്‍ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. കോവിഡുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് കോളുകളാണ് ദിശയി 1056ലേയ്ക്ക് എത്തുന്നത്. ഒരു പരാതിയും കൂടാതെ മികച്ച സേവനം നടത്തിയ എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. ഇവര്‍ക്ക് സൗകര്യ പ്രദമായ ഓഫീസ് അന്തരീക്ഷമാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എന്‍.എച്ച്.എം. തിരുവനന്തപുരം ജില്ലാ ഓഫീസ് 2007 ഏപ്രില്‍ 4ന് രൂപീകരിക്കുമ്പോള്‍ 4 ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ 2020ല്‍ 933 ജീവനക്കാര്‍ ജില്ലയുടെ നാനാഭാഗത്തും ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്.

തിരുവനന്തപുരം ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സ്വപ്ന പദ്ധതിയാണ് ദിശ 1056. ദേശീയ തലത്തില്‍ തന്നെ തികച്ചും ആരോഗ്യ സേവനത്തിന് മാത്രമായി ഒരു കോള്‍ സെന്റര്‍ കേരളമാണ് ആദ്യമായി മുന്നോട്ട് വച്ചത്. കേരളത്തിന്റെ ചുവടുപിടിച്ചാണ് ബാക്കി സംസ്ഥാനങ്ങള്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനുകള്‍ ആരംഭിച്ചത്. 2019 ജൂലൈ 15ന് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ 15 കൗണ്‍സിലര്‍മാരും 6 ഡെസ്‌ക്കുകളും മാത്രമായിരുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദിശയില്‍ കോള്‍ പ്രവാഹം കാരണം ഡെസ്‌ക്കളുടെ എണ്ണം 6 ല്‍ നിന്ന് 30 ആക്കി വര്‍ദ്ധിപ്പിച്ചു. പ്രതിദിനം 4500 മുതല്‍ 5000 വരെ കോളുകള്‍ കൈകാര്യം ചെയ്യാന്‍ ദിശയ്ക്ക് കഴിയും. 55 കൗണ്‍സിലര്‍മാരാണ് 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നത്. നാളിതുവരെ ദിശ വഴി 8 ലക്ഷം കോളുകള്‍ക്ക് സേവനം നല്‍കുകയും അതില്‍ 2.1 ലക്ഷം കോളുകള്‍ ഈ കോവിഡ് കാലഘട്ടത്തില്‍ സേവനം നല്‍കുകയും ചെയ്തു.

ആരോഗ്യവകുപ്പ് ദിശയുടെ സാധ്യത കണ്ട് ഇ സഞ്ജീവനി ടെലി മെഡിസിന്‍, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി, ഇ ഹെല്‍ത്ത് എന്നിവയുടെ കോള്‍സെന്റര്‍ കൂടി ദിശയില്‍ ഉള്‍പ്പെടുത്തി. രണ്ട് ഷിഫ്റ്റുകളിലായി 12 ഡോക്ടര്‍മാരുടെ സേവനത്തോടെ ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ ചെറിയ കാലഘട്ടം കൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ഇ – സഞ്ജീവനിക്ക് സാധിച്ചിട്ടുണ്ട്. ജൂണ്‍ 24 മുതല്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കോള്‍ സെന്റര്‍ പ്രവര്‍ത്തനവും ദിശയില്‍ ആരംഭിച്ചു. കൂടാതെ ഇഹെല്‍ത്തും കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിനങ്ങളുടെ ഹെല്‍പ് ലൈന്‍ സേവനവും ദിശ മുഖേന ഉടന്‍ ആരംഭിക്കും.

സെല്‍ഫോണ്‍ അധികമായി ഉപയോഗിച്ച് വരുന്ന കുട്ടികളില്‍ ട്യൂമര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍

നല്ലകാലം കഴിഞ്ഞിട്ടില്ല; വേണ്ടത് കരുണയും കരുതലും