ലഹരിമരുന്നിതിരെ മനസ്സിലുദിച്ച ആശയം ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയാക്കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. കുളത്തൂര്‍ ഗവ: വി.എച്ച്.എസ്.എസിലെ സൂര്യാസുന്ദരാണു ലഹരി ഉപയോഗത്തിനെതിരെ സിനിമ ഒരുക്കിയത്. സൂര്യ തന്നെ കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ‘സാക്ഷി’ക്ക് ഇതിനോടകം മികച്ച പിന്തുണയും ലഭിച്ചു. നടന്‍ മോഹന്‍ലാല്‍, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, മന്ത്രി.സി.രവീന്ദ്രനാഥ് തുടങ്ങി നിരവധി പേര്‍ ഈ കുട്ടിക്കലാകാരന് ആശംസകള്‍ നേര്‍ന്നു. മദ്യവും ലഹരിമരുന്നും കുടുംബങ്ങളില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ തുറന്നു കാണിക്കുകയാണ്. കാലിക പ്രസക്തിയുള്ള വിഷയം കൊണ്ടും കണ്ണുകളെ ഈറനണിയിക്കുന്ന സന്ദര്‍ഭങ്ങളാലും സമ്പന്നമാണു സാക്ഷി.
പത്രവാര്‍ത്തകളാണ് ലഹരിവിരുദ്ധ ആശയം സമ്മാനിച്ചത്. സിനിമ-മോഹം വീട്ടില്‍ പറഞ്ഞപ്പോള്‍ ആദ്യം ഇതു കാര്യമാക്കിയില്ല. പിന്നീട് കഥ എഴുതി കഴിഞ്ഞതോടെ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും വലിയ പിന്തുണ ലഭിച്ചെന്നും സൂര്യ പറഞ്ഞു. നെയ്യാറ്റിന്‍കര പ്ലാമൂട്ടുക്കട പോരന്നൂര്‍ നാച്ചിറവിളാകം സ്വദേശിയാണ്. ശാന്തി ക്രിയേഷന്റെ ബാനറില്‍ സൂര്യയുടെ അമ്മയും ശാന്തി യോഗ മേഡിറ്റേഷന്‍ സെന്റര്‍ ഉടമയുമായ ശോഭന ശിവാനന്ദനാണു ചിത്രം നിര്‍മിച്ചിരിക്കുന്നത്. അച്ഛന്‍ ശിവാനന്ദനും പിന്തുണയുമായി ഒപ്പമുണ്ട്. ചിത്രം കുട്ടികളുടെ ചലച്ചിത്രമേളയില്‍ അവതരിപ്പിക്കാനാണുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. ലഹരിവരുദ്ധ പ്രചാരണത്തിന്റെ ഭാഗമയി സംസ്ഥാനത്തെ സ്‌കൂളുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നമെന്നു എക്സൈസ് കമ്മിഷണറേറ്റ് സൂര്യക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. തിരക്കഥ സംഭാഷണം ഷബീര്‍ഷ്, ക്യാമറ: രഞ്ജിത് മുരളി, ഗാനങ്ങള്‍: സുമേഷ് കൃഷ്ണ, സംഗീത സംവിധാനങ്ങള്‍: ബഷീര്‍ നൂഹ്, ഗിന്നസ് വിനോദ്, ദിവ്യ, അശ്വിനി, അനന്തു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.