in , , ,

റോഡപകടങ്ങളില്‍ പൊലിഞ്ഞ ജീവിതങ്ങള്‍ക്കൊപ്പം ലോകം

Share this story

നവംബര്‍ 15: ഇന്ന് അവരുടെ ഓര്‍മ്മദിവസം

വാഹനാപകടങ്ങളും അതേത്തുടര്‍ന്നുള്ള മരണങ്ങളും നിത്യവും വാത്തകളായി നമ്മുക്കു മുന്നിലുണ്ട്. ലോകത്തിന്റെ ഓരോ കോണിലും നിമിഷംപ്രതി അവ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഓരോ 24 സെക്കന്റുകള്‍ക്കുള്ളിലും ലോകത്തൊരിടത്ത് വാഹനാപകടവും മരണങ്ങളും സംഭവിക്കുന്നുണ്ട്. അതായത് ഓരോ 24 സെക്കന്റുകളിലും നമ്മുക്ക് ഒരമ്മയെ, അച്ഛനെ, മകനെ, മകളെ, സഹോദരീ-സഹോദരനെ, കൂട്ടുകാരെ, അയല്‍ക്കാരനെ നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നൂവെന്ന് ലോകാരോഗ്യസംഘടന ഓര്‍മ്മപ്പെടുത്തുന്നു.

ഓരോ വര്‍ഷവും ഇങ്ങനെ 1.35 മില്യണ്‍ ആളുകള്‍ മരണപ്പെടുകയും 50 മില്യണിലധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. വാഹനാപകടങ്ങളില്‍ നിന്നും രക്ഷപ്പെടുന്നവരില്‍ പലരും ഗുരുതരും അല്ലാത്തതുമായ ആരോഗ്യപ്രശ്‌നങ്ങളുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്.

ഇന്ന് നവംബര്‍ 15. എല്ലാവര്‍ഷവും നവംബറിലെ മൂന്നാമത്തെ ഞായറാഴ്ച വാഹനാപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഓര്‍മ്മദിനമായി ലോകം ആചരിക്കുന്നു. 1995 -ലാണ് യൂറോപ്യന്‍ ഫെഡറേഷന്‍ ഓഫ് റോഡ് ട്രാഫിക് ഇരകളുടെ സംഘടന ഒരു അനുസ്മണ ദിനം സംഘടിപ്പിച്ചുതുടങ്ങിയത്.

ഗതാഗത നിയമലംഘനത്തെക്കുറിച്ചും സുരക്ഷിതമായ ഡ്രൈവിംഗിനെക്കുറിച്ചുമൊക്കെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പത്തുവര്‍ഷം കൊണ്ട് ആ പ്രവര്‍ത്തനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്കും അവര്‍ക്ക് വ്യാപിപ്പിക്കാനായി. ആഫ്രിക്ക, തെക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘടനകള്‍ കൂടി ചേര്‍ന്നതോടെ ഐക്യരാഷ്ട്ര സഭയും ഈ വിഷയം പരിഗണിച്ചു. വാഹനാപകടങ്ങളില്‍ കുട്ടികള്‍ മുതല്‍ ചെറുപ്പക്കാരും മുതിര്‍ന്നവരുമെല്ലാം അകാലമരണത്തില്‍ പെടുന്നത് ഗൗരവമാണെന്നു കണ്ട് 2005 ഒക്‌ടോബര്‍ 26-ന് അവര്‍ക്കായും അവരുടെ കുടുംബങ്ങള്‍ക്കായും ഒരു ഓര്‍മ്മ ദിനം ആചരിക്കാന്‍ യുഎന്‍ ജനറല്‍ അസംബ്ലി തീരുമാനമെടുക്കുകയായിരുന്നു.

റോഡപകടങ്ങളില്‍പെട്ട് ഏറ്റവും കൂടുതലായി കുട്ടികളും ചെറുപ്പക്കാരും കൊല്ലപ്പെുന്നത് ദരിദ്ര രാജ്യങ്ങളിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറയുന്നു. 5 നും 29 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും ജീവന്‍വെടിയേണ്ടി വരുന്നതിലേറെയും അപകടമരണങ്ങളിലാണ്. ഇതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ഇരകളില്‍ 90 ശതമാനം ഇടത്തരം കുടുംബങ്ങളില്‍ പെട്ടവരാണെന്നും അദ്ദേഹം ഇക്കൊല്ലത്തെ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

2030 ഓടെ റോഡ് മരണങ്ങളും പരുക്കേല്‍ക്കുന്നവരുടെയും നിരക്ക് പകുതിയായി കുറയ്ക്കണമെന്ന ലക്ഷ്യത്തോടെ 2021 മുതല്‍ 2030 വരെയുള്ള റോഡുസുരക്ഷാ പ്രചരണപദ്ധതികള്‍ സംഘടിപ്പിക്കാനാണ് ഇക്കൊല്ലത്തെ ഓര്‍മ്മദിനത്തിലെടുത്ത തീരുമാനം.

റോഡുകളില്‍ കൊല്ലപ്പെടുകയും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തവരെയും അവരുടെ കുടുംബങ്ങളെയും കുറിച്ചുള്ള ചിന്ത എല്ലാവരിലും എത്തിക്കുകയാണ് പ്രധാനം. മദ്യപിച്ചും അശ്രദ്ധമായും കുറ്റകരമായും വാഹനമോടിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുകയും സര്‍ക്കാരുകള്‍ ചെയ്യേണ്ടതുണ്ട്. നിലവില്‍ ഇന്ത്യയില്‍ ഗതാഗതനിയമങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ടെങ്കിലും നിയമലംഘകര്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ ഉണ്ടായാല്‍ മാത്രമേ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ റോഡുസുരക്ഷ ഉറപ്പാക്കാനാകൂവെന്നതാണ് യാഥാര്‍ത്ഥ്യം.

2020 -ലെ ഏകമഹാമാരി കോവിഡ് 19 മാത്രമോ?

മീനെണ്ണ (ഒമേഗ 3), വിറ്റമിന്‍ – ഡി: പ്രായമായവരുടെ എല്ലുകള്‍ക്ക് ബലം നല്‍കുമോ?