ശരീരത്തിനുള്ളിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ വൃക്ക അടക്കമുള്ള അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന ചുമ മരുന്നില്‍ നിന്ന് കേരളം രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്.
ജമ്മുവിലും ഹരിയാനയിലുമായി 12 കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമായതായി ആരോപണം ഉയര്‍ന്ന ചുമ മരുന്ന്, കോള്‍ഡ് ബെസ്റ്റ് പിസി കേരളത്തിലെത്തിക്കാനുള്ള നീക്കം കൃത്യ സമയമത്തു ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് കണ്ടെത്തിയതാണു കേരളത്തിനു രക്ഷയായത്.
തെക്കന്‍ കേരളത്തില്‍ വിതരണത്തിനുള്ള മരുന്ന് തിരുച്ചിറപ്പള്ളി വഴി തിരുവനന്തപുരത്തേക്ക് എത്തിക്കാനായിരുന്നു പദ്ധതി. 30 പെട്ടി മരുന്നു കേരളത്തിലേക്കെന്ന പേരിലെത്തിയിട്ടുണ്ടെന്ന് തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോളറുടെ വിവരമാണ് കേരളത്തിന് തുണയായത്.
സംസ്ഥാനത്ത് മറ്റൊരിടത്തും ഈ മരുന്ന് എത്തിയിട്ടില്ലെന്നും സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ ബോര്‍ഡ് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതേ കമ്പനി പുറത്തിറക്കുന്ന ഗുളികകള്‍ ഉള്‍പ്പെടെയുള്ളവ കേരളത്തിലുണ്ട്. ഇവയുടെ സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചല്‍ പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ വിഷന്‍ എന്ന പേരിലുള്ള കമ്പനിയാണ് ആരോപണ വിധേയമായ മരുന്നിന്റെ നിര്‍മാതാക്കള്‍. മുന്‍പും ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ വിപണിയിലെത്തിച്ചതിന്റെ ചരിത്രമുള്ളതാണ് ഈ കമ്പനിയെന്ന് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം പറയുന്നു. സംഭവത്തെ തുടര്‍ന്നു കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയ സര്‍ക്കാര്‍ മരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. ഡയത്തലിന്‍ ഗ്ലൈക്കോള്‍ എന്ന രാസവസ്തു മരുന്നില്‍ കലര്‍ന്നതാണു കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമായതെന്നു ചണ്ഡിഗഢ് ആസ്ഥാനമായുള്ള പോസ്റ്റ്ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ചണ്ഡിഗഡ് റീജനല്‍ ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറിയില്‍നിന്നുള്ള ഫലം കൂടി ലഭിച്ചശേഷമായിരുന്നു കമ്പനിക്കെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നടപടി. കുറ്റം തെളിഞ്ഞാല്‍ ഉത്തരവാദികള്‍ക്ക് 10 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാം.