വിറ്റമിന്‍ -ഡി, ഫിഷ് ഓയില്‍ സപ്ലിമെന്റുകള്‍(മീനെണ്ണ) എന്നിവ കഴിക്കുന്നത് പ്രായമായവരില്‍ നിരവധി ഗുണങ്ങളാണ് ഉണ്ടാക്കുക. ശാരീരികവും മാനസികവുമായ ആരോഗ്യത്തിനൊപ്പം രക്തസമ്മര്‍ദ്ദം, അണുബാധ എന്നിവ കുറയുക്കുന്നതിനും ഇവ സഹായകരമാകും. ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും കഴിയുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം, കൃത്യമായ അളവില്‍ മീനെണ്ണ (ഒമേഗ 3), വിറ്റമിന്‍ – ഡി എന്നിവ കഴിക്കുന്നത് പ്രായമായവരുടെ ശരീരത്തിന് നല്ലതാണ്. പക്ഷേ എല്ലുകളുടെ ഒടിവ് തടയുമെന്ന വാദം തെറ്റാണെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ സൂചിപ്പിക്കുന്നു.
പ്രയോജനങ്ങള്‍ ഏറെയാണെങ്കിലും മറ്റുരോഗങ്ങളില്ലാതെ 70 പിന്നിട്ടവരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. വിറ്റാമിന്‍ ഡി, ഒമേഗ -3 (ഫിഷ് ഓയില്‍) നല്‍കിയവരില്‍ ഒടിവുകള്‍ ഉണ്ടാകുന്നതിനോ പേശികളുടെയും ഓര്‍മ്മശക്തിയുടെയും പ്രവര്‍ത്തനത്തില്‍ ഒരു ഗുണവും നല്‍കുന്നില്ലെന്ന് സൂറിച്ചിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ വാര്‍ദ്ധക്യ ഗവേഷണ വിഭാഗം മേധാവി ഡോ. ഹെയ്ക്ക് ബിഷോഫ്-ഫെരാരി പറയുന്നു.

പക്ഷേ തുടര്‍വിശകലനം സൂചിപ്പിക്കുന്നത് ഒരു ദിവസം ഒരു ഗ്രാം ഫിഷ് ഓയില്‍ കഴിക്കുന്നത് മുതിര്‍ന്നവരുടെ മൊത്തത്തിലുള്ള അണുബാധ സാധ്യത 11% കുറച്ചിട്ടുണ്ടെന്നാണ്. മൂത്രനാളിയിലെ അണുബാധയാണ് പ്രായമായവരില്‍ കണ്ടുവരുന്ന സാധാരണ രോഗം. ഇതില്‍ 62% കുറവുണ്ടായതായും വിറ്റാമിന്‍ – ഡി കഴിച്ചവരില്‍ രക്തസമ്മര്‍ദ്ദം ഗണ്യമായി കുറച്ചതായും പഠനത്തില്‍ തെളിഞ്ഞു. പങ്കെടുത്തവര്‍ കൃത്യമായ വ്യായാമസെക്ഷനുകളും പൂര്‍ത്തിയാക്കിയിരുന്നു.
ഒടിവുകള്‍ തടയാനായില്ലെങ്കിലും മീനെണ്ണയുടെ ഉപയോഗംകൊണ്ട് സന്ധികളുടെ ചലനം ത്വരിതപ്പെടുത്താന്‍ കഴിയുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നല്ല ഭക്ഷണക്രമവും വ്യായാമവും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള വിറ്റമിന്‍ സപ്ലിമെന്റുകളുടെ ഉപയോഗവും ഗുണം ചെയ്യുമെന്നും ഗവേഷകര്‍ പറയുന്നു.