spot_img
spot_img
HomeHEALTHപുകവലിക്കുന്നവര്‍ അറിയേണ്ടത്

പുകവലിക്കുന്നവര്‍ അറിയേണ്ടത്

രസമെന്താണെന്നു വച്ചാല്‍, ഈ കാന്‍സറിനെ നമുക്ക് പേടിയാണ്. കാന്‍സര്‍ ഉണ്ടാക്കുന്ന കീടനാശിനി കലര്‍ന്ന പച്ചക്കറികളെ ഒഴിവാക്കാന്‍ നമ്മള്‍ പരമാവധി നോക്കും. പേടികാരണം ഒരാപ്പിളോ മുന്തിരിയോ പോലും നമ്മള്‍ കടയില്‍ നിന്ന് വാങ്ങാന്‍ മടിക്കും. കാന്‍സര്‍ ഉണ്ടാക്കുമെന്ന് ആരോ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റ് വിശ്വസിച്ചു കാശുകൊടുത്തുവാങ്ങിച്ച യൂഫോര്‍ബിയ ചെടികളെ വെട്ടിയരിഞ്ഞു കടലിലെറിയും. പക്ഷെ അപ്പോഴും നമ്മുടെ ചുണ്ടുകള്‍ക്കിടയില്‍ നിന്നും ആയുസ്സിന്റെ ധവളധൂമം, ഒരു ധൂപക്കുറ്റിയില്‍ നിന്നെന്ന പോലെ ബഹിര്‍ഗമിക്കുന്നുണ്ടാകും. അതുകൊണ്ട് തന്നെ നമുക്കൂഹിക്കാം, പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന് അറിയാഞ്ഞിട്ടല്ല, അവനവന്റെ ജീവനെയും സ്വത്തിനെയും വിലമതിക്കാഞ്ഞിട്ടും അല്ലാ, ക്ഷണികനേരത്തെ ആ സുഖം വേണ്ടാന്നു വയ്ക്കാന്‍ വയ്യാഞ്ഞിട്ടാണ് ഇതിന്റെ പിറകെ പോകുന്നതെന്ന്.

പുകയിലയുടെ ഉപയോഗത്തെ പറ്റി പൊതുവേ പറയുമ്പോള്‍ സിഗരറ്റ്, ബീഡി, മുറുക്കാന്‍, പാന്‍ മസാല തുടങ്ങിയവയിലുള്ള പുകയിലയുടെ ഉപയോഗമാണ് ഉദ്ദേശിക്കുന്നത്. പുകയിലപ്പുകയില്‍ ഹൈഡ്രജന്‍ സയനൈഡ്, അസറ്റോണ്‍, മെഥനോള്‍, ടോളുവിന്‍, ഡി.ഡി.റ്റി, നാഫ്തലീന്‍, ആര്‍സനിക്ക്, ബ്യൂട്ടേന്‍ തുടങ്ങി നാലായിരത്തോളം രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ഇരുന്നൂറില്‍ പരം രാസവസ്തുക്കള്‍ വിഷവസ്തുക്കള്‍ ആണെന്നും അവ നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്നും അവയില്‍ തന്നെ പൈറീന്‍, നാഫ്‌തൈലാമീന്‍, ഡൈബെന്‍സാക്രിഡൈന്‍, പൊളോണിയം, വിനൈല്‍ ക്ലോറൈഡ്, ബെന്‍സോപൈറീന്‍ തുടങ്ങി അമ്പതില്‍പരം രാസവസ്തുക്കള്‍ കാന്‍സര്‍ ഉണ്ടാക്കുന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. പുകവലിയെ പറ്റി പറയുമ്പോള്‍ നമ്മള്‍ സ്ഥിരം കേള്‍ക്കുന്ന ഒന്നുരണ്ടു രാസവസ്തുക്കളെ പറ്റി അല്‍പ്പം കാര്യങ്ങള്‍..

1.നിക്കോട്ടിന്‍
ഒരു സിഗരറ്റില്‍ പത്തുമില്ലിഗ്രാം നിക്കോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഒരു സിഗരറ്റ് വലിച്ചാല്‍ രണ്ടുമില്ലിഗ്രാം രക്തത്തില്‍ എത്തുന്നു. രക്തത്തില്‍ എത്തുന്ന നിക്കോട്ടിന് പത്തു സെക്കന്റിനുള്ളില്‍ തലച്ചോറില്‍ എത്തുന്നു. അത് അവിടെ ഡോപമിന്‍ എന്ന രാസവസ്തുവിന്റെ ഉത്പാദനം കൂട്ടുന്നു. ഈ ഡോപമിനാണ് പുകവലിക്കുമ്പോള്‍ ‘ആനന്ദാനുഭൂതി’ പ്രദാനം ചെയ്യുന്നത്. കൂടാതെ ഇത് നോര്‍അഡ്രിനാലിന്‍ എന്ന രാസവസ്തുവിന്റെ ഉത്പാദനവും കൂട്ടും. അതാണ് പുകവലിക്കുമ്പോള്‍ തോന്നുന്ന ‘ഉത്തേജന’ത്തിന്റെ രഹസ്യം. പക്ഷെ ഈ ക്ഷണികനേരത്തെ ‘ആനന്ദവും ഉത്തേജനവും ‘ വലിയ ദോഷങ്ങള്‍ക്കുള്ള നിലമൊരുക്കുകയാണെന്ന് നമ്മള്‍ അറിയുന്നില്ലാ എന്നെ ഉള്ളു.

  1. കാര്‍ബണ്‍ മോണോക്‌സൈഡ് (CO)
    പുകയിലപ്പുകയിലെ പ്രധാന വാതകം ഇതാണ്. ഒരു സിഗരറ്റില്‍ രണ്ടു മുതല്‍ ആറു ശതമാനം വരെ CO അടങ്ങിയിരിക്കുന്നു. രക്തത്തില്‍ കലര്‍ന്ന്, രക്തത്തിന്റെ ഓക്‌സിജന്‍ വിതരണസങ്കേതങ്ങളെ ഇത് തടസ്സപ്പെടുത്തുന്നു. മാത്രമല്ല രക്തത്തില്‍ നിന്നും ഓക്‌സിജന്‍ ആഗിരണം ചെയ്യാന്‍ കോശങ്ങള്‍ക്കുള്ള കഴിവും ഇല്ലാതാകുന്നു. അങ്ങനെ കോശങ്ങള്‍ പ്രാണവായുകിട്ടാതെ മൃതപ്രായരാകുന്നു. തലച്ചോറിലും ഹൃദയത്തിലുമൊക്കെ ഈ പ്രക്രിയ നിരന്തരം നടന്നാലുള്ള ദോഷങ്ങള്‍ പറയണ്ടല്ലോ!

3.ടാര്‍
ശ്വാസകോശം സ്‌പോഞ്ചുപോലെയാണെന്ന പരസ്യത്തില്‍ പാത്രത്തിലേക്ക് പിഴിഞ്ഞൊഴിക്കുന്ന ആ കറുത്ത ദ്രാവകമാണ് ടാര്‍. ഇത് ശരീരകലകളില്‍ ഒട്ടിപ്പിടിക്കുന്നു. ശ്വാസകോശകാന്‍സറിന്റെ സംഘാടകരില്‍ പ്രധാനി ഇവന്‍ തന്നെ.

 പുകവലി കൊണ്ടുവരുന്ന കാന്‍സര്‍ ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത്. എല്ലാ ശരീരകോശങ്ങളിലും അത് ജനിതകമാറ്റങ്ങള്‍ വരുത്തുന്നു. ഏറ്റവും കൂടുതല്‍ കാന്‍സര്‍ വരുന്നത് വായ, തൊണ്ട, അന്നനാളം, ശ്വാസകോശം, ശബ്ദപേടകം, ആമാശയം എന്നിവിടങ്ങളിലാണ്. കൂടാതെ പക്ഷാഘാതം, നിരവധിയായ ഹൃദ്രോഗങ്ങള്‍, ഹൃദയസ്തംഭനം, അമിത രക്തസമ്മര്‍ദ്ദം, വന്ധ്യത, കാലുകളിലേയ്ക്ക് രക്തയോട്ടം കുറഞ്ഞ് മുറിച്ചുമാറ്റേണ്ട അവസ്ഥ (TAO) തുടങ്ങി ഒരുവിധം എല്ലാ രോഗങ്ങളും ഇതുമൂലം ഉണ്ടാകാം. ഇത്രയധികം രോഗങ്ങള്‍ക്ക് കാരണക്കാരന്‍ തന്നെയായിരിക്കുമല്ലോ കൂടുതല്‍ മരണങ്ങള്‍ക്കും കാരണം. അതേ, ലോകത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമായി അറിയപ്പെടുന്നത് പുകയിലയുടെ ഉപയോഗമാണ്.

ഇതേപറ്റിയുള്ള ചില സ്ഥിതിവിവരക്കണക്കുകള്‍..

1.ലോകാരോഗ്യസംഘടന
ലോകത്ത് ഒരുവര്‍ഷം മുപ്പതുലക്ഷം ആളുകള്‍ പുകയിലജന്യരോഗങ്ങള്‍ കാരണം മരിക്കുന്നു. ഓരോ എട്ടു സെക്കന്റിലും ഒരാള്‍ വീതം മരിച്ചുകൊണ്ടിരിക്കുന്നു. ഇതേ നില തുടര്‍ന്നാല്‍ അടുത്ത ഇരുപതുവര്‍ഷത്തിനുള്ളില്‍ ഇത് മൂന്നു സെക്കന്റില്‍ ഒരാള്‍ വീതമെന്ന സ്ഥിതിയാകും.

2.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
ഇന്ത്യയില്‍ വര്‍ഷംതോറും മൂന്നരക്കോടിയില്‍ അധികം ആളുകള്‍ പുകവലി കാരണം രോഗബാധിതരാകുന്നു. അതില്‍ ഏഴുലക്ഷം പേര്‍ മരണമടയുന്നു.

കേരളത്തില്‍ പുരുഷന്മാരില്‍ കാണുന്ന കാല്‍സറിന്റെ 52% വും സ്ത്രീകളില്‍ കാണുന്ന കാന്‍സറിന്റെ 18% വും പുകയിലയുടെ ഉപയോഗം കാരണമാണ് ഉണ്ടാകുന്നത്. ശ്വാസകോശകാന്‍സര്‍ മൂലം മരിക്കുന്നവരില്‍ തൊണ്ണൂറുശതമാനം ആളുകള്‍ പുകവലിക്കുന്നവരാണ്.

  കഴിഞ്ഞ നൂറുവര്‍ഷക്കാലത്തിനിടയില്‍ പുകയിലയുടെ ഉപയോഗം കൊണ്ട് മരിച്ചവരുടെ എണ്ണത്തെക്കാള്‍ കുറവാണ്, ലോകത്താകമാനം ഇന്നോളം ഉണ്ടായിട്ടുള്ള സകല യുദ്ധങ്ങളിലും കൂടി മരണമടഞ്ഞവര്‍!

- Advertisement -

spot_img
spot_img

- Advertisement -