in , ,

തണുപ്പുകാലത്ത് കുട്ടികള്‍ക്ക് നല്‍കിക്കൂടാത്ത ഭക്ഷണങ്ങള്‍

Share this story

തണുപ്പുകാലത്തിലേക്കുള്ള പാതയൊരുക്കി നവംബര്‍ പുലരികള്‍ മഞ്ഞിനെ വരവേറ്റുതുടങ്ങുകയാണ്. വരുന്ന ഡിസംബര്‍-ജനുവരി മാസങ്ങളാണ് നമ്മുടെ തണുപ്പുകാലം. അന്തരീക്ഷം ഈറനണിഞ്ഞു തുടങ്ങുന്നത് കുഞ്ഞുങ്ങള്‍ക്ക് രോഗങ്ങളുടെ കാലം കൂടിയാണ്. പനിയും ജലദോഷവുമൊക്കെ കുഞ്ഞുങ്ങളെ കൂടുതലായും ബാധിച്ചുതുടങ്ങുന്നത് തണുപ്പുകാലത്താണ്. അതുകൊണ്ടുതന്നെ അവരുടെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതുണ്ട്. തണുപ്പുകാലത്ത് കുഞ്ഞുങ്ങളുടെ ഭക്ഷണക്രമത്തില്‍നിന്ന് ഒഴിവാക്കേണ്ടതെന്തെല്ലാമെന്ന് നോക്കാം.

പഞ്ചസാരയടങ്ങിയ ഭക്ഷണങ്ങള്‍

മിഠായികളും ചോക്‌ലേറ്റുകളുമൊക്കെ കുട്ടികള്‍ക്ക് ഏറെ ഹരമാണ്. തണുത്ത പാനീയങ്ങളും മറ്റും കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ വാങ്ങി നല്‍കാറുമുണ്ട്. എന്നാല്‍ ഇവയെല്ലാം തന്നെ ദോഷകരമാണെന്നും നമ്മുക്കറിയാം. എന്നാല്‍ പ്രത്യേകിച്ചും തണുപ്പുകാലത്ത്
ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനേ പാടില്ല. കാരണം പഞ്ചസാരയടങ്ങിയ ഭക്ഷണമാണ് കുഞ്ഞുങ്ങളെ പെട്ടെന്ന് അണുബാധയിലേക്ക് നയിക്കുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് വെളുത്ത രക്താണുക്കളെ ബാധിക്കും. അവ കുറഞ്ഞുവരുന്നതോടെ കുട്ടികളുടെ ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുകയും അണുബാധ ഏല്‍ക്കാന്‍ കാരണമാകുകയും ചെയ്യും. അതുകൊണ്ട് സോഡകള്‍, കെമിക്കല്‍ പാനീയങ്ങള്‍, മിഠായികള്‍, ചോക്ലേറ്റ്, തണുത്ത പാനീയങ്ങള്‍, മറ്റ് സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവ നിങ്ങള്‍ ഒഴിവാക്കുന്നത് നല്ലതായിരിക്കും.

പാലുല്‍പ്പന്നങ്ങള്‍

ശൈത്യകാലത്ത് പാല്‍ അടങ്ങിയ ഉല്‍പന്നങ്ങള്‍ നല്‍കുന്നത് കുറയ്ക്കണം. വെണ്ണ, ക്രീമുകള്‍ തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളില്‍ അനിമല്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശൈത്യകാലത്ത് കുഞ്ഞുങ്ങള്‍ക്ക് അസുഖമുണ്ടാക്കിയേക്കും. ഒട്ടും നല്‍കരുതെന്നല്ല, പാല്‍ അടങ്ങിയവയുടെ ഉപഭോഗം തണുപ്പുകാലത്ത് പരിമിതപ്പെടുത്തുന്നത് പ്രയോജനകരമായിരിക്കും. കഫക്കെട്ടു പോലുള്ള പ്രശ്‌നങ്ങള്‍ ഇതുവഴി കുറയ്ക്കാനാകും.

ഹിസ്റ്റാമൈന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

വയറ്റിലെ ആസിഡ് നിര്‍മ്മിക്കുന്നതിലും മറ്റും ഉള്‍പ്പെടുന്ന ഒരു രാസവസ്തുവാണ് ഹിസ്റ്റാമൈന്‍. അതുകൊണ്ടുതന്നെ തണുപ്പുകാലത്ത് ഹിസ്റ്റാമൈന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുട്ടികള്‍ക്ക് പ്രതികൂലമാകും.

ഉണങ്ങിയ പഴങ്ങള്‍, കൂണ്‍, വിനാഗിരി, വാഴപ്പഴം, ചീര, സോയ സോസ്, അച്ചാറുകള്‍, സ്‌ട്രോബെറി, പപ്പായ, പുളിപ്പിച്ച ഭക്ഷണങ്ങള്‍, തൈര്, വഴുതനങ്ങ, കൃത്രിമ പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുന്നതും നല്ലതാണ്. വറുത്ത ഭക്ഷണങ്ങള്‍

ഉമിനീര്‍, മൂക്കള എന്നിവ കുഞ്ഞുങ്ങളില്‍ കണ്ടുവരാറുള്ളതാണല്ലോ. എന്നാല്‍ മൂക്കള പുറത്തുപോകുന്നത് നല്ലതാണ്. പക്ഷേ തണുപ്പുകാലത്ത് കുട്ടികളിലെ മൂക്കളയും ഉമിനീരും കട്ടിപിടിക്കുന്നതിന് വറുത്ത ഭക്ഷണങ്ങള്‍ കാരണമാകും.

എണ്ണകളില്‍ ധാരാളം കൊഴുപ്പും മൃഗക്കൊഴുപ്പുമെല്ലാം അടങ്ങിയിട്ടുണ്ട്. തണുപ്പുകാലത്ത് വറുത്ത ഭക്ഷണങ്ങള്‍ ധാരാളം നല്‍കുന്നത് കുട്ടികളിലെ ഇത്തരം പ്രശ്‌നങ്ങള്‍ കൂട്ടും. അതുകൊണ്ട് മൂക്കളയും മറ്റും കട്ടിപിടിക്കുന്നത് കുട്ടികളെ അസ്വസ്ഥരാക്കുകയും ചെയ്യും. അത്തരം ഭക്ഷണങ്ങള്‍ തണുപ്പുകാലത്ത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

വയറസുകള്‍ ശരീരകോശങ്ങളെ ബാധിക്കുന്നതെങ്ങനെയെന്ന് ഗവേഷകര്‍ കണ്ടെത്തി

കോവിഡ് 19 വയറസ് വന്നതെങ്ങനെ? വേണ്ടത് ചൈനീസ് സഹകരണം