പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഏഴു വയസ്സുകാരി ദേവനന്ദയെ തട്ടിക്കൊണ്ടു പോയതാണെന്നു മുത്തച്ഛന്‍ മോഹന്‍പിള്ള. കുഞ്ഞ് ഒറ്റയ്ക്കു പുഴയില്‍ പോവില്ല. മരണത്തില്‍ ദുരൂഹതയുണ്ട്. ക്ഷേത്രത്തിലേക്കു പോയത് പുഴയിലേക്കുള്ള വഴിയിലൂടെയല്ല. അമ്മയുടെ ഷാള്‍ കുട്ടി ധരിച്ചിരുന്നില്ല. അയല്‍വീട്ടില്‍ പോലും ഒറ്റയ്ക്കു പോവാത്ത കുട്ടിയായിരുന്നു ദേവനന്ദ. ഒരിക്കല്‍ പോലും പുഴക്കരയില്‍ ഒറ്റയ്ക്ക് പോയിട്ടില്ലെന്നും മുത്തച്ഛന്‍ പറഞ്ഞു.
വ്യാഴാഴ്ച കാണാതായ കുടവട്ടൂര്‍ നന്ദനത്തില്‍ സി. പ്രദീപിന്റെയും ധന്യയുടെയും മകള്‍ പൊന്നു എന്ന ദേവനന്ദയുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ വീടിനു സമീപത്തെ പുഴയിലാണ് കണ്ടത്. വാക്കനാട് സരസ്വതീ വിദ്യാനികേതനില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.
ധന്യയുടെ കുടുംബവീടായ പുലിയില ഇളവൂര്‍ തടത്തില്‍മുക്ക് ധനീഷ് ഭവനു സമീപം ഇത്തിക്കരയാറിന്റെ പള്ളിമണ്‍ ഭാഗത്തു കണ്ടെത്തുമ്പോള്‍ മൃതദേഹം ജീര്‍ണിച്ചു തുടങ്ങിയിരുന്നു. മുങ്ങിമരണമാണെന്നാണു പ്രാഥമിക നിഗമനം. വീടിന് 400 മീറ്ററോളം ദൂരെ മൃതദേഹം കണ്ട സ്ഥലം വരെ ദേവനന്ദ എങ്ങനെ എത്തിയെന്നു വ്യക്തമല്ല. എല്ലാ സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.