spot_img
spot_img
HomeHEALTHകോവിഡ് പോരാട്ടത്തിന്റെ കേരള മോഡല്‍ മാതൃകയാക്കാന്‍ രാജ്യങ്ങളും

കോവിഡ് പോരാട്ടത്തിന്റെ കേരള മോഡല്‍ മാതൃകയാക്കാന്‍ രാജ്യങ്ങളും

ആരോഗ്യ പരിചരണത്തില്‍ ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമായ കേരളം മെല്ലെ മെല്ലെ കോവിഡിന്റെ രണ്ടാം വരവിനെയും പിടിച്ചു കെട്ടിക്കൊണ്ടിരിക്കുകയാണ്. ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളെക്കാള്‍ കൂടുതലാണ് രോഗം ഭേദമായി ആശുപത്രി വിടുന്നവരുടെ എണ്ണം. കോവിഡ് പ്രതിരോധത്തിലെ ഈ കേരള മോഡലില്‍ നിര്‍ണായകമായ കാര്യങ്ങള്‍ ഇതാണ്

  1. രോഗീപരിചരണത്തിനായി വലിയൊരു പടയെത്തന്നെയാണ് കേരളം ഒരുക്കിയത്. വിദഗ്ധ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും ട്രെയിനികളും സ്റ്റാഫ് നഴ്സുമാരും ആരോഗ്യ ഇന്‍സ്പെക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ഫാര്‍മസിസ്റ്റുകളും ബയോടെക്നോളജിസ്റ്റുകളും അടങ്ങുന്ന വലിയൊരു സംഘം ആത്മാര്‍ഥതയോടെ രാപകലില്ലാതെ വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം കോവിഡിനെ പ്രതിരോധിക്കാന്‍ ജോലി ചെയ്യുന്നു.
  2. കൊറോണ പരിശോധന നിരക്കില്‍ രാജ്യത്ത് ഒന്നാമതാണ് സംസ്ഥാനം. പത്തു ലക്ഷത്തില്‍ 290 പേര്‍ എന്ന നിരക്കിലാണ് പരിശോധന. ദേശീയ ശരാശരി 30 ന് അടുത്ത് മാത്രമാണെന്ന് അറിയുമ്പോഴാണ് കേരളത്തിന്റെ മുന്നേറ്റം മനസ്സിലാകുക
  3. രോഗബാധിത രാജ്യങ്ങളില്‍നിന്ന് നിരവധി പ്രവാസികള്‍ കേരളത്തിലെത്തിയിട്ടും കൃത്യതയോടെ ചെയ്ത ക്വാറന്റീന്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായി നാളിതു വരെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല.
  4. ഇതു വരെ 364 പോസിറ്റീവ് കേസുകളുണ്ടായതില്‍ 124 പേര്‍ രോഗമുക്തി നേടി. ഇതില്‍ തന്നെ ഏറ്റവും പ്രായം കൂടിയത് ഒരു 93 കാരനാണ് എന്നത് കേരളത്തിന് അഭിമാനമേകുന്നു. കേരളത്തിന്റെ 18 ശതമാനം രോഗവിമുക്തി നിരക്ക് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേക്കാലും ഉയര്‍ന്നതാണ്. ദേശീയ ശരാശരി 5 ശതമാനം മാത്രമാണ്. 5. കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത് മൂന്നു പേര്‍ മാത്രമാണ്. മരണ നിരക്ക് 0.6 ശതമാനം. രാജ്യാന്തര ശരാശരി അഞ്ചു മുതല്‍ ആറു വരെ ശതമാനം ആയിരിക്കുമ്പോഴാണ് ഇത്.
  5. ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിക്കും മുന്‍പു തന്നെ കേരളത്തില്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ വന്നിരുന്നു. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മലയാളികളുടെ സഹകരണവും ഐക്യവും മൂലം കേരളത്തില്‍ ലോക്ഡൗണ്‍ സമ്പൂര്‍ണമായിരുന്നു. ദിവസക്കൂലിക്കാരും അതിഥി തൊഴിലാളികളും ഉള്‍പ്പെടെ ലോക്ഡൗണ്‍ മൂലം പട്ടിണിയിലായവരെ സഹായിക്കുന്നതിന് യുവ വോളന്റിയര്‍മാരും സന്നദ്ധ സംഘടനകളുമൊക്കെ മുന്നോട്ടു വന്നു.
  6. സംസ്ഥാന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മുന്നില്‍ നിന്നുതന്നെ കോവിഡ് പ്രതിരോധം നയിക്കുന്നു. അവരുടെ നേതൃശേഷിയും കൃത്യസമയത്തെ ബുദ്ധിപൂര്‍വമായ തീരുമാനങ്ങളും എടുത്തു പറയേണ്ടതാണ്.
  7. പൊലീസ്, അഗ്‌നിശമന സേന, ജില്ലാ ഭരണകൂടങ്ങള്‍ പോലുള്ള അധികാരികളുടെയും അവശ്യസേവന ദാതാക്കളുടെയും 24 മണിക്കൂറും നീളുന്ന പ്രവര്‍ത്തനം ലോക്ഡൗണ്‍ നടപ്പാക്കാന്‍ സഹായകമായി.
  8. ബോധവത്ക്കരണം നടത്തുന്നതില്‍ പത്രമാധ്യമങ്ങള്‍ വഹിക്കുന്ന പങ്കും അഭിനന്ദനാര്‍ഹമാണ്. സാമൂഹിക അകലം, വ്യക്തിശുചിത്വം, മാസ്‌കുകളുടെ ഉപയോഗം തുടങ്ങിയവയെ കുറിച്ച് ആരോഗ്യ വിദഗ്ധരെയും സെലിബ്രിറ്റികളെയും ഉപയോഗിച്ച് വ്യാപകമായ ബോധവത്ക്കരണം നടത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചു.
  9. ശാസ്ത്രീയമായ വിജ്ഞാനത്തിന്റെ ശരിയായ ഉപയോഗവും നിര്‍ണായകമായി. അശാസ്ത്രീയ ചികിത്സകളും അന്ധവിശ്വാസങ്ങളും ഗിമ്മിക്കുകളും ഒഴിവാക്കാനായതും കോവിഡ് എന്ന മഹാമാരിയെ തടയാന്‍ കേരളത്തെ സഹായിച്ചു.
    കാര്യങ്ങള്‍ നിയന്ത്രണത്തിലായി എന്ന് തോന്നിപ്പിക്കുമ്പോഴും ഈ യുദ്ധം നാം ജയിച്ചുകഴിഞ്ഞിട്ടില്ല. ലോക്ഡൗണിന് ശേഷവും നാലു മുതല്‍ എട്ട് ആഴ്ച വരെയൊക്കെ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി തുടരേണ്ടി വന്നേക്കാം. വാക്സിനുകളും ചികിത്സയ്ക്ക് കൃത്യമായ മരുന്നുകളും സമൂഹ പ്രതിരോധശേഷിയും വികസിപ്പിച്ച് ഈ മഹാമാരിയെ വൈകാതെ നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കും.

- Advertisement -

spot_img
spot_img

- Advertisement -