in , ,

കുട്ടികള്‍ ആഹാരം കഴിക്കുന്നില്ലെന്ന് പരാതിയുണ്ടോ? അവരെ ‘കുക്കറി ഷോകള്‍’ കാണിക്കൂ….

Share this story

കുട്ടികളിലെ ഭക്ഷണ ശീലങ്ങളില്‍ വലിയ മാറ്റമുണ്ടാകുമെന്ന് പഠനം

ഭക്ഷണം കഴിക്കുന്നതില്‍ മടിയുള്ള കുട്ടികളെപ്പറ്റി ഭൂരിപക്ഷം രക്ഷിതാക്കളും പരാതി പറയാറുണ്ട്. എത്ര നല്ല രുചികരമായ ഭക്ഷണം ഉണ്ടാക്കി നല്‍കിയാലും കുട്ടികള്‍ ആഹാരം കഴിക്കുന്നതില്‍ മടി കാട്ടാറുമുണ്ട്. ഈ സ്വഭാവം മാറ്റിയെടുക്കാന്‍ ഒരു എളുപ്പവഴിയുണ്ടെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.

കുട്ടികളുടെ മുന്നിലിരുന്ന് നിങ്ങള്‍ ടിവിയിലെ ‘കുക്കറിഷോകള്‍’ കാണുക. അല്ലെങ്കില്‍ യുട്യൂബിലും മറ്റുമുള്ള പാചകവീഡിയോകള്‍ കാണുകയും കുട്ടികളുടെ ശ്രദ്ധ അതിലേക്കു തിരിക്കുകയും ചെയ്തു നോക്കുക. പതിയെപ്പതിയെ പിള്ളാര്‍ ആഹാരശീലങ്ങളിലേക്കു വരുമെന്നാണ് ജേണല്‍ ഓഫ് ന്യൂട്രീഷന്‍ എഡ്യൂക്കേഷന്‍ ആന്റ് ബിഹേവിയറിലെ ഒരു പുതിയ പഠനത്തിലെ കണ്ടെത്തല്‍. മാത്രമല്ല കുട്ടികള്‍ ഇരട്ടിയിലധികം ആഹാരം കഴിക്കുമെന്നും അവര്‍ കണ്ടെത്തി.

ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടെലിവിഷന്‍ പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. പാചക ഷോ കണ്ട കുട്ടികള്‍ ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതിന് 2.7 മടങ്ങ് കൂടുതല്‍ സാധ്യതയുള്ളതായി കണ്ടെത്തി.

നെതര്‍ലാന്‍ഡിലെ അഞ്ചു സ്‌കൂളുകളില്‍ 5 മുതല്‍ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികളോട് കുട്ടികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഡച്ച് പബ്ലിക് ടെലിവിഷനിലെ പാചക പരിപാടിയുടെ 10 മിനിറ്റ് കാണാന്‍ ഗവേഷകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പങ്കെടുത്തതിന്റെ പ്രതിഫലമായി അവര്‍ക്ക് ലഘുഭക്ഷണം വാഗ്ദാനം ചെയ്തു. ആരോഗ്യകരമായ പ്രോഗ്രാം കണ്ട കുട്ടികള്‍ ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു. ചിപ്‌സുകള്‍, ഒരു പിടി ഉപ്പിട്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ ഒഴിവാക്കിയ കുട്ടികള്‍ ആപ്പിള്‍, വെള്ളരി കഷണങ്ങള്‍ തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമാകാത്ത ഭക്ഷണങ്ങള്‍ തെരെഞ്ഞെടുത്തു. പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ക്കാണ് കുട്ടികള്‍ മുന്‍ഗണന നല്‍കിയത്.

ഈ പഠനത്തില്‍ നിന്നുള്ള കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് കുട്ടികളുടെ ഭക്ഷണ സംബന്ധിയായ മുന്‍ഗണനകള്‍, മനോഭാവങ്ങള്‍, പെരുമാറ്റങ്ങള്‍ എന്നിവയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാന്‍ പാചക പരിപാടികള്‍ക്കു കഴിഞ്ഞൂവെന്നതാണെന്ന്് നെതര്‍ലാന്‍ഡിലെ ടില്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകനായ ഫ്രാന്‍സ് ഫോക്ക്വോര്‍ഡ് പറഞ്ഞു.

പാചകപരിപാടികളിലൂടെ കണ്ടവ രക്ഷിതാക്കള്‍ പരീക്ഷിക്കുകയും പാചകത്തില്‍ അഭിപ്രായം പറയാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കുകയും ചെയ്താല്‍ കുട്ടികളിലെ ഭക്ഷണ ശീലങ്ങളില്‍ വലിയ മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്. ഭക്ഷണം നന്നായി ആസ്വദിച്ച് കഴിക്കാനും കുട്ടികള്‍ പഠിക്കും. സിനിമയും കാര്‍ട്ടൂണുകളും മാത്രം കാണാനുള്ള ശീലത്തില്‍ നിന്നും പാചക പരിപാടികള്‍ കാണാനുള്ള അവസരവുമൊരുക്കിയാല്‍ കുട്ടികള്‍ ഭക്ഷണം കഴിക്കില്ലെന്ന പരാതിക്ക് അറുതിവരുമെന്ന് ചുരുക്കം.

ലോക്ഡൗണ്‍ കാലത്തെ മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നത് വളര്‍ത്തുമൃഗങ്ങള്‍

കോവിഡ് 19: സ്‌കൂള്‍ – കോളജ് വിദ്യാര്‍ത്ഥികളുടെ ആശങ്ക കൂട്ടിയെന്ന് പഠനം