in ,

ഇറ്റലിയില്‍ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരുമായി അടുത്തു സഹകരിച്ചെന്നു സംശയിക്കുന്ന 14 പേര്‍ നിരീക്ഷണത്തില്‍ ഇതില്‍ 3 പൊലീസുകാരും ബന്ധുക്കളും

Share this story

ഇറ്റലിയില്‍ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരുമായി അടുത്തു സഹകരിച്ചെന്നു സംശയിക്കുന്ന 14 പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ മൂന്നു പൊലീസുകാരും ഉള്‍പ്പെടുന്നു. മകന്റെ ഇറ്റലിയിലെ പെര്‍മിറ്റ് പുതുക്കുന്നതിനും മറ്റുമായി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി കുടുംബം പത്തനംതിട്ട എസ്പി ഓഫിസിലെത്തി അപേക്ഷ നല്‍കിയിരുന്നു.
ഇതിന്റെ ഭാഗമായി സ്‌പെഷല്‍ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവരുടെ റാന്നിയിലെ വീട്ടിലെത്തി അന്വേഷണവും നടത്തിയിരുന്നു. ഈ പൊലീസുകാരാണ് നിരീക്ഷണത്തിലുള്ളത്. നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ ഇവരെ കോട്ടയത്തുള്ള ബന്ധുക്കളാണ് വിമാനത്താവളത്തില്‍ നിന്നു കൂട്ടിക്കൊണ്ടു റാന്നിയിലെ വീട്ടിലെത്തിച്ചത്. ഈ കുടുംബവും നിരീക്ഷണത്തിലാണ്. ഇവര്‍ പുനലൂരില്‍ ബന്ധുവീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തുവെന്നുള്ള സൂചനകളുമുള്ളതിനാല്‍ ഇതും ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
ദോഹയില്‍നിന്ന് ക്യൂആര്‍ 514 വിമാനത്തിലാണ് ഫെബ്രുവരി 29ന് കുടുംബം കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍നിന്ന് ടാക്‌സിയിലാണ് ഇവര്‍ നാട്ടിലേക്കു പോയത്. അന്ന് ടാക്‌സി ഓടിച്ചിരുന്ന ഡ്രൈവറെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കലക്ടര്‍ എസ്. സുഹാസാണ് കുടുംബത്തിന്റെ ടാക്‌സി യാത്രയെക്കുറിച്ചു പ്രതികരിച്ചത്.
ഫെബ്രുവരി 29ന് നാട്ടിലെത്തിയ കുടുംബം മാര്‍ച്ച് ആറുവരെയുള്ള കാലയളവില്‍ സന്ദര്‍ശനം നടത്തിയ ഇടങ്ങളിലെല്ലാം അന്വേഷണം നടത്തും. ഇവിടങ്ങളില്‍ കുടുംബം ബന്ധപ്പെട്ടവരുടെ പട്ടിക തയാറാക്കി തുടങ്ങി. ദമ്പതികളുടെ വൃദ്ധമാതാപിതാക്കള്‍ക്കും രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തിയാണ് ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. പത്തനംതിട്ടയില്‍ പൊതുപരിപാടികള്‍ ഉള്‍പ്പെടെ റദ്ദാക്കി അതീവ ജാഗ്രതയിലാണ്. 2020 മാര്‍ച്ച് 13 മുതല്‍ 16 വരെ പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്താനിരുന്ന പത്തനംതിട്ട കാത്തലിക് കണ്‍വന്‍ഷന്‍ മാറ്റി വച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍ 0468 2228220

ഉറക്കക്കുറവ് മുടികൊഴിച്ചിലുണ്ടാക്കും

കൊറോണ വിവരങ്ങള്‍ മറച്ചുവച്ചാല്‍ കര്‍ശന നടപടി,? രോഗലക്ഷണമുള്ളവര്‍ അധികൃതരെ വിവരം അറിയിക്കണമെന്ന് പൊലീസ്: റാന്നിയില്‍ അതീവ ജാഗ്രത