കേരളത്തില്‍ കോവിഡ് 19 -ന്റെ ആഘാതം കുറഞ്ഞുവരുന്നതായി സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. ആരോഗ്യവകുപ്പില്‍നിന്നും മറ്റും അത്തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഈ നവംബര്‍ 1 മുതല്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തില്‍ അഞ്ചുലക്ഷത്തി എഴുപത്തെട്ടായിരത്തി മുന്നൂറ്റി അറുപത്തി മൂന്നു(578363) പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. മുപ്പത്തിയൊന്നു ലക്ഷത്തിലധികംപേര്‍ ക്വാറന്റീനില്‍ കഴിയുന്നു. 2121 മരണങ്ങളാണ് ഈ മാസം സംഭവിച്ചത്.
നിയന്ത്രങ്ങളില്‍ കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ അയവുവന്നതോടെ ജനം രണ്ടുംകല്‍പിച്ച് മുന്നോട്ടുപോകുകയാണ്. കടകമ്പോളങ്ങളിലും പൊതുനിരത്തുകളിലും ആളുകള്‍ പഴയമട്ടില്‍ത്തന്നെ തിക്കിത്തിരക്കുകയാണ്. വിവാഹങ്ങളിലും ചടങ്ങുകളിലും അമ്പതുപേരെന്ന പരിധിയില്‍ കവിഞ്ഞും ആളുകളെത്തിത്തുടങ്ങി.
പകര്‍ച്ചവ്യാധി നിവരാണപ്രവര്‍ത്തനത്തില്‍ വരുത്തുന്ന ഈ അയവുകള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വഴിവയ്ക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹസല്‍ക്കാരങ്ങളിലും മറ്റും പുതുദമ്പതികള്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കിക്കൊണ്ടും മാസ്‌ക് നല്‍കിക്കൊണ്ടുമൊക്കെ അതിഥികളെ സ്വീകരിച്ചു തുടങ്ങിയെങ്കിലും ഇതുകൊണ്ടൊന്നും ആള്‍ക്കൂട്ടച്ചടങ്ങുകളില്‍ മതിയായ സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഭക്ഷണം കഴിക്കാനും മറ്റും മുഖാവരണം മാറ്റുന്നതും എന്തെങ്കിലുമൊക്കെ കുശലാന്വേഷണം പറയേണ്ടി വരുന്നതുമെല്ലാം അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഒരാള്‍ക്കു മാത്രം അണുബാധയുണ്ടെങ്കില്‍ അത് ഡസണ്‍കണക്കിനുപേരിലേക്കു വ്യാപിക്കുന്ന സൂപ്പര്‍ സ്‌പ്രെഡ് ഇവന്റായി ഓരോ ചടങ്ങുകളും മാറും. അമ്പതുപേര്‍ കൂടുന്ന ചടങ്ങുകളുടെ കാര്യമിതാണെങ്കില്‍ അടുത്തമാസം നടക്കാനിരിക്കുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിനുശേഷം കോവിഡ് വ്യാപനത്തിനെ തോത് കണ്ടുതന്നെയറിയണം. കര്‍ക്കശമായ സുരക്ഷാ മുന്‍ കരുതലുകള്‍ എടുക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും എത്രത്തോളം ഫലപ്രദമാകുമെന്നതിലും സംശയങ്ങളുണ്ട്.