മാളയുടെ മാണിക്യം എന്നാണ് കെ. കരുണാകരനെ മാളക്കാര്‍ വിശേഷിപ്പിച്ചിരുന്നത്. ജാതിമത രാഷ്ട്രീയ ഭേദമന്യേ മാളക്കാരോട് അടുപ്പം കാണിച്ചിരുന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മാളക്കാരുടെ ഏതുകാര്യത്തിലും രാഷ്ട്രീയം മറന്ന് കൂടെ നില്‍ക്കുന്നതില്‍ തല്‍പ്പരനായിരുന്നു അദ്ദേഹം.
പൊതുപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്‍ കേരളനിയമസഭയിലേക്ക് മാളയില്‍ നിന്ന് ഏഴ് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നാലു തവണ കേരള മുഖ്യമന്ത്രിയും ദീര്‍ഘകാല കോണ്‍ഗ്രസ് നേതാവും പല കോണ്‍ഗ്രസ് തൊഴിലാളി സംഘടനകളുടെ നേതാവും ഐക്യ ജനാധിപത്യമുന്നണിയുടെ മുഖ്യ ശില്‍പ്പിയുമായിരുന്നു. ലീഡര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തിട്ടുണ്ട്.
1918 ജൂലൈ 5-ന് തെക്കേടത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണ അമ്മയുടെയും മൂന്നാമത്തെ മകനായി കണ്ണൂരിലെ ചിറക്കലില്‍ ജനിച്ചു.
ബാലനായിരിക്കുമ്പോള്‍ തന്നെ, നീന്തലിലും ഫുട്ബോളിലും വോളീബോളിലും അതീവ തല്‍പ്പരനായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ മാരാര്‍ എന്ന ജാതിപ്പേര് ഉപയോഗിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.
വടകര ലോവര്‍ പ്രൈമറി സ്‌കൂളിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് അണ്ടല്ലൂരിലും ചിറക്കല്‍ രാജാസ് ഹൈസ്‌ക്കൂളിലും അദ്ദേഹം പഠിച്ചു. രാജാസ് ഹൈസ്‌ക്കൂളില്‍ നിന്ന് മെട്രിക്കുലേഷന്‍ ജയിച്ചതിനുശേഷം തൃശ്ശൂര്‍ ആര്‍ട്സ് കോളേജില്‍ കരുണാകരന്‍ ചിത്രമെഴുത്തും ഗണിതാശാസ്ത്രവും ചെയ്തിരുന്നു. അമ്മാവന്‍ രാഘവന്‍ നായരുടെ മകളായ കല്യാണിക്കുട്ടിയമ്മയെ 1954-ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചു. ഇവരുടെ മക്കളാണ് കോണ്‍ഗ്രസ് നേതാക്കളായ കെ.മുരളീധരനും പത്മജവേണുഗോപാലും, കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കേ 1993-ല്‍ കല്യാണിക്കുട്ടിയമ്മ അന്തരിച്ചു.
സ്വാതന്ത്ര്യസമര കാലഘട്ടത്തിലാണ് കരുണാകരന്റെ രാഷ്ട്രീയപ്രവേശനം. കൊച്ചി രാജ്യപ്രജാ മണ്ഡലത്തിലെ ഒരു പ്രവര്‍ത്തകനായി തുടങ്ങിയ കരുണാകരന്‍ പിന്നീട് തൃശ്ശൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായി 1945 മുതല്‍ 1947 വരെ സേവനം അനുഷ്ഠിച്ചു. കേരളരാഷ്ട്രീയത്തിലെ വിവാദപുരുഷനും, വാര്‍ത്തകളില്‍ വിവാദപുരുഷനും, വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതുമായ വ്യക്തിയാണ് കരുണാകരന്‍. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്. 1937 ല്‍ തൃശ്ശൂര്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി നേതൃനിരയിലേക്ക് ആദ്യത്തെ പടി ചവിട്ടി.
ഇരിങ്ങാലക്കുടയില്‍ പ്രജാമണ്ഡലം സമ്മേളനം നിരോധിക്കപ്പെട്ട 1942ല്‍ നിരോധനം ലംഘിച്ച് അറസ്റ്റ് വരിച്ചവരുടെ കൂട്ടത്തില്‍ കരുണാകരനുമുണ്ടായി. വിയ്യൂര്‍ ജയിലില്‍ ഒന്‍പത് മാസം കിടന്നു.
1982 ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ കെ.കരുണാകരന്‍ മാള നിയമസഭാ മണ്ഡലത്തോടൊപ്പം നേമം നിയമസഭാമണ്ഡലത്തിലും മല്‍സരിച്ചിരുന്നു. രണ്ടിടത്തും വിജയിച്ച കെ. കരുണാകരന്‍ മാളയുടെ പ്രതിനിധിയായി തുടരുകയും നേമം ഒഴിയുകയും ചെയ്തു. കേരളത്തില്‍ ഒരേ സമയം രണ്ട് മണ്ഡലങ്ങളില്‍ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് അദ്ദേഹം.
നാല് തവണ കേരളത്തിന്റെ മുഖ്യമന്ത്രി (1977 മാര്‍ച്ച്- ഏപ്രില്‍: 1981 ഡിസംബര്‍- 1982 മാര്‍ച്ച് , 1982 മേയ്- 1987 മാര്‍ച്ച്, 1991 ജൂണ്‍-1995 മാര്‍ച്ച്)
മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ചശേഷം 1995-ല്‍ രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കരുണാകരന്‍ ഒരു വര്‍ഷത്തോളം കേന്ദ്രവ്യവസായമന്ത്രിയായിരുന്നു.
പ്രതിപക്ഷനേതാവ്, ആഭ്യന്തരമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
1969 മുതല്‍ 1995 വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായിരുന്നു.
കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി ബോര്‍ഡ് അംഗവും ഐ.എന്‍.ടി.സി-യുടെ സ്ഥാപകാംഗമായിരുന്നു. 1952-ല്‍ കരുണാകരന്‍ തൃശ്സൂര്‍ ഡി.സി.സി. പ്രസിഡന്റായി.
വാര്‍ദ്ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് 2010 ഡിസംബര്‍ 23-ന് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു.
മാളയുടെ മാണിക്യം, കണ്ണോത്ത് കരുണാകരന്‍ മാരാന്‍ എന്ന കെ. കരുണാകരന്‍
- Advertisement -