അന്ന് ആ ഡി.വി.ഡി എടുക്കുകയും എന്റെ ജീവിതത്തെ മാറ്റിമറിച്ച ആ അഭിനേതാവിനെ കാണുകയും ചെയ്തിരുന്നില്ലെങ്കില്‍ ഞാന്‍ ഇവിടെ എത്തുമായിരുന്നില്ല.
അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാനെക്കുറിച്ചുള്ള മനംതൊടുന്ന കുറിപ്പുമായി ഫഹദ് ഫാസില്‍. അമേരിക്കയില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന താന്‍ ചലച്ചിത്ര ലോകത്തേക്ക് തിരികെ വരാന്‍ കാരണം ഇര്‍ഫാന്‍ ഖാന്‍ ആണെന്നും തന്റെ കരിയര്‍ അദ്ദേഹത്തിന് കടപ്പെട്ടിരിക്കുന്നുവെന്നും ഫഹദ് പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ വൈറലായ ഫഹദിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
വളരെ വര്‍ഷങ്ങള്‍ക്കു മുമ്പാണ്; സത്യംപറഞ്ഞാല്‍ എനിക്ക് വര്‍ഷം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ഞാന്‍ അമേരിക്കയില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലമായിരുന്നു എന്നേ എനിക്ക് ഇപ്പോള്‍ ഓര്‍മിക്കാനാകുന്നുള്ളൂ. ഞാന്‍ ജീവിച്ചിരുന്ന ക്യാമ്പസില്‍ ഇന്ത്യന്‍ സിനിമകള്‍ കാണാനുള്ള അവസരമുണ്ടായിരുന്നില്ല. അതിനാല്‍ സുഹൃത്ത് നികുഞ്ജും ഞാനും വാരാന്ത്യങ്ങളില്‍ ക്യാമ്പസിനടുത്തുള്ള പാകിസ്താനി ഗ്രോസറിയിലേക്ക് ഡ്രൈവ് ചെയ്തുപോയി ഇന്ത്യന്‍ ഡി.വി.ഡികള്‍ വാടകയ്ക്കെടുക്കാറുണ്ടായിരുന്നു.
അങ്ങനെയൊരു സന്ദര്‍ശനത്തിനിടയ്ക്കാണ് കടയുടമ ഖാലിദ് ഭായ് ‘യുഹ് ഹോതാ തോ ക്യാ ഹോതാ’ എന്ന സിനിമ സജസ്റ്റ് ചെയ്യുന്നത്. നസീറുദ്ദീന്‍ ഷാ സംവിധാനം ചെയ്ത ചിത്രം എന്നതാണ് അതില്‍ ഞാന്‍ ആദ്യം ശ്രദ്ധിച്ചകാര്യം. അത്തവണ ഞാന്‍ ആ ഡി.വി.ഡി എടുത്തു. അന്ന് രാത്രി, പടംതുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ സലിം രാജാബലി എന്നൊരു കഥാപാത്രം സ്‌ക്രീനിലെത്തിയപ്പോള്‍ ഞാന്‍ നികുഞ്ജിനോട് ചോദിച്ചു: ‘ആരാണീ കക്ഷി?’. ഗൗരവമായി അഭിനയിക്കുന്നവരും സ്റ്റൈലിഷ് ആയിട്ടുള്ളവരും സുന്ദരന്മാരുമായ നിരവധി അഭിനേതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. സത്യം പറഞ്ഞാല്‍ സ്‌ക്രീനില്‍ ഇത്ര ‘ഒറിജിനല്‍’ ആയി അഭിനയിക്കുന്ന ഒരാളെ ഞാന്‍ ആദ്യമായി കാണുകയായിരുന്നു. അദ്ദേഹത്തിന്റെ പേര് ഇര്‍ഫാന്‍ ഖാന്‍ എന്നായിരുന്നു.
ഞാന്‍ ശ്രദ്ധിക്കാന്‍ വൈകിയിരിക്കാമെങ്കിലും അദ്ദേഹം എത്രവലിയ പ്രതിഭയാണെന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ജുംബ ലാഹിരിയുടെ ‘ദി നെയിംസേക്ക്’ എന്ന പുസ്തകം സിനിമയാകുമ്പോള്‍ അതിലെ അശോക് എന്ന കഥാപാത്രം ഇര്‍ഫാന്‍ ഖാന്‍ ആണ് അവതരിപ്പിക്കുന്നത് എന്നറിഞ്ഞപ്പോള്‍ ഇന്ത്യന്‍ സമൂഹം വല്ലാതെ എക്സൈറ്റഡ് ആയിരുന്നു. ഒരു ജനപ്രിയ ഗാനം പോലെയായിരുന്നു ഇര്‍ഫാന്‍ ഖാന്റെ വളര്‍ച്ച. എല്ലാവരും അത് പാടുകയും അനുഭവിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ തുടര്‍ച്ചയായി കാണാന്‍ തുടങ്ങി. മിക്കപ്പോഴും സിനിമയില്‍ പറയുന്ന കാര്യങ്ങളിലുള്ള ശ്രദ്ധ നഷ്ടപ്പെടുന്നവിധത്തില്‍ ഞാന്‍ ആവേശഭരിതനായി. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, ഇര്‍ഫാന്‍ ഖാന്‍ അഭിനയിക്കുന്നുണ്ടെങ്കില്‍ പടത്തിന്റെ കഥ എനിക്കൊരു വിഷയമേ അല്ലാതായി. അഭിനയം അനായാസമാണെന്ന തോന്നലാണ് അദ്ദേഹം എന്നിലുണ്ടാക്കിയത്; അതില്‍ ഞാന്‍ കബളിപ്പിക്കപ്പെട്ടു. ഇര്‍ഫാന്‍ ഖാനെ കണ്ടെത്തുന്നതിനിടയില്‍ എഞ്ചിനീയറിംഗ് പഠനം ഉപേക്ഷിച്ച് ഇന്ത്യയിലേക്കു മടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു; എന്തിനെന്നോ, സിനിമയില്‍ അഭിനയിക്കാന്‍!
കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഞാന്‍ അഭിനയിക്കുകയോ അതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയോ ആണ്. ഞാന്‍ ഒരിക്കലും ഇര്‍ഫാന്‍ ഖാനെ നേരിട്ടു കണ്ടിട്ടില്ല. എങ്കിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച അഭിനേതാക്കളുമായും സിനിമാ പ്രവര്‍ത്തകരുമായും സഹകരിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. വിശാല്‍ ഭരദ്വാജുമായി സംസാരിച്ചപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് ‘മഖ്ബൂലി’നെക്കുറിച്ചാണ്. സുഹൃത്ത് ദുല്‍ഖര്‍ സല്‍മാന്‍ ഇര്‍ഫാനൊപ്പം ഞങ്ങളുടെ നാട്ടില്‍ ഷൂട്ട് ചെയ്യുമ്പോള്‍ പോലും, തിരക്കുകള്‍ കാരണം എനിക്കദ്ദേഹത്തെ കാണാനായില്ല. തിരക്കുപിടിച്ച് അദ്ദേഹത്തെ ചെന്നു കാണാന്‍ എനിക്ക് കാരണവും ഉണ്ടായിരുന്നില്ല. ഇന്ന്, അദ്ദേഹവുമായി ഹസ്തദാനം നടത്തുകപോലും ചെയ്തില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ഖേദിക്കുന്നു. ഞാന്‍ ബോംബെയില്‍ പോയി അദ്ദേഹത്തെ കാണേണ്ടതായിരുന്നു.