ചര്‍മത്തിനു നിറം നല്‍കുന്നത് മെലാനിന്‍ എന്ന പദാര്‍ത്ഥമാണ്. ത്വക്കിലെ മെലാനോസൈറ്റ് കോശങ്ങളാണ് മെലാനിന്‍ ഉല്പാദിപ്പിക്കുന്നത്. വെള്ളപ്പാണ്ടില്‍ ഈ കോശങ്ങള്‍ നമ്മുടെ തന്നെ പ്രതിരോധശ്രേണിയാല്‍ നശിപ്പിക്കപ്പെടുന്നു. തന്മൂലം മെലാനോസൈറ്റ് കോശങ്ങള്‍ ഇല്ലാതെ വരുന്ന ഭാഗങ്ങളില്‍ മെലാനിന്‍ ഉല്പാദിപ്പിക്കാന്‍ കഴിയാതെ, ചര്‍മത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെട്ടു വെള്ളപ്പാടുകള്‍ രൂപപ്പെടുന്നു.
ശരീരത്തിന്റെ പ്രതിരോധശ്രേണിയെ ബാധിക്കുന്ന ഒരു ഓട്ടോഇമ്മ്യൂണ്‍ രോഗമായതിനാല്‍ വെള്ളപ്പാണ്ട് ഉള്ള രോഗികളില്‍ തൈറോയ്ഡ്, പാരാതൈറോയ്ഡ്, ഡയബറ്റിസ് തുടങ്ങിയ മറ്റു ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ കണ്ടു വരാറുണ്ട്.
വെള്ളപ്പാണ്ട് പകരില്ല. എന്നാല്‍ ഏകദേശം 30 ശതമാനത്തോളം രോഗികളില്‍ അടുത്ത ബന്ധുക്കളിലും ഈ രോഗം കണ്ടു വരുന്നതിനാല്‍ ജനിതകമായ ഘടകങ്ങളും വെള്ളപാണ്ടിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി കരുതി വരുന്നു.
ലക്ഷണങ്ങള്‍
ശരീരത്തിന്റെ ഏതു ഭാഗത്തു വെള്ളപ്പാടുകള്‍ പ്രത്യക്ഷപ്പെടാമെങ്കിലും കൈകാലുകളിലും മുഖത്തും ആണ് സാധാരണ കണ്ടു വരാറ്. പേപ്പര്‍ പോലെ വെളുത്ത, ചൊറിച്ചിലോ മറ്റോ ഇല്ലാത്ത പാടുകളാണ് രോഗലക്ഷണം. ഇത്തരം വെള്ളപ്പാടിനുള്ളിലെ രോമങ്ങളും നരച്ചു കാണപ്പെടുന്നു.
പരിക്കുകള്‍ ഏല്‍ക്കുന്ന മാതൃകയില്‍ പുതിയ പാടുകള്‍ പ്രത്യക്ഷപ്പെടുന്നത് രോഗം ആക്റ്റീവ് ആണ് എന്നതിന്റെ ലക്ഷണമാണ്. പാടുകള്‍ കാണപ്പെടുന്ന ശരീരഭാഗങ്ങള്‍ക്ക് അനുസൃതമായി പലതരം വെള്ളപ്പാണ്ട് ഉണ്ട്.
ലക്ഷണങ്ങളാണ് രോഗനിര്‍ണയത്തിന്റെ ആധാരശില. അതിനാല്‍തന്നെ രോഗനിര്‍ണയത്തിനായി ടെസ്റ്റുകളുടെ ആവശ്യമില്ല. ഒരു ത്വക് രോഗവിദഗ്ധനു പ്രഥമദൃഷ്ട്യാതന്നെ രോഗനിര്‍ണയം സാധ്യമാണ്. പ്രാരംഭഘട്ടത്തിലെ പാടുകള്‍ക്ക് ചിലപ്പോള്‍ കുഷ്ഠം, ചുണങ്ങ്, തുടങ്ങിയ മറ്റു രോഗങ്ങളുമായി സാദൃശ്യം തോന്നിയേക്കാം. അത്തരം സാഹചര്യങ്ങളില്‍ ബയോപ്‌സി പരിശോധന വേണ്ടി വന്നേക്കാം. മറ്റ് ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ ഉണ്ടോ എന്നറിയാനായി തൈറോയ്ഡ് ഫങ്ഷന്‍ ടെസ്റ്റ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് മുതലായ ടെസ്റ്റുകള്‍ ചെയ്യാറുണ്ട്.
ചികിത്സ
പാടുകള്‍ ചികില്‍സിച്ചു പൂര്‍ണമായും പൂര്‍വസ്ഥിതിയില്‍ ആക്കാവുന്നതാണ്. എന്നാല്‍, കാലപ്പഴക്കം ചെന്ന രോഗം, രോമങ്ങള്‍ നരച്ച പാടുകള്‍, ശ്ലേഷ്മ സ്തരത്തിലെയും വിരല്‍ തുമ്പുകളിലെയും പാടുകള്‍ എന്നിവയില്‍ ചികിത്സയോടുള്ള പ്രതികരികരണം താരതമ്യേന കുറവാണ്. രോഗത്തിന്റെ തീവ്രത, ബാധിച്ച ശരീര ഭാഗങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങള്‍ അനുസരിച്ചു വിവിധ തരം ചികിത്സാ രീതികള്‍ നിലവിലുണ്ട്.
ലേപനങ്ങള്‍
സ്റ്റിറോയ്ഡ്, ടാക്രോലിമസ് തുടങ്ങി നിരവധി ലേപനങ്ങള്‍ ഫലപ്രദമാണ്. തീവ്രത കുറഞ്ഞ പരിമിതമായ ഭാഗങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥയില്‍ ലേപനങ്ങള്‍ മാത്രം മതിയാകും.
ഫോട്ടോതെറാപ്പി
അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള ചികിത്സയാണിത്. സൂര്യപ്രകാശം ഉപയോഗിച്ചോ പ്രത്യേക തരം ഉപകരണങ്ങള്‍ ഉപയോഗിച്ചോ ഈ ചികിത്സ ചെയ്യാം. ചില സന്ദര്‍ഭങ്ങളില്‍ അള്‍ട്രാ വയലറ്റ് രശ്മികളോടുള്ള ചര്‍മത്തിന്റെ പ്രതികരണശേഷി കൂട്ടാനുതകുന്ന ലേപനങ്ങളോ ഗുളികകളോ ഇതോടൊപ്പം ഉപയോഗിക്കാറുണ്ട്.