in , , , ,

ഗര്‍ഭകാല പ്രശ്‌നങ്ങളെ ഒഴിവാക്കാന്‍ വര്‍ക്ഔട്ട് ചെയ്യാം

Share this story

ഗര്‍ഭകാല പ്രശ്‌നങ്ങളെ ഒഴിവാക്കാന്‍ ചെറിയ വ്യായാമങ്ങളിലൂടെ സാധിക്കും. കാലിലെ മസില്‍ കയറുക, കൈകാലുകളിലെ നീര്, ക്ഷീണം, അമിത ഭാരം, വെരിക്കോസ് വെയിന്‍, കോണ്‍സ്റ്റിപ്പേഷന്‍, ഉറക്കമില്ലായ്മ, നടുവേദന, സ്ട്രെസ്, രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഗര്‍ഭകാലത്തെ പ്രമേഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം വ്യായാമം വഴി അകറ്റി നിര്‍ത്താനാവുന്ന ഗര്‍ഭകാലപ്രശ്‌നങ്ങളില്‍ ചിലതാണ്. ഇതിനു പുറമേ പ്രസവവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കുറയ്ക്കാനും പ്രസവത്തിനെടുക്കുന്ന സമയം കുറയ്ക്കാനും പ്രസവശേഷം വേഗം റിക്കവര്‍ ആവാനും വ്യായാമത്തിലൂടെ സാധിക്കും.

മാസം തികയാതെയുള്ള പ്രസവം നടക്കാന്‍ സാധ്യതയുള്ളവര്‍, എന്തെങ്കിലും കാരണത്താല്‍ ബ്ലീഡിങ്ങുള്ളവര്‍ എന്നിങ്ങനെ ചില ആരോഗ്യപ്രശ്‌നങ്ങളുള്ള ഗര്‍ഭിണികള്‍ ഒരിക്കലും വര്‍ക്കൗട്ട് ചെയ്യരുത്. നിങ്ങള്‍ കാണുന്ന ഡോക്ടര്‍ക്ക് മാത്രമേ ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനമെടുക്കാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ ഗര്‍ഭകാലത്തെ വ്യായാമങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ് നിര്‍ബന്ധമായും ഡോക്ടറെ കണ്ട് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല എന്നുറപ്പ് വരുത്തണം.
ഗര്‍ഭധാരണത്തിനു മുന്‍പ് പതിവായി വ്യായാമം ചെയ്തിരുന്ന ഒരാളാണെങ്കില്‍ അതേ വര്‍ക്കൗട്ടുകള്‍ തന്നെ ചില മാറ്റങ്ങളോടെ തുടരാം (എന്തൊക്കെ ശ്രദ്ധിക്കണം എന്ന് താഴെ പറയുന്നുണ്ട്). ആദ്യത്തെ ട്രൈമെസ്റ്ററില്‍ ഒരു ദിവസം അര, മുക്കാല്‍ മണിക്കൂര്‍ വീതം ആഴ്ചയില്‍ മൂന്നോ നാലോ ദിവസം വര്‍ക്കൗട്ട് ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ അന്നുവരെ വ്യായാമം എന്നൊരു ശീലമില്ലാത്ത ആളാണെങ്കില്‍ അഞ്ചോ പത്തോ മിനിറ്റുള്ള ചെറിയ വര്‍ക്കൗട്ട് സെഷനുകളില്‍ തുടങ്ങി പതിയെ സമയം കൂട്ടിക്കൊണ്ട് വരാം. രണ്ടാമത്തെയും മൂന്നാമത്തെയും ട്രൈമെസ്റ്ററില്‍ വര്‍ക്കൗട്ടുകളുടെ തീവ്രതയും സമയവും കുറയ്ക്കണം.
കംഫര്‍ട്ടബിള്‍ ആയി നിന്ന് വേണം വ്യായാമം ചെയ്യാന്‍. വല്ലാതെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് വരുന്നത്ര തീവ്രതയില്‍ ഒരിക്കലും വര്‍ക്കൗട്ട് ചെയ്യരുത്. സാധാരണ ശ്വാസമെടുക്കുന്നതിനേക്കാള്‍ വേഗത്തില്‍ ശ്വസിക്കുകയും എന്നാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ട് ഇല്ലാതിരിക്കുകയും ചെയ്യുന്നത്ര തീവ്രതയാണ് ഗര്‍ഭിണികള്‍ക്ക് അനുയോജ്യം. മസില്‍ കൂട്ടലും ഫാറ്റ് കുറയ്ക്കലും പോലെ കഠിനമായ കാര്യങ്ങളല്ല, മറിച്ച് ആരോഗ്യം നിലനിര്‍ത്തലാണ് ഈ സമയത്ത് നമ്മുടെ ലക്ഷ്യം എന്ന് ഓര്‍മ വേണം.
ഇവിടെ ഓട്ടം, ചാട്ടം, സ്‌കിപ്പിങ് പോലെയുള്ള മൂവ്‌മെന്റുകള്‍ ഗര്‍ഭകാലത്തു വേണ്ട. അതുപോലെതന്നെ കാല്‍വിരല്‍ തൊടാന്‍ പോവുന്നത് പോലെ വല്ലാതെ വളയുന്ന മൂവ്‌മെന്റുകളും പാടേ ഒഴിവാക്കണം. ആദ്യത്തെ ട്രൈമെസ്റ്റര്‍ കഴിഞ്ഞാല്‍ മലര്‍ന്ന് കിടക്കുന്ന വ്യായാമങ്ങള്‍ ലിസ്റ്റില്‍ നിന്നു കട്ട് ചെയ്യാം, അതുപോലെ ദീര്‍ഘസമയം നിന്നുകൊണ്ടുള്ളവയും വേണ്ട. നടത്തം, സ്വിമ്മിങ്, കുട്ടികളോടൊപ്പം പാര്‍ക്കിലും മറ്റും കളിക്കുക, സൈക്ലിങ്, യോഗ, എയറോബിക് വര്‍ക്കൗട്ടുകള്‍, ഡാന്‍സ് വര്‍ക്കൗട്ടുകള്‍, റസിസ്റ്റന്‍സ് ട്രെയിനിങ് എന്നിവയെല്ലാം ഗര്‍ഭിണികള്‍ക്കും ചെയ്യാം. ഏത് വര്‍ക്കൗട്ടിനിടെയിലും കൂടുതല്‍ ഭാരമെടുത്ത് വയര്‍ വല്ലാതെ ടൈറ്റ് ആയി നിര്‍ത്തുന്ന ഭാഗങ്ങള്‍ തീരെ വേണ്ട. തലയ്ക്ക് മുകളിലേക്ക് ഭാരം ഉയര്‍ത്തുന്നത് പോലെയുള്ള വര്‍ക്കൗട്ടുകള്‍ (ഉദാഹരണത്തിന് അര്‍ണോള്‍ഡ് പ്രസ്), മലര്‍ന്നു കിടന്ന് ചെയ്യുന്ന വര്‍ക്കൗട്ടുകള്‍ (ഉദാഹരണത്തിന് ഫ്‌ലാറ്റ് ചെസ്റ്റ് പ്രസ്സ്, അബ് ക്രഞ്ചസ്), വയറിന് ഇംപാക്ട് വരുന്ന മൂവ്മെന്റുകള്‍ (ജംപിങ് പോലെയുള്ളവ) തുടങ്ങിയവയും ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ടവയാണ്. ഒരു ഫിറ്റ്‌നസ് പ്രഫഷനലിന്റെ നിര്‍ദ്ദേശാനുസരണം വേണം വര്‍ക്കൗട്ടുകള്‍ പ്ലാന്‍ ചെയ്യാന്‍.
ഗര്‍ഭകാലത്തെ വര്‍ക്കൗട്ടുകളില്‍ കോര്‍ മസിലുകളെ ശക്തിപ്പെടുത്താനുള്ള വ്യായാമങ്ങളും പെല്‍വിക് ഫ്‌ലോര്‍ വര്‍ക്കൗട്ടുകളും പ്രത്യേകം ഉള്‍പ്പെടുത്തണം, ഗര്‍ഭകാലത്തെ നടുവേദന കുറയ്ക്കാനും പ്രസവം എളുപ്പമാക്കാനും ഇത് സഹായിക്കും.
പകല്‍ ചൂടും ഹ്യുമിഡിറ്റിയും കൂടുതലാണെങ്കില്‍ വര്‍ക്കൗട്ട് ചെയ്യുന്നത് രാവിലെയോ വൈകിട്ടോ ആക്കാം. ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അയഞ്ഞ വസ്ത്രങ്ങളും നല്ല സപ്പോര്‍ട്ട് തരുന്ന ബ്രായും ധരിച്ച് വേണം വ്യായാമം ചെയ്യാന്‍. വര്‍ക്കൗട്ട് ചെയ്ത ഉടനെ ശരീരത്തിന്റെ ചൂട് 38 ഡിഗ്രിയിലും കൂടുതല്‍ ആവാതെ ശ്രദ്ധിക്കണം.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ലഭിക്കുന്ന എല്ലാ ഗുണങ്ങളും മനസ്സിലാക്കുന്നതു പോലെതന്നെ പ്രധാനമാണ് എപ്പോള്‍ വര്‍ക്കൗട്ട് നിര്‍ത്തണം എന്ന കാര്യവും. ഗര്‍ഭപാത്രം സങ്കോചിക്കുന്നത് പോലെ തോന്നുക, നെഞ്ച് വേദന, തലകറക്കം, തലവേദന, എന്തെങ്കിലും തരത്തിലുള്ള ബ്ലീഡിങ്ങോ ഫ്‌ലൂയിഡ് പോവലോ, ക്ഷീണം, കാല്‍വണ്ണയിലെ മസിലുകളില്‍ നീരോ വേദനയോ, കുഞ്ഞിന്റെ ചലനങ്ങളില്‍ വരുന്ന മാറ്റം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, തുടങ്ങിയവയില്‍ എന്ത് തോന്നിയാലും ഉടനെ തന്നെ വര്‍ക്കൗട്ട് നിര്‍ത്തി വയ്ക്കുകയും ഡോക്ടറെ കാണുകയും വേണം. ഓരോ മാസവും ആവശ്യത്തിന് ശരീരഭാരം കൂടുന്നില്ലെങ്കിലും വര്‍ക്കൗട്ട് തുടരുന്നതിനു മുന്‍പ് ഡോക്ടറുടെ ഉപദേശം തേടണം.

നല്ല ആരോഗ്യത്തിന് യോഗ ശീലമാക്കാം

ഭയം വേണ്ട, വെള്ളപ്പാണ്ട് ചികിത്സിച്ച് ഭേദമാക്കാം