in ,

കൊറോണ വൈറസ്; എടുക്കേണ്ട മുന്‍കരുതലുകള്‍ ഇങ്ങനെ

Share this story

കൊറോണ വൈറസ് രാജ്യത്താദ്യമായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അത്ര ഭയപ്പെടേണ്ടതാണോ കൊറോണയെന്ന് നമുക്ക് പരിശോധിക്കാം. സാര്‍സ്, മെര്‍സ് കൊറോണ വൈറസ്, നിപ്പ എന്നിവ പോലെ അപകടകാരിയല്ല നോവല്‍ കൊറോണ വൈറസ്. ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് കൊറോണ വൈറസ് ബാധമൂലമുള്ള മരണ സാധ്യത അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണെന്നാണ്. അല്‍പം മുന്‍കരുതലെടുത്താല്‍ നോവല്‍ കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനാവും.

രോഗ ലക്ഷണങ്ങള്‍

രോഗ ലക്ഷണങ്ങള്‍ നമുക്ക് മൂന്നായി തരം തിരിക്കാം. വൈറസ് ബാധിച്ച ഒരാളില്‍ സാധാരണയായി ജലദോഷം, പനി, ചുമ എന്നിവ കണ്ടുവരുന്നു. ഇവ സാധാരണ ചികിത്സയിലൂടെ ഭേദമാകും. എന്നാല്‍ ചിലരില്‍ രോഗ ലക്ഷണം അല്‍പം കൂടി മൂര്‍ച്ഛിച്ച് ന്യുമോണിയ ആയി മാറും. അതും ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളു. മൂന്നാമത്തെ ഘട്ടമെന്ന് പറയുന്നതാണ് ഏറ്റവും അപകടകരമായ ലക്ഷണം. ഇക്കൂട്ടരുടെ ശ്വാസകോശത്തിന്റെ എല്ലാഭാഗത്തും നീര്‍വീക്കം ഉണ്ടാകുകയും രോഗിക്ക് വെന്റിലേറ്റര്‍ ആവശ്യമായി വരികയും ചെയ്യും. ചില കേസുകളില്‍ മരണം സംഭവിക്കുകയും ചെയ്യുന്നു.

എടുക്കേണ്ട മുന്‍കരുതലുകള്‍

ഈ രോഗത്തിന് നിലവില്‍ യാതൊരുവിധ പ്രതിരോധ കുത്തിവയ്പ്പോ മരുന്നോ കണ്ടെത്തിയിട്ടില്ല. അതിനാല്‍ രോഗം വരാതെ സൂക്ഷിക്കുകയെന്നതാണ് പ്രധാനം.
രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ഉണ്ടാകുന്ന സ്രവങ്ങളില്‍ നിന്നാണ് കൊറോണ വൈറസ് പകരുന്നത്. ഇതിന് മൂന്നടി ചുറ്റളവില്‍ കൂടുതല്‍ സഞ്ചരിക്കാനാവില്ല. അതുകൊണ്ടുതന്നെ തിരക്കേറിയ സ്ഥലങ്ങളില്‍ പോകുന്നത് പരമാവധി ഒഴിവാക്കുക.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൈപ്പത്തിയില്‍ അണുക്കള്‍ പറ്റാതിരിക്കാന്‍ മൂക്കും വായും കൈമുട്ടിന് മുകളില്‍ ഉള്ളിലാക്കി മറയ്ക്കുക. തുടര്‍ന്ന് കൈകള്‍ നന്നായി സാനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ഒഴിവാക്കുക.
തിരക്കുള്ള സ്ഥലങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനു ശേഷം ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുക. സാനിറ്റൈസര്‍ ഇല്ലെങ്കില്‍ സാധാരണ സോപ്പ് ഉപയോഗിച്ച് കൈകള്‍ നല്ലപോലെ കഴുകിയാലും മതി.

കൊറോണ: വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കി, കേരളത്തില്‍ 633പേര്‍ നിരീക്ഷണത്തില്‍

കേരളത്തിലും കൊറോണ; നമ്മള്‍ ജാഗ്രത പുലര്‍ത്തണം