കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മേയ് മൂന്ന് വരെ നീട്ടി. കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം ഇതുവരെ ജയിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡിനെ ഒരു പരിധിവരെ ഇന്ത്യ പിടിച്ചു നിറുത്തി. ജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്ന് അറിയാം. പോരാട്ടം ശക്തമായി തുടരുന്നു. ഭക്ഷണത്തിനും യാത്രയ്ക്കും ജനം ബുദ്ധിമുട്ടുന്നുണ്ട്. കൊവിഡ് പോരാട്ടത്തില്‍ ഓരോരുത്തരും സൈനികരാണ്. പ്രശ്നം തുടങ്ങിയപ്പോള്‍ത്തന്നെ ഇന്ത്യ നടപടിയെടുത്തു. വന്ശക്തികളെക്കാള് ഇന്ത്യയുടെ കൊവിഡ് പ്രതിരോധം ഫലപ്രദമായിരുന്നു. 550 കേസുകള്‍ മാത്രമുള്ളപ്പോഴാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. മറ്റേത് രാജ്യത്തെക്കാളും ഇന്ത്യന്‍ ജനത ത്യാഗം സഹിച്ചു. അഭിസംബോധനയ്ക്കിടെ അംബേദ്കറെയും മോദി അനുസ്മരിച്ചു. ഇന്ത്യ കാട്ടിയ അച്ചടക്കം ആഗോളമാതൃകയായി എന്നും മോദി പറഞ്ഞു.കൊവിഡിന്റെ സമൂഹ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. രോഗികളുടെ എണ്ണവും മരണ സംഖ്യയും വന്‍തോതില്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ച്ച നീട്ടണമെന്നാണ് ശനിയാഴ്ച്ച മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലുണ്ടായ പൊതു അഭിപ്രായം വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്ര, തെലങ്കാന, പഞ്ചാബ്, തമിഴ്നാട്, കര്‍ണാടക, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടിയിരുന്നു