കാന്‍സര്‍ എന്ന രോഗം നമ്മുടെ സമൂഹത്തെ രോഗാതുരമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. കൊട്ടാരം തൊട്ട് കുടില്‍ വരെ എല്ലാവിഭാഗം ജനങ്ങളിലേക്കും ഈ മഹാമാരിയെക്കുറിച്ചുള്ള അറിവ് ഉണ്ടാകേണ്ടതുണ്ട്. കാരണം ഭക്ഷ്യവസ്തുക്കളില്‍ മാരകവിഷം കഴിച്ച് ജീവിക്കേണ്ടിവരുന്ന ഒരു സമൂഹമായി നമ്മള് മാറിക്കഴിഞ്ഞിരിക്കുന്നു. ശ്വാസകോശം, ഓറല്‍, ഗര്‍ഭാശയം, സ്തനങ്ങള്‍ എന്നിങ്ങനെ അര്‍ബുദബാധിതരായി ലക്ഷക്കണിക്കുപേരാണ് നമ്മുക്കിടയില്‍ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മഹാമാരിക്കെതിരേയുള്ള ബോധവത്ക്കരണം ശക്തിപ്പെടുത്തേണ്ടതുണ്ട്.
ഇന്ന് (നവംബര്‍ 7) ദേശീയ കാന്‍സര്‍ ബോധവല്‍ക്കരണ ദിനമാണ്. സര്‍ക്കാര്‍ നിരവധി പദ്ധതികളും ബോധവത്ക്കരണ പരിപാടികളുമായി രംഗത്തുണ്ട്. 2018 -ല്‍ ഇന്ത്യയില്‍ നിന്നുള്ള 15 ദശലക്ഷം ആളുകള്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്ധന് 2014 സെപ്റ്റംബറിലാണ് ആദ്യമായി ദേശീയ കാന്‍സര്‍ ബോധവല്‍ക്കരണ ദിനം പ്രഖ്യാപിച്ചത്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആളുകള്‍ക്കിടയില്‍ മരണത്തിന് കാരണമാകുന്ന രണ്ടാമത്തെ മാരകമായ രോഗമാണ് കാന്‍സര്‍. ഓരോ എട്ടു മിനിറ്റിലും ഒരു സ്ത്രീ ഗര്‍ഭാശയ അര്‍ബുദം ബാധിച്ച് മരിക്കുന്നുണ്ട്. സ്തനാര്‍ബുദം, ഓറല്‍ അറയിലെ അര്‍ബുദം എന്നിവയും സ്ത്രീകളെ ബാധിക്കുന്നു. ഓറല്‍ -ശ്വാസകോശ സംബന്ധമായ അര്‍ബുദം മൂലമാണ് പുരുഷന്മാര് മരിക്കുന്നത്. പുകയില ഉപഭോഗമാണ് പ്രധാനമായ ഒരു കാരണം.
തുടര്‍ച്ചയായ വയറിളക്കം, ചുമയ്ച്ചു തുപ്പുമ്പോള്‍ ഉമിനീരില്‍ സ്ഥിരമായി രക്തസാന്നിധ്യം, വിശദീകരിക്കാത്ത വിളര്‍ച്ച, സ്തനങ്ങളില്‍ മുഴ, മൂത്രത്തില്‍ നിറമാറ്റം, മലത്തില്‍ രക്തംസാന്നിധ്യം, വിട്ടുവിട്ടുണ്ടാകുന്ന വയറുവേദന എന്നിവ കാന്‍സറിന്റെ ലക്ഷണങ്ങളാകാം. ഇത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ വേണ്ട പരിശോധനകള്‍ നടത്താന്‍ മടിക്കരുത്. കാന്‍സര്‍ എത്രയും വേഗം കണ്ടെത്തുന്നുവോ അത്രത്തോളം നല്ലതെന്ന് ഓര്‍ക്കണം. ആരോഗ്യകരമായ ഭക്ഷണവും ഭാരവും നിലനിര്‍ത്തുന്നത് കാന്‍സറിനെതിരെ പോരാടുന്നതിന് ശരീരത്തെ പ്രാപ്തമാക്കും.
ഇമ്മ്യൂണോതെറാപ്പി, കീമോതെറാപ്പി, റേഡിയേഷന് തെറാപ്പി, ഹോര്‍മോണ്‍ തെറാപ്പി,
ടാര്‍ഗെറ്റുചെയ്ത തെറാപ്പി, സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ്, ശസ്ത്രക്രിയ, കൃത്യമായ മരുന്ന്
എന്നിവയൊക്കെയാണ് നിലവിലെ ചികിത്സാ രീതികള്‍.