മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ബെവ്കോയില്‍നിന്ന് മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ നടപടി കോടതി വിലക്കിയതോടെയാണ് ദുരന്തം ഭയന്ന് വ്യാജമദ്യത്തിനെതിരായ നടപടികള്‍ കടുപ്പിക്കാനുള്ള തീരുമാനം. മദ്യം കിട്ടില്ലെന്ന് അറിഞ്ഞതോടെ വരുംദിവസങ്ങളില്‍ മദ്യത്തിന്റെ നിറവും മണവുമുള്ള എന്തും ഇക്കൂട്ടര്‍ കുടിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ദുരന്തനിവാരണ നടപടികള്‍ കടുപ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. വാറ്റ് ചാരായത്തിന് പുറമേ സാനിറ്റൈസര്‍ നിര്മ്മാണത്തിനെത്തിക്കുന്ന സ്പിരിറ്റിന്റെയും മറ്റും ലഭ്യത വര്‍ദ്ധിച്ചതാണ് ആശങ്കയ്ക്ക് കാരണം.അതിര്‍ത്തിയില്‍ സ്പിരിറ്റും വ്യാജമദ്യവും സംഭരിക്കുന്നതും കടത്തുന്നതും തടയാന്‍ ബോര്‍ഡര്‍ പട്രോളിംഗും നിരീക്ഷണവും ശക്തമാക്കുന്നതിനും വനമേഖലകള്‍ പോലെ ഒറ്റപ്പെട്ട സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വാറ്റും വിപണനവും തടയുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാനുമാണ് നിര്‍ദേശം.സ്ഥിരം അബ്കാരി കുറ്റവാളികളുടെ ലിസ്റ്റ് തയ്യാറാക്കി പൊലീസും എക്സൈസും രഹസ്യാന്വേഷണ വിഭാഗങ്ങളും ഇവരെ നിരന്തരം നിരിക്ഷിക്കാനും അബ്കാരി കുറ്റവാളികളായ പിടികിട്ടാപ്പുള്ളികളെ ഉടന്‍ കസ്റ്റഡിയിലെടുക്കാനും പൊലീസ് – എക്സൈസ് വിഭാഗങ്ങള്‍ക്ക് നിര്‍ദേശമുണ്ട്.
കൂടാതെ പുതുമുഖങ്ങളായ വ്യാജ മദ്യക്കച്ചവടക്കാരെ തിരിച്ചറിയുന്നതിനായി ഗ്രാമപ്രദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും രഹസ്യനിരീക്ഷണം നടത്തണം. വനമേഖലകളിലെ വാറ്റ് കണ്ടെത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായവും തേടിയിട്ടുണ്ട്. രാത്രികാല പരിശോധന കര്‍ശനമാക്കും. ഗ്രാമങ്ങളിലും നഗരങ്ങളിലും ആളൊഴിഞ്ഞ സ്ഥലങ്ങള്‍ , കെട്ടിടങ്ങള്‍ എന്നിവിടങ്ങളെല്ലാം നിരീക്ഷണ പരിധിയിലുണ്ടാവും. അടഞ്ഞ് കിടക്കുന്ന കള്ള് ഷാപ്പുകളുടെ പരിസരത്ത് അനധികൃത കച്ചവടത്തിനുള്ള സാദ്ധ്യത കൂടുതലായതായിനാല് അവിടങ്ങളില്‍ എപ്പോഴും കണ്ണുണ്ടാകണമെന്നും കീഴുദ്യോഗസ്ഥരോട് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തും മദ്യാസക്തിയുളളവരെ നിരീക്ഷണത്തിലാക്കിയാല്‍ ഉറവിടങ്ങള്‍ കണ്ടെത്താനാകും. ലഹരിവസ്തുക്കളുടെ വിപണനത്തെപ്പറ്റി ലഭിക്കുന്ന എല്ലാ പരാതികളും പരിശോധിക്കണമെന്നുംഒരുപരാതി പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്‍വിധിയോടെ തള്ളിക്കളയരുതെന്നും ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്.