ഒട്ടനവധി വൈവിധ്യങ്ങളുള്ള ജീവിയാണ് ചിലന്തി. എല്ലാ ചിലന്തി ഇനങ്ങൾക്കും വിഷമില്ല. എന്നാൽ വളരെ വിഷമുള്ള ചിലന്തികളും ധാരാളം. നമ്മുടെ നാട്ടിലുള്ള ഒരു ചിലന്തിക്കും മനുഷ്യരെ കൊല്ലാൻ തക്കവിധം വിഷമില്ല. ചില ചിലന്തികൾ കടിക്കുകയോ അവയുടെ വിസർജ്യം ദേഹത്തുവീഴുകയോ ചെയ്താൽ ചിലർക്കു ചൊറിച്ചിലും മറ്റു അസ്വസ്ഥതകളും ഉണ്ടാകും.
എട്ടുകാലി വിഷത്തിൽ അടങ്ങിയിട്ടുള്ള ഹിമടോക്സിൻ , ന്യൂറോടോക്സിൻ എന്നീ ഘടകങ്ങളാണു മനുഷ്യനു വിഷമങ്ങൾക്കു കാരണമാകുന്നത്. ചിലന്തിയുടെ വിഷം ഏറ്റാൽ അതിന്റെ ഫലം ഉടൻ കണ്ടെന്നു വരില്ല. വിഷത്തിന്റെ കാഠിന്യം അനുസരിച്ച് ലക്ഷണങ്ങൾ ദിവസങ്ങൾക്കുള്ളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങും.
വിഷമുള്ള എട്ടുകാലിയുടെ കടിയേറ്റാൽ കടിയേറ്റ ഭാഗത്തുണ്ടാകുന്ന ചെറിയ വ്രണം മുതൽ ദിവസവും പുതിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടിയേറ്റ ഭാഗം മുന്തിരിപ്പഴം പോലെ വീർത്തിരിക്കും. അഞ്ചാംദിവസം മുതൽ അതിയായ ഉറക്കം, കണ്ണിൽ പീള, സന്ധിവേദന എന്നിവയുണ്ടാകുന്നു. 21 ദിവസം കൊണ്ട് എട്ടുകാലി വിഷം താനെ ശമിക്കുമെന്നാണ് ആയുർവേദാചാര്യനായ വാഗ്ഭടൻ പറയുന്നത്. ചികിൽസ കൊണ്ടു വിഷശമനം എളുപ്പമാക്കാം.
തേനും ഇന്തുപ്പും ചാലിച്ചു കടിവായിൽ പുരട്ടിയാൽ വിഷശമനമുണ്ടാകും. പാച്ചോറ്റിത്തൊലി, രാമച്ചം, പതിമുഖം, ചന്ദനം, താമരയല്ലി, രക്തചന്ദനം, താമരവളയം എന്നിവകൊണ്ടുള്ള കഷായം എട്ടുകാലിവിഷ ശമനത്തിനു നല്ലതാണ്.
തുല്യകനമുള്ള ഉരുക്കുനൂലിനെക്കാൾ ബലമുള്ളതാണ് ചിലന്തിയുടെ നൂൽ. വെടിയുണ്ടയെ പ്രതിരോധിക്കാൻ കരുത്തുള്ള തുണിത്തരങ്ങൾ ചിലന്തിനൂലുകൊണ്ട് ഉണ്ടാക്കാം.ശസ്ത്രക്രിയാ നൂലുകൾ, കൃത്രിമപേശികൾ എന്നിവയും ചിലന്തിനൂലുകൾ ഉപയോഗിച്ചു ഉണ്ടാക്കുന്നു. ചില ഹൃദ്രോഗങ്ങൾക്കും തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങൾക്കും ചിലന്തിവിഷം മരുന്നായി ഉപയോഗിക്കാമെന്നു പഠനങ്ങൾ തെളിയിക്കുന്നു.
ഇന്ത്യയിൽ നിന്നും ഇതുവരെ 75 ചിലന്തിക്കുടുംബങ്ങളിലായി 385 ജനുസിൽ വരുന്ന 1750 തരം ചിലന്തികളെ കണ്ടെത്തിയിട്ടുണ്ട്. ലോകത്തെ ജൈവ വൈവിധ്യത്തിന്റെ കേന്ദ്രമായ പശ്ചിമഘട്ട മലനിരകളിൽ കാര്യമായ പഠനങ്ങൾ നടക്കാത്തതു മൂലം കേരളത്തിലെയും ഇന്ത്യയിലേയും ചിലന്തികളുടെ കണക്കുകൾ യഥാർഥത്തിൽ നിന്നു വളരെ കുറവാണ്.
ലോകത്തിലെ ഏറ്റവും വലിയ വല ഉണ്ടാക്കുന്നവയാണ് നെഫിലിഡേ എന്ന ചിലന്തിക്കുടുംബത്തിലെ വൻമരചിലന്തികൾ. ഒരു പുഴയ്ക്കു കുറുകെ വരെ ഇവയുടെ വലകൾ കാണാറുണ്ട്. ഒരു വലയിൽ ഒരു പെൺചിലന്തിയും നാലോ അഞ്ചോ ആൺചിലന്തികളും കുറെ പരാദ ചിലന്തികളും ഉണ്ടാകും. ഇവയുടെ വല വളരെ ബലവത്താണ്. ഇൗ വലയിൽ ചെറുപക്ഷികൾ വരെ കുടുങ്ങാറുണ്ട്.
ചിലന്തിയുടെ കാലുകളിൽ മസിലുകളില്ല ! വെള്ളം നിറച്ചിരിക്കുന്ന കുഴലുകളാണ് ഇവയുടെ കാലുകൾ. ഇൗ വെള്ളത്തിന്റെ മർദം വ്യത്യാസപ്പെടുത്തിയാണ് ചിലന്തികൾ നടക്കുകയും ചാടുകയും ചെയ്യുന്നത്. ചിലന്തികളെ ചിലർക്കൊക്കെ പേടിയാണ്. ചിലന്തിപ്പേടിയ്ക്ക് ഇംഗ്ലിഷിൽ അരക്ക്നോഫോബിയ ( Arachnophobia) എന്നു പറയും.
ചിലന്തി ഇനി ഈ വഴിക്ക് വരില്ല …
ചിലന്തിയുടെ കടിയേറ്റാല്‍ വളരെ വിഷമുള്ളതായതുകൊണ്ട് ചൊറിച്ചില്‍ മാറാന്‍ പ്രയാസമായിരിക്കും. ചിലന്തികളെ വീടുകളില്‍ നിന്ന് തുരത്തിയില്ലെങ്കില്‍ ബുദ്ധിമുട്ടുണ്ടാക്കും. ഓട് ഇട്ട വീടുകളിലാണ് കൂടുതലായും ചിലന്തിയെ കാണുക. ചിലന്തിയെ തുരത്തുവാന്‍ ചില പ്രകൃതിദത്ത വഴികളുണ്ട്.
വിനാഗിരി നല്ലൊരു മാര്‍ഗമാണ്. ഇത് ഒരു സ്പ്രേ ബോട്ടിലില്‍ എടുത്ത് ചിലന്തിയുടെ മുകളില്‍ സ്പ്രേ ചെയ്താൽ ചിലന്തി പിന്നെ ആ ഭാഗത്ത് വരില്ല. ഡിഷ് വാഷ് വെള്ളവുമായി യോജിപ്പിച്ച് സ്പ്രേ ചെയ്യുന്നത് ഇവയെ അകറ്റാന്‍ വളരെ നല്ലതാണ്. നാരങ്ങയുടെ ഗന്ധമുള്ള സോപ്പ് എങ്കില്‍ വളരെ ഉത്തമം.അടുക്കള റാക്കുകള്‍ ,ഭക്ഷണം വയ്ക്കുന്ന ജാറുകള്‍ എന്നിവയുടെ പരിസരത്തു സ്പ്രേ ചെയ്യാം. ഇത് ചിലന്തിമുട്ടകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ചിലന്തികള്‍ സിട്രസ് മണം വെറുക്കുന്നു.നാരങ്ങാ വെള്ളവുമായി യോജിപ്പിച്ചു സ്പ്രേ ചെയ്യുന്നത് ചിലന്തികളെ തുരത്തും. നാരങ്ങയുടെ ഗന്ധമുള്ള ഹാന്‍ഡ് വാഷ്, സോപ്പ്, തറ തുടയ്ക്കുന്ന ലായനി എന്നിവ ചിലന്തിയെ അകറ്റാന്‍ നല്ലതാണ്.