കൊറോണ വൈറസ്- SARS-CoV-2 ന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കിയ 97.5 ശതമാനം ആളുകളിലും, വൈറസ് ബാധ ഉള്ളവരുമായി സമ്പര്‍ക്കമുണ്ടായി 11.5 ദിവസത്തിനുള്ളില്‍ തന്നെ അണുബാധ ഉണ്ടായതായി കണ്ടു. 14 ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യപ്പെട്ട 10,000 പേരില്‍, ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞിട്ടും 101 പേരില്‍ മാത്രമാണ് ലക്ഷണങ്ങള്‍ പ്രകടമായത് എന്നും കണ്ടു. ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ അടിസ്ഥാനമാക്കി 14 ദിവസത്തെ ക്വാറന്റൈന്‍ തന്നെ മതിയാകും എന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ജസ്റ്റിന്‍ ലെസ്‌ലല്‍ പറഞ്ഞു.
ചൈനയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള 181 കേസുകളാണ് പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്. ഇത് ഫെബ്രുവരി 24 നു മുന്‍പ് രോഗം സ്ഥിരീകരിച്ച കേസുകളും ആയിരുന്നു. ചൈനയിലെ വുഹാനില്‍ നിന്നോ വുഹാനിലേക്കോ യാത്ര ചെയ്തവരും ഹ്യൂബേയിലുള്ളവരും ആയിരുന്നു മിക്കവരും.
കൊറോണ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും രോഗബാധ ഉള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തവരെയും 14 ദിവസത്തെ ക്വാറന്റൈന്‍ അഥവാ നിരീക്ഷണത്തില്‍ ആക്കുകയാണ് ചെയ്യുന്നത്.
2002-04 കാലയളവില്‍ ചൈനയിലും ഹോങ്കോങ്ങിലും പൊട്ടിപ്പുറപ്പെട്ട SARS-CoV എന്ന രോഗബാധയുടെ അതേ ഇന്‍ക്യുബേഷന്‍ പീരിയഡ് തന്നെയാണ് SARS-CoV-2 എന്ന പുതിയ കൊറോണ വൈറസിനും. മധ്യ കിഴക്കന്‍ രാജ്യങ്ങളില്‍ നൂറോളം പേരെ ബാധിച്ച MERS-CoV എന്ന കൊറോണ വൈറസിന്റെ ഇന്‍ക്യുബേഷന്‍ പീരിയഡ് 5-7 ദിവസം വരെ ആയിരുന്നു.കഴിഞ്ഞ നാലുമാസമായി കുറഞ്ഞത് 119, 292 പേരെയാണ് ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ ബാധിച്ചത്.
കൊറോണ വൈറസിന്റെ ഇന്‍ക്യുബേഷന്‍ പീരിയഡ് കൃത്യമായി കണക്കു കൂട്ടാന്‍ സാധിച്ചത് ഫലപ്രദമായ നിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കും. അണുബാധയും രോഗവ്യാപനവും തടയാനും പൂര്‍ണമായും ഇല്ലാതാക്കാനും ക്വാറന്റൈന്‍ സഹായിക്കും.