in , , ,

വഴിതെറ്റുന്ന കൗമാരം; കുറ്റപ്പെടുത്താന്‍ ആര്‍ക്കാണ് യോഗ്യത? ഗോപന്‍ സൗപര്‍ണിക

Share this story

ഉച്ചയൂണു കഴിഞ്ഞ് സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോഴാണ് പ്യാരിയും മേരിയും ടോയ്‌ലറ്റുകളിലെ സിഗരറ്റുവലിയെക്കുറിച്ച് പരാതി പറഞ്ഞത്. 8, 9, 10 ക്ലാസുകളിലെ കുട്ടികള്‍ വലിച്ചു പഠിക്കുകയാണ്. പ്ലസ്വണ്‍, പ്ലസ്ടു ചേട്ടന്മാരാണ് ഗുരുനാഥന്മാര്‍.

ട്രെയിനിംഗും പാസിംഗ് ഔട്ടും ഒരാഴ്ച കൊണ്ട് കഴിയും- പിന്നെ ജീവിതകാലം മുഴുവന്‍ നീണ്ട വലിയാണ് ! സമാപനവലിയുടെ സമയം കുറച്ചുകൊണ്ടുള്ള ഒരു ജീവന്മരണ പോരാട്ടം, ഒപ്പം ധീരശൂര പരാക്രമികളായ പുരുഷകേസരിപ്പട്ടത്തിലേക്കുള്ള ഫാസ്റ്റ് മൂവ് എന്‍ട്രിയും ! ആണത്തം എന്ന പദവി ടോയ്‌ലറ്റ് ഉള്ളറകളില്‍ രൂപപ്പെട്ട് ലൈസന്‍സ് നേടിയാല്‍ ആരുടെ മുന്നിലും ആരുടെ മുഖത്തും പുക വളയങ്ങള്‍ ഊതി വിടാമെന്ന സൗകര്യവുമുണ്ട്.

‘വലി’യുടെ പരിശീലനം പൂര്‍ത്തിയാക്കിയാല്‍ പിന്നെ ‘കുടി’ എന്ന ഹെവി ലൈസന്‍സിന് അപേക്ഷ കൊടുക്കുകയായി- ബിയര്‍ ആണ് നവാഗതര്‍ക്കുള്ള വെല്‍ക്കം ഡ്രിംഗ്. തണുത്ത് തലപെരുക്കുന്ന ഒരേണ്ണം വിഴുങ്ങിയാല്‍ ഒന്ന് ഫ്രീ- അത് ഒരാഴ്ചകൊണ്ട് പാസായാല്‍ പിന്നെ മറ്റ് ‘കിടിലന്‍’ ഐറ്റങ്ങള്‍ ഒന്നൊന്നായി പരീക്ഷിക്കുകയായി.

അപ്പോഴാവും ഓണവും ക്രിസ്തുമസും റംസാനും എത്തുന്നത്. പിന്നെയുള്ള ദിനങ്ങള്‍ ആഘോഷത്തിന്റേതാണ് ! തുടര്‍ന്ന് മോഷണം, പിടിച്ചുപറി ഒക്കെക്കൂടി ‘ചുള്ളന്‍ ആണ്‍കുട്ടിക്കളായി ‘. അങ്ങനെ പുതുകാലത്തിന്റെ പ്ലസ്വണ്‍, പ്ലസ്ടൂകാര്‍ രൂപാന്തരം പ്രാപിക്കുകയായി.

പതിനെട്ടിന്റെ വരമ്പത്തുചവിട്ടി നില്‍ക്കുന്ന ഇക്കൂട്ടരെ നിയന്ത്രിക്കാന്‍ ആര്‍ക്കാവും? അച്ഛനോ, അമ്മയ്‌ക്കോ, അധ്യാപകനോ?. ആര്‍ക്കുമാവില്ലെന്നതാണ് ഉത്തരം.

എന്തുകൊണ്ട് നമ്മുടെ യുവത്വം ഇത്തരത്തിലേക്ക് വഴുതുന്നു?

അവര്‍ക്കു ചുറ്റിലുമുള്ള ലോകം ലഹരിയില്‍ പൊതിഞ്ഞ ‘ജീവിത’ത്തെ മഹത്വവല്‍ക്കരിക്കുന്നു. ‘രണ്ടാമത്തെ പെഗ്ഗില്‍ ഐസ് ക്യൂബ് വീഴും മുമ്പ് ‘- എന്നു തുടങ്ങി വെള്ളിത്തിരയില്‍ ആവേശംവിതറുന്ന നായകകഥാപാത്രങ്ങള്‍ കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നതാണ് വാസ്തവം.

ഓണം വന്നാലും ഉണ്ണി പിറന്നാലും ഒന്നൊഴിച്ചടിച്ച്, ടച്ചിംഗ്‌സില്‍ വിരല്‍ അമര്‍ത്തിയില്ലെങ്കില്‍ – ഉണ്ണിയുടെ അച്ഛന്‍ ആണല്ലാതാകുന്ന സമൂഹമായി നമ്മള്‍ മാറി. ഓണത്തിനും സംക്രാന്തിക്കും സ്‌മോള്‍-ലാര്‍ജ് വിരുന്നുകള്‍ ഒരുക്കാന്‍ പലരെയും ബാധ്യസ്ഥരാക്കുന്നതും ഇതേ മനോഭാവം തന്നെ. വീട്ടിനുള്ളില്‍ ഇതുകണ്ടു ശീലിക്കുന്ന കുട്ടികള്‍ വഴിതെറ്റിപ്പോകുന്നൂവെന്ന് വിലപിച്ചിട്ടെന്തു കാര്യം?

ഇനി സ്‌കൂളുകളില്‍ ഇത്തരമൊരു പ്രവൃത്തിയില്‍ ഏര്‍പ്പെട്ട കുട്ടികളെ ഒരു അധ്യാപകന്‍ ഒന്നു ശാസിച്ചാലോ, നന്നാകണമെന്ന ഉദ്ദേശത്തില്‍ ചൂരലിന് പെടപ്പിച്ചാലോ എന്താണ് അവസ്ഥ. അധ്യാപകനെ ചോദ്യംചെയ്യാനെത്തുന്ന രക്ഷിതാക്കള്‍ എന്റെ കൊച്ചനങ്ങനെ ചെയ്യില്ലെന്നുറപ്പിച്ച് പറഞ്ഞ് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. മക്കളോട് സ്നേഹംകൂടിയ ചില രക്ഷിതാക്കള്‍ ഹതഭാഗ്യരായ ഈ അധ്യാപകരെ ബാലാവകാശം, ചൈല്‍ഡ് ലൈന്‍ തുടങ്ങി പോസ്‌കോ കേസുകളില്‍ വരെ കുടുക്കിയാകും മക്കളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതും. ഇനി അച്ഛനോ അമ്മയോ ബന്ധുക്കളോ സ്വന്തം കുട്ടികളെ ശിക്ഷിക്കാന്‍ ശ്രമിച്ചാലും ഇതേ നിയമാവലികള്‍ കുട്ടിക്കള്ളന്മാര്‍ക്ക് കുടചൂടി നില്‍ക്കുകയും ചെയ്യും.

അങ്ങനെ ശിക്ഷയും ശിക്ഷണവുമില്ലാത്ത സര്‍വ്വതന്ത്രരായ ഒരു കുഞ്ഞുസമൂഹം ആരെയും ഭയമില്ലാതെ ഇവിടെ വളര്‍ന്നുവരുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

എന്തിനും ഏതിനും നിയമമുള്ള ഈ നാട്ടില്‍ നിയമം പാലിക്കുന്നവന്‍ മണ്ടനും നിയമലംഘകന്‍ മിടുക്കനുമായിത്തീരുന്ന അവസ്ഥയും പലകുറി ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

വണ്‍വേ ലംഘിച്ച് എയര്‍ ഹോണ്‍ മുഴക്കി, റെഡ് സിഗ്നല്‍ ലംഘിച്ചു പോകുന്ന മന്ത്രിമാര്‍ എക്കാലത്തും ജനങ്ങള്‍ക്കുമുന്നില്‍ ഹീറോ തന്നെ എന്നുറപ്പിക്കുന്ന മനോഭാവമാണ് പല ഭരണാധികാരികള്‍ക്കും. ഇനിയിതിന് നിയമത്തിന്റെ പൂട്ടിടാനിറങ്ങിയാല്‍ ആ നിയമപാലകന്‍ വീട്ടിലിരിക്കുമെന്നതും പച്ചയായ യാഥാര്‍ത്ഥ്യമാണ്.

ഇങ്ങനെ വേലി തന്നെ വിളവ് തിന്നുന്ന സമൂഹത്തില്‍, മാതൃക കാട്ടേണ്ടവര്‍ തന്നെ പിന്തിരിഞ്ഞുനടക്കുമ്പോള്‍ യുവതലമുറയെ മാത്രം പഴിച്ചിട്ടുകാര്യമുണ്ടോയെന്ന് ഓരോരുത്തരും ചിന്തിക്കണം.

( മോഡല്‍ സ്‌കൂളിലെഅധ്യാപകനാണ് ലേഖകന്‍)

പുകവലിക്കുന്നവര്‍ അറിയേണ്ടത്

വിമാനത്തില്‍ കയറാത്ത 70 കുട്ടികള്‍ക്ക് സ്വപ്‌നയാത്രയൊരുക്കി നടന്‍ സൂര്യ