spot_img
spot_img
HomeEditor's Picksഉന്മാദവും നിരാശയും: ബൈപോളാര്‍ അവസ്ഥയെ തിരിച്ചറിയണം

ഉന്മാദവും നിരാശയും: ബൈപോളാര്‍ അവസ്ഥയെ തിരിച്ചറിയണം

മാനസികവെല്ലുവിളി നേരിടുന്നവരുടെ എണ്ണം ലോകത്തിലാകമാനം വര്‍ദ്ധിച്ചുവരികയാണ്. അണുകുടുംബങ്ങളിലേക്കുള്ള സാമൂഹികമാറ്റം, പരസ്പരമുള്ള ആത്മബന്ധങ്ങളുടെ കുറവ് എന്നിവ ജീവിത പ്രതിസന്ധികളെ നേരിടുന്നതിനെ ബാധിക്കുന്നുണ്ട്. ചെറിയ പ്രശ്‌നങ്ങള്‍ പോലും ഉള്ളുതുറന്ന് സംസാരിക്കാനാകാത്തവിധം കുടുംബാന്തരീക്ഷം മാറിക്കഴിഞ്ഞു. ഇതെല്ലാം മാനസികമായ വെല്ലുവിളികളിലേക്ക് തള്ളിവിടുകയാണ്. ഒപ്പം ഇതേക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളും മാറേണ്ടതുണ്ട്.

ഉന്മാദവും നിരാശയും ഇടകലര്‍ന്നുള്ള അവസ്ഥയാണ് ബൈപോളാര്‍ ഡിസോഡറെന്നു പറയാം. എപ്പോഴും കര്‍മ്മനിരതരായി ഇരിക്കുന്നഘട്ടത്തില്‍ നിന്നും നിരാശയിലേക്കു കൂപ്പുകുത്താനും തിരിച്ചുവരാനും കഴിയുന്ന അവസ്ഥ. തങ്ങളുടെ കഴിവില്‍ അമിതമായ ആത്മവിശ്വാസത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉറക്കംപോലും നഷ്ടപ്പെടുത്തിയേക്കും. മറ്റുള്ളവര്‍ ഉറങ്ങുമ്പോഴും തങ്ങളുടെ നിരവധി പ്രവര്‍ത്തനങ്ങളും ജോലിയും ചെയ്തുകൊണ്ട് ഇത്തരക്കാര്‍ കര്‍മ്മനിരതരാകും. ക്ഷീണമെന്നത് തോന്നാത്ത അവസ്ഥയിലൂടെയും കടന്നുപോകാം.

എന്നാല്‍ വികാരങ്ങളുടെ വേലിയേറ്റവും ഇറക്കവുമെല്ലാം മനസിനെ കലുഷിതമാക്കുന്നതിനാല്‍ ശരിയായ തീരുമാനം എടുക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടുതന്നെ പെട്ടെന്നു പ്രകോപിതരായിത്തീരും. അടുപ്പമുള്ളവരോടുപോലും പരുഷമായി പെറുമാറുക പതിവായിത്തീര്‍ന്നേക്കാം. നിരാശയില്‍ ആണ്ടുപോയാല്‍ നേരെ വിപരീതമായ അവസ്ഥയും പെരുമാറ്റവുമാകും ഉണ്ടാകുക. എന്നാല്‍ ശരിയായ ചികിത്സ നല്‍കാതെപോകുന്നതും അസുഖം തിരിച്ചറിയാതെ പോകുന്നതുമാണ് വെല്ലുവിളിയായിത്തീരുന്നത്.

സങ്കടം, കോപം, ഉത്കണ്ഠ, നിസ്സംഗത, ഭയം, ഉല്ലാസം, അസംതൃപ്തി, കുറ്റബോധം, നിരാശ, താല്‍പര്യം നഷ്ടപ്പെടല്‍, അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങളില്‍ അമിത താല്‍പ്പര്യം എന്നിവയൊക്കെ പ്രകടമാക്കുന്ന രീതിയിലുള്ള വ്യതിയാനമാണ് പ്രധാന ലക്ഷണങ്ങളില്‍ പെടുന്നത്. അനാവശ്യ ചിന്തകള്‍, ക്ഷീണം അല്ലെങ്കില്‍ വേഗതയേറിയതും ഉന്മേഷദായകവുമായ സംസാരവും വരെ ഇതില്‍ ഉള്‍പ്പെടുന്നു.

ബൈപോളാര്‍ ഡിസോര്‍ഡറിന്റെ യഥാര്‍ത്ഥ കാരണം അറിവായിട്ടില്ല. പക്ഷേ ജനിതകശാസ്ത്രം, പരിസ്ഥിതി, മസ്തിഷ്‌ക ഘടനയിലെ മാറ്റം എന്നിവയെല്ലാം കൂടിച്ചേര്‍ന്നുള്ള കാരണങ്ങളാണ് ശാസ്ത്രലോകം ഇക്കാര്യത്തില്‍ നിരത്തുന്നത്. എന്നാല്‍ മെഡിക്കല്‍ രോഗനിര്‍ണയത്തിലൂടെ മാത്രമേ രോഗസ്ഥിതീകരണം ഉറപ്പാക്കാനാകൂ.

- Advertisement -

spot_img
spot_img

- Advertisement -