in ,

ഗര്‍ഭകാലപ്രശ്‌നങ്ങളും ഹൃദ്രോഗസാധ്യതയും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം

Share this story

ഗര്‍ഭം അലസല്‍, ഗര്‍ഭകാല പ്രമേഹം, മാസംതിയകും മുമ്പേയുള്ള പ്രസവം എന്നിവ പില്‍ക്കാലത്ത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ലക്ഷണങ്ങളാണെന്ന് പഠനറിപ്പോര്‍ട്ട്. മെഡിക്കല്‍ജേണലായ ബിഎംജെയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഫെര്‍ട്ടിലിറ്റി, ഗര്‍ഭാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട മറ്റ് പല ഘടകങ്ങളും തുടര്‍ന്നു ള്ള ഹൃദയ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. നേരത്തേയുള്ള ആര്‍ത്തവം, ഹോര്‍മോണ്‍ പ്രശ്‌നങ്ങളെത്തുടര്‍ന്നുള്ള പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്നിവയെല്ലാം ഭാവിയിലെ ഹൃദ്രോഗസാധ്യതയിലേക്കുള്ള ലക്ഷണങ്ങളായേക്കുമെന്നാണ് നിഗമനം.

ബ്രിട്ടണിലെ ഗവേഷകരുടെ ഒരു സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. വിവിധ പ്രായത്തിലുള്ള സ്ത്രീകളില്‍ അവരുടെ ഗര്‍ഭാവസ്ഥകളുമായി ബന്ധപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്. മൊത്തം 32 അവലോകനങ്ങള്‍ ഉള്‍പ്പെടുത്തിയശേഷം ശരാശരി 7-10 വര്‍ഷത്തെ തുടര്‍ന്നുള്ള കാലയളവില്‍ തുടര്‍പഠനങ്ങള്‍ക്ക് വിധേയരാക്കി.

നേരത്തെയുള്ള ആര്‍ത്തവിരാമം, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിച്ചതിന്റെ കണക്കുകള്‍, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം, ഗര്‍ഭം അലസല്‍, ഗര്‍ഭകാലത്തെ പ്രമേഹം, മാസം തികയുംമുമ്പുള്ള പ്രസവം, കുഞ്ഞിന്റെ ഭാരക്കുറവ് തുടങ്ങി ഗര്‍ഭസംബന്ധമായ പ്രശ്‌നങ്ങളെല്ലാം പഠനവിധേയമാക്കി.

ആര്‍ത്താരംഭം മുതല്‍ ആര്‍ത്തവവിരാമം വരെ, സ്ത്രീകളുടെ പ്രത്യുത്പാദന സംബന്ധമായി വിലയിരുത്തലും പില്‍ക്കാലത്തുണ്ടായ ഹൃദ്രോഗവിവരങ്ങളും ക്രോഡീകരിച്ചതിനുശേഷമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തിയത്. ഗര്‍ഭസംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിച്ചവരില്‍ പില്‍ക്കാല ഹൃദ്രോഗസാധ്യത കൂടുതലാണെന്ന നിഗമനത്തിലാണ് പഠനം എത്തിച്ചേര്‍ന്നത്. ഹൃദയസംബന്ധമായ ഗവേഷണത്തില്‍ ഈ പഠനറിപ്പോര്‍ട്ട് ഉപയോഗപ്രദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉള്ളംകാലില്‍ ഉള്ളി പ്രയോഗം: ഗുണങ്ങളേറെയെന്ന് പഴമക്കാര്‍

കുഞ്ഞുങ്ങളെ തനിച്ചാക്കരുത്; അവരെ ഒപ്പം കിടത്തൂ…