in , , ,

കുള്ളനെന്നു വിളിച്ച് സഹപാഠികളുടെ പരിഹാസം താങ്ങാനാവാതെ ‘തന്നെ ആരെങ്കിലുമൊന്ന് കൊന്ന് തരൂ’ എന്ന് കണ്ണീരോടെ വിദ്യാര്‍ത്ഥി

Share this story

ബുള്ളിയിംഗ് എന്ന പ്രയോഗം നമ്മള്‍ പലപ്പോഴായി കേള്‍ക്കാറുണ്ട്. സൈബര്‍ ബുള്ളിയിംഗ് ആണ് പലപ്പോഴും നമ്മള്‍ കേട്ടിട്ടുള്ളത്. നമ്മളില്‍ പലരും പലപ്പോഴും ബുള്ളിയിംഗ് നടത്തുകയോ അതിന് ഇരയാവുകയോ ചെയ്തിട്ടുണ്ട്. പൊക്കത്തിനെയും വണ്ണത്തിനെയും മറ്റ് ശാരീരിക, മാനസിക, സാമ്പത്തിക, കുടുംബ അവസ്ഥകളെയൊക്കെ പലപ്പോഴും പലരും ‘പരിഹസിക്കാറുണ്ട്’. തമാശയെന്നും പരിഹാസം എന്നുമൊക്കെ അലസമായി നമ്മള്‍ വിശേഷിപ്പിച്ച് തള്ളിക്കളയുന്ന ബുള്ളിയിംഗ് അതിന് ഇരയാവുന്ന ആള്‍ക്ക് എത്രത്തോളം മനസികാഘാതം ഉണ്ടാക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ ഈ വീഡിയോ കാണണം.

സഹപാഠികളില്‍ നിന്ന് ബുള്ളിയിംഗിന് ഇരയായ ക്വാഡന്‍ എന്ന 9കാരന്റെ വീഡിയോ അവന്റെ അമ്മ യരാഖ ബെയില്‍സ് തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലാണ് സംഭവം. വീഡിയോയില്‍ കരഞ്ഞു കൊണ്ട് ക്വാഡന്‍ പറയുന്നത്, ‘എനിക്കൊരു കയര്‍ തരൂ, ഞാന്‍ ആത്മഹത്യ ചെയ്യട്ടെ’ എന്നാണ്. 9 വയസ്സുകാരനായ ഒരു കുഞ്ഞ് ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്നിടത്തോളം ഗൗരവമുള്ളതാണ് ബുള്ളിയിംഗ്. തന്റെ കൂട്ടുകാര്‍ കുള്ളനെന്നു വിളിച്ച് തന്നെ കളിയാക്കുകയാണെന്നാണ് ക്വാഡന്‍ കരഞ്ഞു കൊണ്ട് അമ്മയോട് പറയുന്നത്. ‘കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണമെ’ന്നും ക്വാഡന്‍ പറയുന്നു.

പഠിക്കാനും അല്പം ഉല്ലാസത്തിനും വേണ്ടിയാണ് എന്റെ മകന്‍ സ്‌കൂളില്‍ പോകുന്നത്. പക്ഷേ, എന്നും എന്തെങ്കിലുമൊക്കെ സംഭവിക്കുന്നു. ആരെങ്കിലുമൊക്കെ അവനെ പരിഹസിക്കുന്നു. മകന്റെ സങ്കടം ഞങ്ങളുടെ കുടുംബത്തെ അതിയായി വേദനിപ്പിക്കുന്നു. ഇത്തരത്തിലുള്ള പരിഹാസം എങ്ങനെയാണ് ഒരു കുഞ്ഞിനെ തകര്‍ക്കുന്നതെന്ന് മനസ്സിലാക്കണം.’- വീഡിയോയിലൂടെ അമ്മ പറയുന്നു.

വീഡിയോ 134,000ലധികം തവണ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെപ്പെട്ടു. ഇതോടെ നിരവധി ആളുകള്‍ ക്വാഡന് പിന്തുണ അര്‍പ്പിച്ചും സ്‌നേഹം പങ്കുവെച്ചും രംഗത്തെത്തി. ഓസ്‌ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങളും ക്വാഡന് പിന്തുണ അര്‍പ്പിച്ചു. തങ്ങളുടെ മല്‍സരം വീക്ഷിക്കാന്‍ റഗ്ബി ടീം ക്വാഡന് ഔദ്യോഗിക ക്ഷണമയക്കുകയും ചെയ്തു.

ബുള്ളിയിംഗ് എത്രത്തോളം ഭീകരമാണെന്ന് നമ്മള്‍ മനസ്സിലാക്കണം. മക്കളോട് അത് പറഞ്ഞു മനസ്സിലാക്കണം. മാനസികാഘാതം നിസ്സാരമല്ല. തള്ളിക്കളയേണ്ടതുമല്ല. ഈ ലോകം ഒരു മികച്ച ഇടമാക്കുന്നതിനായി നമുക്ക് പരിശ്രമിക്കാം.

ലൂപ്പ്‌സ് രോഗികള്‍ക്ക് കൈത്താങ്ങായി ലുപ്പസ് ട്രസ്റ്റ് ഇന്ത്യ

സൂററ്റില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ വനിതാ ട്രെയിനി ക്ലര്‍ക്കുകളെ നഗ്‌നരാക്കി പരിശോധന നടത്തി