- Advertisement -Newspaper WordPress Theme
FEATURESമദ്യപാനത്തിനായി ഉത്രയുടെ 15 പവന്‍ സ്വര്‍ണം വിറ്റെന്ന് സൂരജ്

മദ്യപാനത്തിനായി ഉത്രയുടെ 15 പവന്‍ സ്വര്‍ണം വിറ്റെന്ന് സൂരജ്

ഉത്രയുടെ സ്വര്‍ണത്തില്‍നിന്നു 15 പവന്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി വിറ്റെന്നും മദ്യപാനത്തിനും ധൂര്‍ത്തിനുമായി ഈ പണം ചെലവിട്ടെന്നും ഭര്‍ത്താവ് സൂരജിന്റെ മൊഴി. പല തവണയായി അടൂരിലെ ജ്വല്ലറിയിലാണു വിറ്റത്. ജ്വല്ലറിയില്‍ തെളിവെടുപ്പു നടത്തിയ ക്രൈംബ്രാഞ്ച് സംഘം സംഭവം സ്ഥിരീകരിച്ചു.
കേസില്‍ പിടിയിലാകുമെന്നു സൂചന ലഭിച്ചപ്പോള്‍ സ്വര്‍ണം പിതൃസഹോദരിക്കു കൈമാറാനായി സൂരജ് പിതാവിനെ ഏല്‍പിച്ചിരുന്നു. എന്നാല്‍ സൂക്ഷിക്കാന്‍ തയാറാകാതെ പിറ്റേന്നുതന്നെ അവര്‍ തിരികെ ഏല്‍പ്പിച്ചു. തുടര്‍ന്നാണു വീട്ടുപരിസരത്തെ റബര്‍ തോട്ടത്തില്‍ കവറുകളിലാക്കി സ്വര്‍ണം കുഴിച്ചിട്ടത്. 38.5 പവന്‍ തോട്ടത്തില്‍നിന്നു കണ്ടെടുത്തിരുന്നു.
വിവാഹദിവസം നല്‍കിയ 96 പവന്‍ ഉള്‍പ്പെടെ 100 പവനോളം സ്വര്‍ണമാണ് ഉത്രയുടെ വീട്ടുകാര്‍ നല്‍കിയത്. സൂരജിന്റെ പിതാവിന് ഓട്ടോറിക്ഷ വാങ്ങാനായി ഇതില്‍ നിന്ന് 21 പവന്‍ ഉത്രയുടെ വീട്ടുകാര്‍ വാങ്ങി പണയംവച്ചു പണം നല്‍കിയിരുന്നു. ബാക്കി സ്വര്‍ണത്തില്‍ 10 പവന്‍ ബാങ്ക് ലോക്കറില്‍നിന്നും 6 പവന്‍ അതേ ബാങ്കില്‍ പണയം വച്ച നിലയിലും കണ്ടെത്തി. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും പണയം വച്ചു. ഉത്രയുടെ സ്വര്‍ണാഭരണത്തില്‍നിന്നു മാറ്റിയ മൂന്നര പവന്‍ കഴിഞ്ഞ ദിവസം വീട്ടുകാര്‍ പൊലീസിനു കൈമാറിയിരുന്നു. ഇതോടെ ഉത്രയുടെ സ്വര്‍ണം ഏറെക്കുറെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടുണ്ട്.
പൂര്‍ണമായും സ്വന്തം ആവശ്യത്തിനായാണു സ്വര്‍ണം വിറ്റതെന്നാണു സൂരജിന്റെ മൊഴി. അടൂരിലെ ബാറില്‍നിന്ന് എല്ലാ ആഴ്ചയിലും രണ്ടായിരത്തോളം രൂപയുടെ മദ്യം വാങ്ങി കഴിച്ചിരുന്നതായും അന്വേഷണ സംഘത്തോട് പറഞ്ഞു. 14 ദിവസത്തെ പൊലീസ് കസ്റ്റഡിക്കു ശേഷം നാളെ സൂരജിനെ കോടതിയില്‍ ഹാജരാക്കും. സൂരജിനെയും പാമ്പിനെ നല്‍കിയ ചാവര്‍കോട് സുരേഷിനെയും കസ്റ്റഡിയില്‍ വാങ്ങുന്നതിനു വനംവകുപ്പ് നാളെ കോടതിയെ സമീപിക്കും. പാമ്പിനെ ദുരുപയോഗം ചെയ്തതിന് ഇരുവര്‍ക്കും എതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme