in , , ,

പെണ്‍കുട്ടികളേ… നിങ്ങള്‍ ഓടണം, ചാടണം….

Share this story

കായിക വിനോദങ്ങള്‍ക്ക് അവസരം നല്‍കൂ… ഹൈപ്പര്‍ ആക്ടിവിറ്റിയും ശ്രദ്ധക്കുറവും മാറട്ടെ…

‘അടങ്ങിയൊതുങ്ങിക്കഴിയുക’ എന്ന പ്രയോഗമെല്ലാം കാലഹരണപ്പെട്ടു തുടങ്ങിയെങ്കിലും കുഞ്ഞുന്നാളു മുതല്‍ പെണ്‍കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന നിബന്ധനകളുടെ ഭാരം ഇപ്പോഴും നമ്മുക്കിടയിലുണ്ട്.

സ്‌കൂള്‍ തലം മുതല്‍ അവരുടെ കഴിവുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതില്‍ രക്ഷിതാക്കള്‍ മടികാട്ടും. പ്രത്യേകിച്ചും കായികപരമായ ഒരു വിനോദത്തിനും പെണ്‍കുട്ടികളെ അനുവദിക്കുന്നവര്‍ വളരെ കുറവുമാണ്. പക്ഷേ അറിയപ്പെടാതെപോകുന്ന പലവിധ മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കായികവിനോദങ്ങള്‍ക്ക് കഴിയുമെന്ന കണ്ടെത്തലാണ് ഒരു കനേഡിയന്‍ പഠനം തെളിയിക്കുന്നത്.

പെണ്‍കുട്ടികളിലെ ശ്രദ്ധക്കുറവും ഹൈപ്പര്‍ ആക്ടിവിറ്റി പ്രശ്നങ്ങളുമെല്ലാം താരതമ്യേന എളുപ്പത്തില്‍ തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. നമ്മുടെ വീട്ടിലെയും സമൂഹത്തിലെയും സാഹചര്യമാണ് ഇതിനുകാരണം. എന്നാല്‍ കൗമാരത്തിന്റെ തുടക്കത്തില്‍ത്തന്നെ പെണ്‍കുട്ടികളിലെ ഇത്തരം പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ കായിക വിനോദങ്ങള്‍ക്കാവുമെന്നാണ് പ്രിവന്റേറ്റീവ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ കനേഡിയന്‍ പഠനം വ്യക്തമാക്കുന്നു.

കുട്ടിക്കാലത്ത് സ്‌കൂള്‍ കായിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ കൗമാരത്തിന്റെ തുടക്കത്തില്‍ തന്നെ മെച്ചപ്പെട്ട പെരുമാറ്റവും ശ്രദ്ധയും കാണിക്കുന്നതായും അവര്‍ കണ്ടെത്തി.

ഏകാഗ്രതയും വ്യക്തിഗത കഴിവുകളും ത്വരിതപ്പെടുത്തുന്നതില്‍ കായികവിനോദങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. കുട്ടിക്കാലം മുതലേ സ്പോര്‍ട്സ് ആരംഭിക്കുകയാണെങ്കില്‍ അവ പ്രത്യേകിച്ചും പ്രയോജനകരമാകുന്നതിന്റെ കാരണവും അതുതന്നെയെന്ന് യൂണിവേഴ്‌സിറ്റി ഡി മോണ്‍ട്രിയല്‍ സ്‌കൂള്‍ ഓഫ് സൈക്കോ എഡ്യൂക്കേഷന്റെ പ്രൊഫസര്‍ ലിന്‍ഡ പഗാനി പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഡി ലാ സ്റ്റാറ്റിസ്റ്റിക് ഡു ക്യുബെക്ക് ഏകോപിപ്പിച്ച ക്യൂബെക്ക് ലോഞ്ചിറ്റിയൂഡിനല്‍ സ്റ്റഡി ഓഫ് ചൈല്‍ഡ് ഡെവലപ്മെന്റിന്റെ ഭാഗമായ

1997, 1998 വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികളില്‍ നടത്തിയ പഠനമാണ് ഇക്കാര്യം തെളിയിക്കുന്നത്. 6 നും 10 നും ഇടയില്‍ പ്രായമുള്ള 991 പെണ്‍കുട്ടികളെയും 1,006 ആണ്‍കുട്ടികളെയും ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. ഇവര്‍ക്ക് 12 വയസെത്തിയപ്പോള്‍ അധ്യാപകരുടെ സഹായത്തോടെ നടത്തിയ വിലയിരുത്തലില്‍ ഈ കുട്ടികള്‍ സഹപാഠികളെ അപേക്ഷിച്ച് മികച്ച പെരുമാറ്റവും ഉത്തരവാദിത്തബോധവും പ്രകടിപ്പിക്കുന്നതായി കണ്ടെത്തി.

എല്ലാ കുട്ടികളുടെയും മാനസികാരോഗ്യത്തിന് കായിക പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റ് നിരവധി ഗുണങ്ങളുണ്ട്. എന്നാല്‍ പെണ്‍കുട്ടികളില്‍ എഡിഎച്ച്ഡി (ശ്രദ്ധക്കുറവും ഹൈപ്പര്‍ ആക്ടിവിറ്റി) കണ്ടെത്തപ്പെടാതെ പോകാനുള്ള സാധ്യത കൂടുതലാണ്.
എഡിഎച്ച്ഡി ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിന്, സ്‌കൂള്‍ കൗമാരകാലത്തെ കായികവിനോദങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്നതായി പഠനം വിലയിരുത്തുന്നു.

കേരളത്തിന് 25 ആംബുലന്‍സുകളും നാലായിരം പിപിഇ കിറ്റുകളും നല്‍കി സീ ചാനല്‍ കേരളം

സോഷ്യല്‍മീഡിയാ ഉപയോഗം നിങ്ങളുടെ ഉറക്കംകെടുത്തും