- Advertisement -Newspaper WordPress Theme
Editor's Picksലോക്ഡൗണ്‍ കാലത്തെ മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നത് വളര്‍ത്തുമൃഗങ്ങള്‍

ലോക്ഡൗണ്‍ കാലത്തെ മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നത് വളര്‍ത്തുമൃഗങ്ങള്‍

മനുഷ്യനും മറ്റു ജീവജാലങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന കണ്ണിയാണ് വളര്‍ത്തുമൃഗങ്ങള്‍. കെട്ടിയിടപ്പെട്ട (ഒരു തരത്തില്‍ പണ്ടേ ലോക്ഡൗണ്‍ ആയവര്‍) നായയും വീട്ടിനുള്ളില്‍ ഇടംനേടിയ പൂച്ചയുമടക്കം നിരവധി മൃഗങ്ങള്‍ മനുഷ്യരോടൊപ്പം ജീവിതം നയിക്കുന്നു. കോവിഡ് 19 വൈറസ് ലോകമെമ്പാടുമുള്ള മനുഷ്യരെ ഒരുപരിധിവരെ നിശ്ഛലമാക്കിയിരിക്കുന്നു. മാനസിക സമ്മര്‍ദ്ദം ഇത്രയേറെ അനുഭവിക്കേണ്ടിവരുന്ന മറ്റൊരു സന്ദര്‍ഭവുമില്ല. എന്നാല്‍ ഈ ലോക്ഡൗണ്‍കാലത്ത് മനുഷ്യരുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പങ്ക് വലുതാണെന്ന് പുതിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടണിലെ യോര്‍ക്ക് സര്‍വകലാശാലയും ലിങ്കണ്‍ സര്‍വകലാശാലയും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കോവിഡ് കാലത്ത് അകപ്പെട്ടവരുടെ ഏകാന്തത കുറയ്ക്കുന്നതിനും മെച്ചപ്പെട്ട മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനും അവരുടെ വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

ആറായിരത്തോളംപേരാണ് പഠനത്തില്‍ പങ്കാളികളായത്. ഇവരില്‍ 90 ശതമാനം വീടുകളിലും വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടായിരുന്നു. നായ്ക്കളും പൂച്ചകളും മാത്രമല്ല ചെറിയ സസ്തനികളും മത്സ്യങ്ങളുമൊക്കെ വളര്‍ത്തുന്നവരെ അടിസ്ഥാനമാക്കിയാണ് മാനസിക സംഘര്‍ഷ പഠനം തയ്യാറാക്കിയത്.

വളര്‍ത്തുമൃഗങ്ങളല്ലാത്തവരുടെ വീട്ടിലും തോട്ടത്തിലുമെത്തുന്ന പക്ഷികള്‍ ഇതേഫലം പ്രദാനം ചെയ്യുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. പലരും പക്ഷി നിരീക്ഷണവും വീട്ടിലും തോട്ടത്തിലുമൊക്കെ എത്തുന്ന പക്ഷികള്‍ക്ക് ഭക്ഷണവും വെള്ളവുമെല്ലാം നല്‍കുന്നുണ്ടെന്നും സര്‍വേയില്‍ പങ്കെടുത്ത 55 ശതമാനം ആളുകളും സമ്മതിച്ചു. പക്ഷികള്‍ മുമ്പും ചുറ്റിനുമുണ്ടായിരുന്നിട്ടും അവയെ കണ്ടെത്താന്‍ ഈ മഹാമാരിക്കാലത്തു മാത്രമേ കഴിഞ്ഞുള്ളൂവെന്നു ചുരുക്കം. അതായത് ചുറ്റിനുമുള്ള പ്രകൃതിക്കും മറ്റു ജീവജാലങ്ങള്‍ക്കളും മനുഷ്യരുടെ ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഈ പഠനം തെളിയിക്കുന്നു.

ഈ ലോക്ഡൗണ്‍കാലത്തെ വൈകാരികമായി നേരിടാന്‍ വളര്‍ത്തുമൃഗങ്ങള്‍ ഉള്ളവര്‍ക്കെല്ലാം കഴിഞ്ഞൂവെന്നാണ് നിഗമനം. മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ വളര്‍ത്തുമൃഗങ്ങളുടെ ചേഷ്ടകളും ഇടപെടലുകളും നന്നായി സഹായിക്കുന്നുണ്ടെന്ന് ഭൂരിപക്ഷംപേരും അഭിപ്രായപ്പെട്ടു. പക്ഷേ, 68 ശതമാനം വളര്‍ത്തുമൃഗ ഉടമകളും തങ്ങളുടെ മൃഗങ്ങളുടെ ആരോഗ്യപരിപാലനത്തെക്കുറിച്ച് ആശങ്കയുള്ളവരായി. ലോക്ഡൗണ്‍കാലത്തെ മൃഗപരിപാലനത്തെക്കുറിച്ചായിരുന്നു പലര്‍ക്കും ആധി. തങ്ങള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആരാണ് വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുകയെന്ന് ആശങ്കയാണ് പലരും പങ്കുവച്ചത്.

മാത്രമല്ല വളര്‍ത്തുമൃഗങ്ങള്‍ക്ക് അസുഖംബാധിച്ചാല്‍ പഴയപോലെ ചികിത്സ ലഭ്യമാക്കാനുള്ള പ്രതിസന്ധിയും ഉടമകളെ നിരാശരാക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ഈ ലോക്ഡൗണ്‍ കാലത്ത് മൃഗചികിത്സ സര്‍ക്കാരുകള്‍ ഉറപ്പാക്കേണ്ടതാണെന്നും
ലിങ്കണ്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സസിലെ പ്രൊഫസര്‍ ഡാനിയേല്‍ മില്‍സ് പറയുന്നു. കാരണം ഇവ നിറവേറ്റുന്നതില്‍ പരാജയപ്പെടുന്നത് ആളുകള്‍ക്കും അവരുടെ വളര്‍ത്തുമൃഗങ്ങള്‍ക്കും ദോഷകരമായ ഫലമുണ്ടാക്കും.

വളര്‍ത്തുമൃഗങ്ങളുടെ സാന്നിധ്യം മനുഷ്യരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ഏകാന്തതയെ വൈകാരികമായി നേരിടാന്‍ സഹായിക്കുമെന്ന് ഉറപ്പാണെങ്കിലും ഈ കണ്ടെത്തല്‍ ക്ലിനിക്കല്‍ പ്രാധാന്യമുള്ളതാകാന്‍ സാധ്യതയില്ലെന്നും ഗവേഷകര്‍ പറയുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme