in ,

നല്ലകാലം കഴിഞ്ഞിട്ടില്ല; വേണ്ടത് കരുണയും കരുതലും

Share this story

തിരുവനന്തപുരം: കേരളത്തില്‍ വയോജനങ്ങളുടെ
എണ്ണം വര്‍ദ്ധിക്കുകയാണ്. നല്ലകാലംമുഴുവന്‍ കുടുംബത്തിനും സമൂഹത്തിനും വേണ്ടി അധ്വാനിച്ചശേഷം അവരുടെ വയോധികകാലം സംരക്ഷിതമാക്കേണ്ട ചുമതല സര്‍ക്കാരിനും സമൂഹത്തിലെ ഓരോ വ്യക്തിക്കുമുണ്ട്. നമ്മുടെ സമൂഹത്തില്‍ വയോധികരെ ഒറ്റപ്പെടുത്തുന്നതും അവര്‍ വീടുകളിലും പൊതുയിടങ്ങളിലും അക്രമിക്കപ്പെടുന്നതും നിത്യസംഭവമാകുന്നു. മക്കളുടെ മര്‍ദ്ദനമേറ്റ് കേഴുന്ന വയോധികരായ മാതാപിതാക്കളുടെ വീഡിയോ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ സമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്തെ വയോജനങ്ങളുടെ എണ്ണംപെരുകുംതോറും അവരുടെ സംരക്ഷണത്തെക്കുറിച്ച് സാമൂഹികാവബോധം വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നൂവെന്ന് നിസംശയം പറയാം. സര്‍ക്കാരാണ് ഇതിന് മുന്‍കൈയെടുക്കേണ്ടത്. വയോധികരുടെ ആരോഗ്യപരിപാലനത്തിനും മറ്റും നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും അവരുടെ മാനസിക പരിപാലനവും ജീവിതസാഹചര്യങ്ങളും സുരക്ഷിതമാകുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം.

നവലോകത്ത് മാറുന്ന ജീവിതസാഹചര്യങ്ങളില്‍ ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്നത് കുട്ടികളും വയോജനങ്ങളുമാണെന്ന കാര്യത്തില്‍ സംശയമില്ല. ഏറ്റവുമധികം കരുതല്‍ വേണ്ട രണ്ടുജീവിതഘട്ടങ്ങളാണിവ.

മാനസികമായ ഒറ്റപ്പെടലും ശാരീരിക-ആരോഗ്യപ്രശ്‌നങ്ങളും ഏറ്റവും അനുഭവിക്കുന്നത് വയോജനങ്ങളാണ്. യുവതയുടെ കരുതല്‍ ഉറപ്പായും ഇവര്‍ക്കൊപ്പമുണ്ടാകണം. സര്‍ക്കാരിന് അതിനുകഴിയുകയും വേണം.

സംസ്ഥാനത്ത് 2018 മാര്‍ച്ചിലെ കണക്കുപ്രകാരം അറുപതുവയസുകഴിഞ്ഞവര്‍ 42 ലക്ഷത്തിലധികംവരും. 1961 -ല്‍ ജനസംഖ്യയുടെ 6 ശതമാനത്തോളം വയോധികരാണ് ഉണ്ടായിരുന്നത്. 2011-ല്‍ അത് മൊത്തം ജനസംഖ്യയുടെ 13 ശതമാനമായി ഉയര്‍ന്നതായാണ് സര്‍ക്കാര്‍ രേഖകള്‍. 9 കൊല്ലംകൂടി കഴിഞ്ഞ് 2020 -ല്‍ എത്തുമ്പോള്‍ ശതമാനക്കണക്കുകള്‍ അതിലും കൂടുതലാണെന്ന് ഉറപ്പാണ്. സാമൂഹിക പെന്‍ഷനടക്കമുള്ളവ നല്‍കുന്നുണ്ടെങ്കിലും സമൂഹത്തില്‍ അരശണരായ വയോധികരുടെണ്ണം പെരുകുകയാണ്.

പൊതുസമൂഹത്തില്‍ ആവശ്യമായ ബോധവത്ക്കരണവും നിയമസംരക്ഷണവും സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതുണ്ട്. വയോജന സംരക്ഷണകേന്ദ്രങ്ങള്‍ നിരവധിയുണ്ടെങ്കിലും അതിന്റെ മറവിലുള്ള തട്ടിപ്പുകള്‍ക്കെതിരേയും സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണം. അവിടങ്ങളില്‍ സര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കുകയും വയോജനങ്ങളോട് കരുണയും കരുതലും ഉറപ്പാക്കുന്ന നടപടികള്‍ എടുക്കുകയും വേണം. ആരോഗ്യമുള്ള സമൂഹത്തിന്റെ ലക്ഷ്യവും ലക്ഷണവും അതുതന്നെ.

ആരോഗ്യരംഗത്ത് പുതു മാതൃക സൃഷ്ടിച്ച് ‘ദിശ 1056 ‘ കോള്‍ സെന്റര്‍

ഈ ലക്ഷണമുണ്ടെങ്കില്‍ കോവിഡ് ഉണ്ടെന്ന് ഉറപ്പിക്കാം