- Advertisement -Newspaper WordPress Theme
HEALTHഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്തും: മന്ത്രി കെ.കെ. ശൈലജ

ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്തും: മന്ത്രി കെ.കെ. ശൈലജ

കേരളത്തില്‍ ഇനിമുതല്‍ പ്രതിദിന ഓക്സിജന്‍ ഓഡിറ്റ്

തിരുവനന്തപുരം : കോവിഡ്-19 ചികിത്സയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ച് പ്രതിദിന ഓക്സിജന്‍ ഓഡിറ്റ് നടത്തിയാണ് തുടര്‍ച്ചയായുള്ള ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നത്. ആഗോള തലത്തിലുള്ള സ്ഥിതിവിവര കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കോവിഡ് രോഗത്തോടനുബന്ധിച്ചുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് രോഗിയുടെ രക്തത്തിലെ ഓക്സിജന്‍ അളവ് കുറയുന്നതായാണ് റിപ്പോര്‍ട്ട്. ഇത് രോഗിയെ അപകടാവസ്ഥയിലേക്ക് കൊണ്ടുപോകും. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യാനുസരണം ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വികരിച്ചത്. സംസ്ഥാനത്ത് കോവിഡ് ചികിത്സക്കായി 7.63 മെട്രിക്ക് ടണ്‍ ഓക്സിജന്‍ ആവശ്യമെന്നിരിക്കെ 177 മെട്രിക്ക് ടണ്‍ ഓക്സിജന്‍ വിവിധ സംവിധാനങ്ങള്‍ വഴി ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ്-19 രോഗബാധിതരില്‍ വെന്റിലേറ്റര്‍ ചികിത്സയിലുള്ളവര്‍, വാര്‍ഡുകളിലും മറ്റ് അനുബന്ധ മേഖലകളിലും ഓക്സിജന്റെ സഹായത്തോടെ ചികിത്സയിലിരിക്കുന്നവര്‍, ആശുപത്രികളില്‍ നിലവില്‍ ലഭ്യമായ ഓക്സിജന്റെ അളവ് എന്നിവയാണ് പ്രതിദിന ഓക്സിജന്‍ ഓഡിറ്റില്‍ വിശകലനം ചെയ്യുന്നത്. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍ വരെയും, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും ഓക്സിജന്‍ സിലിണ്ടറുകള്‍ വിന്യസിക്കുന്നതിനോടോപ്പം ആംബുലന്‍സുകളിലും പ്രത്യേകമായി ഓക്സിജന്‍ സിലിണ്ടറുകള്‍ ക്രമീകരിക്കും.

കോവിഡ് ചികിത്സക്ക് ശേഷം ഗാര്‍ഹിക ചികിത്സയിലോ ഇതര ചികിത്സാ മേഖലയിലോ കഴിയുന്നവര്‍ക്ക് രക്തത്തിലെ ഓക്സിജന്‍ അളവ് പരിശോധിച്ച് ഉറപ്പാക്കാന്‍ 21,000 ഫിംഗര്‍ ടിപ്പ് പള്‍സ് ഓക്സീമീറ്ററുകള്‍ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ കോവിഡ് ആശുപത്രികളില്‍ 600 ഡെസ്‌ക്ടോപ്പ് പള്‍സ് ഓക്സീമീറ്റര്‍, വിവിധ തരത്തിലുള്ള 2004 വെന്റിലേറ്ററുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് ആരോഗ്യ സംവിധാനം സുസജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme