in ,

ലോക്ഡൗണില്‍ ലഹരിക്കടത്ത് വര്‍ധിച്ചതായി എക്‌സൈസ് ഇന്റലിജന്‍സ്

Share this story

ലോക്ഡൗണ്‍ കാലത്ത് കേരളത്തിലേക്കു കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടെ കടത്തു വന്‍തോതില്‍ വര്‍ധിച്ചതായി എക്‌സൈസ് ഇന്റലിജന്‍സ്. ആവശ്യക്കാര്‍ വര്‍ധിച്ചതും കോവിഡ് ഭീതി കാരണം പരിശോധന കുറഞ്ഞതുമാണു കടത്ത് വര്‍ധിക്കാനിടയാക്കിയത്.
ലഹരിമരുന്നുകള്‍ക്കു വിലയും സാരമായി വര്‍ധിച്ചു. കോവിഡ് കാലത്ത് ലഹരിമരുന്നു കേസുകള്‍ കണ്ടെത്താനും റജിസ്റ്റര്‍ ചെയ്യാനും എന്തൊക്കെ സുരക്ഷാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്ന വ്യക്തമായ നിര്‍ദേശം ഇതുവരെ പൊലീസിനോ എക്‌സൈസിനോ ലഭിച്ചിട്ടില്ല.
ഒഡീഷയില്‍ നിന്ന്, ചരക്ക് ലോറികളിലും പാര്‍സല്‍ ലോറികളിലുമാണു കൂടുതലായും കഞ്ചാവെത്തുന്നത്. കൃത്യമായ വിവരം ലഭിച്ചാല്‍ മാത്രമേ എക്‌സൈസും പൊലീസും ഇപ്പോള്‍ ലോറികള്‍ പരിശോധിക്കുന്നുള്ളൂ.
കോവിഡ് പകരുമോയെന്ന ഭീതി കാരണം ഇതിനു പോലും പല ഉദ്യോഗസ്ഥരും വിമുഖത കാട്ടുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ തൃശൂരില്‍ 170 കിലോഗ്രാം, കോട്ടയം ഏറ്റുമാനൂരില്‍ 65 കിലോ, മലപ്പുറം നിലമ്പൂരില്‍ 56 കിലോ, പാലക്കാട് കൊല്ലങ്കോട് 20 കിലോ എന്നിങ്ങനെ കഞ്ചാവ് എക്‌സൈസ് പിടികൂടിയിരുന്നു.
മേയ് ആദ്യവാരം എറണാകുളം പെരുമ്പാവൂരില്‍നിന്നു പിടിച്ചത് 16 കിലോ കഞ്ചാവാണ്. സംശയമുള്ള ലോറികളോ മറ്റു വാഹനങ്ങളോ പരിശോധിക്കാനോ വ്യക്തികളെ ദേഹപരിശോധന നടത്താനോ ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടുകയാണ്. മാസ്‌കും ഗ്ലൗസും മാത്രമാണു കോവിഡ് പ്രതിരോധത്തിനായി എക്‌സൈസ്, പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ളത്.
എല്‍എസ്ഡി സ്റ്റാംപ് അടക്കമുള്ള രാസ ലഹരിമരുന്നുകള്‍ ബാഗുകളിലും പഴ്‌സുകളിലും വരെ സൂക്ഷിക്കാമെന്നിരിക്കെ, ഇവ കണ്ടെത്താന്‍ കാരിയര്‍മാരുടെ ദേഹപരിശോധന ആവശ്യമാണ്. സുരക്ഷാ സംവിധാനങ്ങളില്ലാതെ ദേഹപരിശോധന നടത്തുന്നത് അപകടകരമാണു താനും.
ചോദ്യം ചെയ്യല്‍, മൊഴിരേഖപ്പെടുത്തല്‍, െതളിവെടുക്കല്‍, തൊണ്ടിമുതല്‍ കണ്ടെടുക്കല്‍ തുടങ്ങി പ്രതികളുമായി നേരിട്ട് ഇടപെടേണ്ട സന്ദര്‍ഭങ്ങള്‍ വേറെയമുണ്ട്. പ്രതികളെ റിമാന്‍ഡ് ചെയ്യുന്നതിലെ നൂലാമാലകളും ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കുന്നു.

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചു

രോഗലക്ഷണമില്ലാത്തവര്‍ കൊറോണ വൈറസ് പരത്തുന്നതെങ്ങനെ?