in , ,

മുഖക്കുരുവിനെ ഇങ്ങനെ ‘കൈകാര്യം’ ചെയ്യരുത്

Share this story

മുഖക്കുരുവെന്നത് പെണ്‍കുട്ടികളെ അലോസരപ്പെടുത്തുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ കേട്ടപാതി കേള്‍ക്കാത്തപാതി മുഖക്കുരുവിനെതിരേ എന്തു പ്രയോഗവും പെണ്‍കുട്ടികള്‍ ചെയ്തു കളയും. പക്ഷേ, സ്വന്തം കൈയ്യിലിരിപ്പു തന്നെയാണ് മുഖക്കുരുവിനെയും അതിന്റെ പ്രശ്‌നങ്ങളെയും വഷളാക്കുന്നത്.

ഉദാഹരണമായി കണ്ണാടിയില്‍ നോക്കുമ്പോള്‍ ഈ കുരുവിനെ ഒന്നു അമര്‍ത്തി ശരിപ്പെടുത്താമെന്ന തോന്നല്‍ ഉണ്ടാകാറില്ലേ?. ഉറപ്പായും വിരലുകള്‍ കൊണ്ട് ഒന്നമര്‍ത്തി നോക്കാത്തവരുണ്ടാകില്ല. പക്ഷേ, ഈ ശീലംകൊണ്ട് മുഖക്കുരുവിന്റെ ‘കുരുപൊട്ടല്‍’ ഒന്നുകൂടി ശക്തമാകുമെന്നല്ലാതെ വേറെപ്രയോജനമൊന്നുമില്ല. മാത്രമല്ല, പൊട്ടിയ കുരുവിന്റെ പാടുകള്‍ മാറ്റിയെടുക്കുകയും പ്രയാസമാകും. പിന്നെ എത്രതന്നെ പാടുപെട്ടാലും വളരെക്കാലം ഈ പാടുകള്‍ മായാതെ നില്‍ക്കുകയും ചെയ്യും.

ഇനിയുള്ള പ്രയോഗം വിരലുകള്‍കൊണ്ട് ഒന്നുതോണ്ടിനോക്കുക എന്നതാണ്. മുഖത്തെ കുഴികളിലെല്ലാം വെറുതെയൊന്നു ചുരണ്ടുന്ന സ്വഭാവമുണ്ടെങ്കില്‍ അതും ഉടന്‍തന്നെ നിര്‍ത്തണം. അല്ലേല്‍ കൈകളില്‍നിന്നുള്ള ബാക്ടീരിയകള്‍ മുഖത്തെ ചെറിയ കുരുക്കളിലെ പൊട്ടലുകളിലേക്ക് പടരുകയും അത് വീണ്ടും വീക്കം ഉണ്ടാക്കുകയും ചെയ്യും.

ചിലരാകട്ടെ നല്ല മേക്കപ്പിട്ട് ഈ കുരുക്കളെ മറയ്ക്കാനാകുമോ എന്ന പരീക്ഷണത്തില്‍ ഏര്‍പ്പെടാറുണ്ട്. എന്നാല്‍ മേക്കപ്പിനും ഒരു പരിധിയുണ്ടല്ലോ. അതുകൊണ്ടുതന്നെ എപ്പോഴാണ് ചര്‍മ്മത്തിന്റെ സ്വഭാവം മാറുകയും മുഖക്കുരുവിന്റെ പാടുകള്‍ കൂടുതല്‍ വഷളാകുകയും ചെയ്യുകയെന്ന് പറയാനാവില്ല. അതുകൊണ്ട് മേക്കപ്പ് ഉപയോഗിച്ചാലും എണ്ണമയം ഒട്ടുമില്ലാത്തതും കൃത്രിമമല്ലാത്തതുമായ സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുക്കുകയാകും ഉചിതം.

ഇനി മുഖക്കുരു ചികിത്സയുടെ കാര്യത്തിലെ ‘വെപ്രാള’വും നമ്മുക്ക് പണി തരും. ഒരാഴ്ചയ്ക്കുള്ളില്‍ മാറ്റമുണ്ടായില്ലെങ്കില്‍ വീണ്ടും മറ്റൊരു ചികിത്സ തേടുന്ന സ്വഭാവമുണ്ടെങ്കില്‍ അതും മാറ്റേണ്ടതാണ്. ചര്‍മ്മത്തിന് മാറിവരാന്‍ കുറച്ചധികം സമയംതന്നെ വേണ്ടിവരുമെന്നതിനാല്‍ ചികിത്സകള്‍ ഇടയ്ക്കിടെ മാറ്റിപ്പിടിക്കാതിരിക്കണം. ഫലപ്രദമായ ചികിത്സയ്ക്ക് സാധാരണയായി 3-4 മാസം തന്നെ എടുക്കുമെന്നും ഓര്‍ക്കണം.

ഉന്മാദവും നിരാശയും: ബൈപോളാര്‍ അവസ്ഥയെ തിരിച്ചറിയണം

കൊറോണാ വയറസ് വന്നത് ഇന്ത്യയില്‍ നിന്നെന്ന് ചൈന