in , , , ,

കോവിഡിനെ വരുതിയിലാക്കിയ കാസര്‍കോട്ടെ ഡോക്ടര്‍മാര്‍ പറയുന്നു ഏത് മഹാമാരിയെ കീഴടക്കാനും ഞങ്ങള്‍ റെഡി

Share this story

ജനറല്‍ ആശുപത്രി കോവിഡ് ആശുപത്രിയാക്കുമ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളിലെ വൈറസ് ഘാതകര്‍ തങ്ങളാകുമെന്ന് ഇവര്‍ കരുതിയിരിക്കില്ല. കോവിഡ് രോഗികളില്‍ 30 ശതമാനത്തെ ചികിത്സിച്ചത് ഇവരാണ്. 26 പേര്‍ ഒറ്റയടിക്ക് ഞായറാഴ്ച ആശുപത്രി വിട്ടപ്പോള്‍ ഇവര്‍ക്കുണ്ടായ ആത്മാഭിമാനത്തിന് കൈയും കണക്കുമില്ല. കണ്‍സല്‍ട്ടന്റ് ഫിസിഷ്യന്‍മാരായ ഡോ.സി.എച്ച്. ജനാര്‍ദന നായിക്, ഡോ. കൃഷ്ണ നായിക്, ഡോ. കുഞ്ഞിരാമന്‍ എന്നിവര്‍ക്ക് ഒരു മാസമായി കുടുംബവുമായി ബന്ധമില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ കോവിഡ് ഹോട്ട്‌സ്‌പോട്ടായ കാസര്‍കോട് നഗരസഭയെ ട്രിപ്ള്‍ ലോക്കിട്ട് പൂട്ടിയതിന്റെ മധ്യത്തില്‍നിന്ന് ഇവര്‍ ചികിത്സിച്ചത് 91പേരെ. ഇതുവരെ ഫലം നെഗറ്റിവ് ആയി ആശുപത്രി വിട്ടത് 38 പേര്‍.
കോവിഡ് വൈറസിനെ തുരത്തിയതിനെപ്പറ്റി ഡോ. ജനാര്‍ദന നായിക് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം രോഗികളെ ആദ്യം മൂന്ന് വിഭാഗമാക്കും. എ കാറ്റഗറിയില്‍ സാധാരണ കോവിഡ് പോസിറ്റിവ് ആയവര്‍. ബിയില്‍ വൈറസ്ബാധയോടൊപ്പം പ്രമേഹം, രക്തസമ്മര്‍ദം, ശ്വാസതടസ്സം, ആസ്ത്മ, ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്ന മരുന്നുകഴിക്കുന്നവര്‍ എന്നിവര്‍. സി വിഭാഗത്തില്‍ വൃക്കരോഗം, ഹൃദ്രോഗം എന്നിവയുള്ളവര്‍. വന്റെിലേഷന്‍ ആവശ്യമുള്ളവരാണിത്. എന്നാല്‍, ഇവിടെ സി കാറ്റഗറിക്കാര്‍ ഇല്ലായിരുന്നു. ക്ലോറോക്വിന്‍, ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നുകളിലൊന്നാണ് നല്‍കിയത്. അല്ലെങ്കില്‍ അസിത്രോമൈസിന്‍. ൈഹഡ്രോക്‌സി ക്ലോറോക്വിന്‍ ധാരാളം സ്‌റ്റോക്കുണ്ട്. ഗുരുതരമായവര്‍ക്ക് എച്ച്.ഐ.വി മരുന്നാണ് നല്‍കേണ്ടത്. അതു വേണ്ടിവന്നില്ല.
രോഗിയെ ഐസൊലേഷനിലേക്ക് മാറ്റിയതുമുതല്‍ ആദ്യ അഞ്ചുനാള്‍ ഈ മരുന്ന് രണ്ടുനേരം നല്‍കും. ഒപ്പം ചുമ, പനി എന്നിവക്കുള്ള ചികിത്സ വേറെയും. 48 മണിക്കൂറിനകം രണ്ടു തവണ സാമ്പിളെടുക്കും. രണ്ടുതവണ നെഗറ്റിവായാല്‍ രോഗിയെ വിടാം. ഒരുതവണ നെഗറ്റിവ് വന്നാല്‍ പിന്നീട് പോസിറ്റിവ് വരാം. ചിലപ്പോള്‍ ശരീരത്തില്‍ വൈറസ് ഉണ്ടെങ്കിലും സ്രവത്തില്‍ കാണണമെന്നില്ല. അതുകൊണ്ടാണ് തുടര്‍ച്ചയായ രണ്ടു നെഗറ്റിവുകള്‍ക്ക് കാക്കുന്നത്. അല്ലാതെ, ഡിസ്ചാര്‍ജ് ചെയ്താല്‍ വ്യാപനസാധ്യതയുണ്ട്. 14 ദിവസത്തെ സമ്പര്‍ക്കവിലക്ക് നിര്‍ദേശിക്കുന്നത് അതിനാലാണ്. ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല.
നല്ലനിലയില്‍ ജീവിച്ചവരാണ് രോഗികളായി വരുന്നത്. ആദ്യ ഘട്ടത്തില്‍ ഐസോലേഷന്‍ പ്രശ്‌നമായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയുടെ പരിമിതിയുണ്ടല്ലോ. പിന്നീട് അവര്‍ നന്നായി സഹകരിച്ചു. പ്രേട്ടോകോള്‍ പ്രകാരം എല്ലാ ഡോക്ടര്‍മാരും നഴ്‌സുമാരും 14 ദിവസത്തെ ജോലിക്കുശേഷം സമ്പര്‍ക്കവിലക്കില്‍ കഴിയണം. ഞങ്ങളും അതു ചെയ്യുന്നു. ഞാനും കൃഷ്ണനും വീട്ടില്‍ പ്രത്യേകം സംവിധാനങ്ങളില്‍ ക്വാറന്റീനിലാണ്. കുഞ്ഞിരാമന്‍ വീടെടുത്ത് താമസമാണ്. എച്ച്-വണ്‍ എന്‍-വണ്‍, ചികുന്‍ഗുനിയ, ഡെങ്കി എന്നിവ പടരുമ്പോഴെല്ലാം ആരോഗ്യവകുപ്പ് ഞങ്ങള്‍ക്ക് പ്രത്യേക പരിശീലനം തരും. ലോകത്തെ കീഴടക്കിയ മഹാമാരിയെ നേരിടുമ്പോഴും ആരോഗ്യവകുപ്പ് നല്‍കുന്ന ആത്മധൈര്യവും പരിശീലനവും പിന്തുണയുമാണ് പിന്‍ബലം. ഇനി ഏതു വ്യാധി പടര്‍ന്നാലും അതിനോട് യുദ്ധം ചെയ്യാന്‍ ഈ ധൈര്യം മതി.

ലോക്ഡൗണിലും മദ്യകടത്ത്; ആനക്കട്ടി തൂവയില്‍ പൊലീസ് സമാന്തര പാത ട്രഞ്ച് കീറി അടച്ചു

സ്വകാര്യ ലാബുകളിലെ കൊവിഡ് സൗജന്യ പരിശോധന എല്ലാവര്‍ക്കുമില്ല, പുതിയ ഉത്തരവുമായി സുപ്രീംകോടതി