കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം നടത്തിയ വന്‍ ലഹരിമരുന്നു വേട്ടയ്ക്കു പിന്നാലെ അന്വേഷണം ചലച്ചിത്ര മേഖലയിലേക്കും. ചില പ്രമുഖ സംഗീതജ്ഞരും നടന്മാരും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നിരീക്ഷണത്തിലാണെന്നാണ് സൂചന. ബെംഗളൂരുവിലെ കല്യാണ്‍ നഗറിലുള്ള റോയല്‍ സ്യൂട്ട്‌സ് ഹോട്ടലില്‍നിന്ന് ഈ മാസം 21ന് 145 എക്സ്റ്റസി അഥവാ എംഡിഎംഎ ഗുളികകളും 2.20 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു.
ലഹരിമരുന്നു വിതരണവുമായി ബന്ധപ്പെട്ട് കെ.റഹ്മാന്‍ എന്നയാളെ ഫെഡറല്‍ നാര്‍ക്കോട്ടിക്‌സ് ഏജന്‍സി ഈ മാസം ആദ്യം അറസ്റ്റു ചെയ്തിരുന്നു.തന്റെ കോളജിലെയും സമീപത്തെയും വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ വിതരണം ചെയ്തിരുന്നത് ഇയാളായിരുന്നെന്ന് എന്‍സിബി അറിയിച്ചു. ലഹരിമരുന്നിനുള്ള ഓര്‍ഡര്‍ ഓണ്‍ലൈനായി സ്വീകരിച്ചിരുന്ന ഇയാള്‍ പ്രതിഫലം ബിറ്റ്‌കോയിനായാണ് വാങ്ങിയിരുന്നത്. ലഹരിമുരുന്നു കടത്തു സംഘത്തിന്റെ ഭാഗമായ ദമ്പതിമാരെ എന്‍സിബി കുറച്ചുനാള്‍ മുമ്പ് മുംബൈയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ലഹരിമരുന്നു റാക്കറ്റിലെ പ്രധാനിയായ ഒരു സ്ത്രീയുടെ വീട്ടില്‍നിന്ന് 270 എംഡിഎംഎ ഗുളികകളാണ് കണ്ടെത്തിയത്. കേസില്‍ എം.അനൂപ്, ആര്‍.രവീന്ദ്രന്‍, ഡി.അനിഖ എന്നിവര്‍ അറസ്റ്റിലായിരുന്നു. ചില പ്രമുഖ സംഗീതജ്ഞരും നടന്മാരുമടക്കമുള്ള ഉന്നതര്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവാക്കള്‍ക്കും ഇവര്‍ ലഹരിമരുന്ന് എത്തിച്ചിരുന്നതായാണ് വിവരം.ഇവരില്‍ പലരും നിരീക്ഷണത്തിലാണ്.