പത്തനംതിട്ടയില്‍ കൊറോണ ബാധ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളിലും നിരത്തുകളിലും തുപ്പുന്നത് കര്‍ശനമായ വിലക്കേര്‍പ്പെടുത്തിയതായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എവി ജോര്‍ജ്. ഇതുവഴി രോഗം പകരാനുള്ള സാദ്ധ്യത ഉണ്ടെന്ന ബോദ്ധ്യത്തിലാണ് ഇങ്ങനെയൊരു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരവും പരിസരവും ശുചിത്വത്തോടെ സൂക്ഷിക്കേണ്ടത് ജനങ്ങളുടെ കടമയാണെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
കേരളാ പൊലീസ് നിയമം സെക്ഷന്‍ 120(ഇ) പ്രകാരമുള്ള കുറ്റമാണിതെന്നും എവി ജോര്‍ജ് വ്യക്തമാക്കി. നിയമലംഘനമുണ്ടായെന്ന് കണ്ടെത്തുകയാണെങ്കില്‍ നിയമനടപടിയുണ്ടാകുമെന്ന് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി. നിയമപ്രകാരം ഒരു വര്‍ഷം വരെ തടവോ, 5000 രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാളെ മുതല്‍ (09032020) ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നും കമ്മീഷണര്‍ അറിയിക്കുന്നു.
ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ മൂന്ന് പേര്‍ക്കും, ഇവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട സ്വദേശികള്‍ക്കാണ് രോഗം ബാധിച്ചത്. രോഗികള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശികള്‍ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചിരുന്നില്ല.അതേസമയം, ഇറ്റലിയില്‍ നിന്നെത്തിയ കൊറോണ സ്ഥിരീകരിച്ച മൂന്നു പേരുമായി അടുത്തു സഹകരിച്ചെന്നു സംശയിക്കുന്ന 14 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ മൂന്നു പൊലീസുകാരും ഉള്‍പ്പെടുന്നു. ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്