
യോഗയും വ്യായാമമുറകളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. വ്യായാമങ്ങളില്‍ വേഗം വേണം. എന്നാല്‍, യൊഗയ്ക്കു വേണ്ട. യോഗയില്‍ ശ്വാസോച്ഛാസവും അംഗചലനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കുനിയുമ്പോള്‍ ശ്വാസം വിടുകയും നിവരുമ്പോള്‍ ശ്വാസമെടുക്കുകയും ചെയ്യും.
വ്യായാമം ചെയ്തു കഴിഞ്ഞാല്‍ നമുക്ക് ക്ഷീണം തോന്നുമെങ്കില്‍ യോഗചെയ്ത ശേഷം നമുക്ക് ഉന്‍മേഷമാണു തോന്നുക. യോഗ നമുക്ക് ഊര്‍ജം തരും. മറ്റു വ്യായാമങ്ങളിലൂടെ മസില്‍ പെരുക്കുകയാണ് ചെയ്യുന്നതെങ്കില്‍, യോഗയിലൂടെ മസിലിന്റെ വഴക്കം വര്‍ധിക്കുകയാണ് ചെയ്യുക. തുറസായ സ്ഥലത്ത് 2 അടി വീതിയും 6 അടി നീളവുമുള്ള പായയുണ്ടെങ്കില്‍ ആര്‍ക്കും യോഗ ചെയ്യാം.
ഇന്നത്തെ യുവത്വത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് യോഗയുടെ രീതികളിലും വലിയ മാറ്റം വന്നു. ഇന്നു യുവാക്കള്‍ വളരെ ചെറുപ്പത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങുന്നവരാണ്. അവര്‍ക്ക് സമ്മര്‍ദ്ദവും ഏറെ. അവരില്‍ പലരും സമ്മര്‍ദത്തെ മറികടക്കാന്‍ ശ്രമിക്കുന്നതു യോഗയിലൂടെയാണ്. വേഗം കുറഞ്ഞ പഴയ രീതിയിലുള്ള യോഗയേക്കാള്‍ കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബിക്രം യോഗപോലുള്ള പുതിയ രീതികള്‍ ഇവിടെയാണു പ്രസക്തമാകുന്നത്.
ജീവനക്കാരുടെ സമ്മര്‍ദം കോര്‍പറേറ്റ് കമ്പനികളുടെയും പ്രശ്‌നമാണ്. സമ്മര്‍ദംമൂലം ചിലര്‍ ജോലിക്ക് വരാതാകുന്നു. ചിലര്‍ വിട്ടു പോകുന്നു. ഈ സാഹചര്യങ്ങളില്‍ കോര്‍പറേറ്റ് കമ്പനികളും ആശ്രിയിക്കുന്നത് യോഗയെയാണ്. ഐ.ടി. കമ്പനികളിലും മറ്റും കസേരകളില്‍ തന്നെ ഇരുന്നു ചെയ്യാവുന്ന യോഗമുറകള്‍ പരിശീലിപ്പിക്കുന്നുണ്ട്. ജോലി സ്ഥലത്തു തന്നെ മാറ്റ് വിരിച്ചു യോഗ ചെയ്യുന്നവരുണ്ട്.
വെല്‍നെസിന്റെ പ്രധാന്യത്തെക്കുറിച്ച് നമ്മുടെ യുവാക്കള്‍ അത്രത്തോളം ബോധവാന്മാരായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ കാലം മാറി. എങ്കിലും പലര്‍ക്കും ഇപ്പോഴും ഇതു രണ്ടാമത്തെ കാര്യമാണ്. ഏറെ വൈകാതെ ഇതും മാറും. യോഗ ചെയ്യാന്‍ കൂടുതല്‍ സമയം വേണ്ടേയെന്നാണു പലരും ചോദിക്കുന്നത്.