in , ,

ഇല്ലാത്ത ശബ്ദം കേള്‍ക്കുന്നുണ്ടോ? കളിയാക്കലല്ല, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയാണ് പ്രധാനം

Share this story

മാനസികാരോഗ്യമെന്നത് ഏതൊള്‍ക്കും ജീവിതത്തില്‍ നിര്‍ണ്ണായകമാണ്. പ്രശ്‌നങ്ങളുടെ ആധിക്യമോ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയാത്തതോ അപ്രതീക്ഷിത തിരിച്ചടികളോ ദുരന്തങ്ങളോ അങ്ങനെ എന്തും നമ്മെ മാനസിക സംഘര്‍ഷങ്ങളിലേക്കും മാനസിക പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. മാനസികമായ വെല്ലുവിളി എന്നത് പെട്ടെന്നു സുപ്രഭാതത്തില്‍ ഉണ്ടായി വരുന്നതായിരിക്കില്ല. ഒരാളില്‍ ക്രമേണ ക്രമേണയായി ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം. അത് ചുറ്റുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും ശരിയായി മനസിലാക്കുക എന്നതാണ് പരമപ്രധാനം. ആദ്യമേ തന്നെ ഇവ തിരിച്ചറിയാനാകുകയും കൃത്യമായ ചികിത്സ നല്‍കാനുമായാല്‍ ഇത്തരം വെല്ലുവിളി നേരിടുന്നവരെ എളുപ്പത്തില്‍ ജീവിതത്തിലേക്കു തിരികെ എത്തിക്കാനാകും.

പലര്‍ക്കും തുടക്കഘട്ടത്തില്‍ തന്നെയാണെങ്കില്‍ മികച്ച കൗണ്‍സിലിലൂടെയോ ചെറിയ മരുന്നുകള്‍കൊണ്ടോ എളുപ്പത്തില്‍ സുഖപ്പെടുത്താനുമാകും. ലക്ഷണങ്ങള്‍ മനസിലായാല്‍ അവരെ പറഞ്ഞുബോധ്യപ്പെടുത്തി എത്രയും വേഗം ഒരു മാസികാരോഗ്യവിദ്ധരുടെ മുന്നിലെത്തിക്കുക എന്നതാണ് പ്രധാനം. ഇത്തരക്കാരെ കളിയാക്കാനോ അവരോട് ദ്വേഷ്യപ്പെടാനോ നില്‍ക്കാതെ സമാധാനപരമായി ഇടപെട്ട് അവരില്‍ വിശ്വാസം നിറച്ച് ചികിത്സയ്ക്ക് വിധേയരാക്കാന്‍ ബന്ധുക്കളും മറ്റും കഴിയണം.

ജീവിതത്തിലെ സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരാജയപ്പെടുന്നിടത്താണ് മാനസികവെല്ലുവിളികളുടെ തുടക്കം. മറ്റെന്തിന്റെയെങ്കിലും പുറത്ത് പഴിചാരാനും ആശ്വസിക്കാനും മനസ് ശ്രമിച്ചുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ വെല്ലുവിളി നേരിടുന്നവര്‍ പതിയെ ഇതൊക്കെക്കൊണ്ടാണ് ഇങ്ങനെ എന്ന മട്ടില്‍ ഇല്ലാത്ത കാര്യങ്ങള്‍ കണ്ടെത്താന്‍ തുടങ്ങും. കേള്‍ക്കാത്ത ശബ്ദം കേള്‍ക്കുന്നതായി തോന്നുന്നതും എന്തോക്കെയോ ദുരൂഹതകള്‍ തനിക്കു ചുറ്റിനും നടക്കുന്നുണ്ടെന്നുമൊക്കെ മനസ് ചിന്തിച്ചു തുടങ്ങും.

കുട്ടിക്കാലം, കൗമാരം, യൗവ്വനം തുടങ്ങി ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സംഭവിച്ച അനുഭവങ്ങളുടെ പശ്ഛാത്തലത്തിലായിരിക്കും ആ സമയത്ത് ചിന്തകള്‍ രൂപപ്പെടുക. അവരത് ക്രമേണ പുറത്തുകാട്ടിത്തുടങ്ങും. ചുറ്റിനുമുള്ളവര്‍ അതെല്ലാം തമാശയായി എടുക്കുകയോ കാര്യമാക്കാതെയോ വിടുകയോ ചെയ്യരുത്. ആശങ്കയോടെ അവര്‍ പങ്കുവയ്ക്കുന്ന പല കാര്യങ്ങളെയും നമ്മള്‍ നിസ്സാരമായി തള്ളിക്കളയുന്നിടത്താണ് യാഥാര്‍ത്ഥ പ്രശ്‌നം. ഇങ്ങനെ ഉണ്ടാകാന്‍ പാടില്ല.

മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ക്ക് നിരവധി ഘടകങ്ങള്‍ കാരണമാകാറുണ്ട്.
ജീനുകള്‍ അല്ലെങ്കില്‍ മസ്തിഷ്‌ക രസതന്ത്രം പോലുള്ള ജീവശാസ്ത്രപരമായ ഘടകങ്ങള്‍, ദുരുപയോഗം പോലുള്ള ജീവിതാനുഭവങ്ങള്‍,
മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ കുടുംബ ചരിത്രം എന്നിവയെല്ലാം മാനസിക വെല്ലുവിളിയുടെ ഘടകങ്ങളാണ്.

മികച്ച ചികിത്സയിലൂടെ മാത്രമേ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ആളുകള്‍ക്ക് മെച്ചപ്പെടാനും പൂര്‍ണ്ണമായും സുഖം പ്രാപിക്കാനും കഴിയുകയുള്ളൂ. പൂജകളോ മറ്റ് വിശ്വാസങ്ങളോ കൊണ്ടു സുഖപ്പെടുത്താവുന്ന ഒന്നല്ല മാനസികവെല്ലുവിളി. അതെല്ലാം അന്ധമായ തരത്തിലല്ലാതെ, ചികിത്സയ്‌ക്കൊപ്പം നടത്തുന്നതില്‍ തെറ്റില്ലെങ്കിലും മാനസികാരോഗ്യ വിദഗ്ധന്റെ നിര്‍ദ്ദേശങ്ങളാണ് ഇക്കാര്യത്തില്‍ പ്രധാനം.

ചിലര്‍ പതിവില്ലാതെ അമിതമായി ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ ചെയ്യുന്നു.
പൊതുവായി ആളുകളും ബന്ധുക്കളും ഒത്തുകൂടുന്നിടത്തു നിന്നും ഒഴിവാകുകയോ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയോ ചെയ്യും. ശാരീരിക ഊര്‍ജ്ജം നഷ്ടപ്പെട്ട മട്ടിലോ എല്ലാറ്റിലും മടുപ്പും മരവിപ്പും പ്രകടമാക്കുകയും ചെയ്യുക,
വിശദീകരിക്കാനാവാത്ത വേദനയും നിസ്സഹായതയും നിരാശയും പ്രകടിപ്പിക്കുക എന്നിവയും ലക്ഷണങ്ങളായി വിദഗ്ധര്‍ പരിഗണിക്കുന്നു.

പതിവിലും കൂടുതല്‍ പുകവലി, മദ്യപാനം അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗം എന്നിവയിലേക്കും മാറിത്തുടങ്ങും. ആശയക്കുഴപ്പം, വിസ്മൃതി, ദേഷ്യം, അസ്വസ്ഥത, ഉത്കണ്ഠ എന്നിവയും കാട്ടിത്തുടങ്ങും. എല്ലാറ്റിനോടും ഭയപ്പാട്, എല്ലാവരോടും അതീവ ദ്വേഷ്യം കാട്ടുക എന്നിവയും ലക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടും.

നിരന്തരമായ ചിന്തകളും ഓര്‍മ്മകളും അവരെ അലട്ടിക്കൊണ്ടിരിക്കുന്നതിനാല്‍ എന്തിന്റെയെങ്കിലും ശബ്ദം കേട്ടുകൊണ്ടിരിക്കുന്നതായും അത് അവരെ അസ്വസ്ഥപ്പെടുത്തുന്നതായും പ്രകടിപ്പിച്ചേക്കും. സത്യമല്ലാത്ത കാര്യങ്ങള്‍ വിശ്വസിക്കുകയോ പറയുകയോ ചെയ്യുക, ദൈനംദിന ജോലികള്‍ ചെയ്യാനുള്ള ഊര്‍ജ്ജം നഷ്ടപ്പെടുക, കുട്ടികളുടെ പരിപാലനമോ ജോലിക്കാര്യത്തിലോ ഒക്കെ ശ്രദ്ധയില്ലാതാകുക എന്നിവയും സ്‌നേഹിക്കുന്നവരേയോ ചുറ്റുമുള്ളവരേയോ അപായപ്പെടുത്തണമെന്ന ചിന്ത വരെ അവരില്‍ അനുഭപ്പെട്ടേക്കാം.

ഇതെല്ലാം പൂര്‍ണ്ണമായും മാനസികാരോഗ്യ പ്രശ്‌നങ്ങളെന്ന മട്ടില്‍ എടുക്കാതെ ഇവയെല്ലാം ലക്ഷണങ്ങളായി കണക്കാക്കുകയും അവര്‍ക്ക് വേണ്ട മാനസിക പിന്തുണ നല്‍കി ചികിത്സയിലേക്കു നയിക്കുകയുമാണ് വേണ്ടത്. ചിലപ്പോള്‍ ഡോക്ടറെ കാണാനോ, ചികിത്സിക്കാനോ അവര്‍ സമ്മതിച്ചെന്നുവരില്ല. സമൂഹം തന്നെ എങ്ങനെ കാണുമെന്ന ആശങ്കയാകും അവരെ അതിനുപ്രേരിപ്പിക്കുക. അപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ക്കോ ബന്ധുക്കളോ അവര്‍ക്ക് ആശ്വാസം പകരാനാകണം. അവരെ നമ്മള്‍ സ്‌നേഹിക്കുന്നുണ്ടെന്നു ബോധ്യപ്പെടുത്തുകയും ക്രമേണ അവര്‍ക്ക് നമ്മളില്‍ വിശ്വാസം തോന്നിപ്പിക്കുന്നവിധത്തില്‍ അവരെ ആശ്വസിപ്പിക്കാനാകണം. ചുറ്റുമുള്ളവര്‍ക്ക് അവരില്‍ പോസിറ്റീവ് എനര്‍ജി പകരാനാകണം. ആദ്യഘട്ടത്തില്‍ തന്നെ മികച്ച ചികിത്സ ഉറപ്പാക്കുകയാണ് മാനസികവെല്ലുവിളിക്ക് ഏക പരിഹാരമെന്നും ഓര്‍ക്കുക.

കുട്ടികളെ വ്യായാമം ശീലിപ്പിക്കൂ… എല്ലുകളുടെ ബലം കൂടട്ടെ…!!!

കോവിഡ് കാലത്ത് നമ്മുടെ ഭൂമി ആരോഗ്യം വീണ്ടെടുക്കുമോ?