in ,

ശരണ്യയ്ക്ക് സൈ്വരം കൊടുക്കാതെ കാമുകന്‍, നിഷ്‌കളങ്കത ഭാവിച്ച കാമുകന്‍ നിധിന്‍ കുരുങ്ങിയത് പൊലീസിന്റെ വിശദമായ അന്വേഷണത്തില്‍

Share this story

ഒന്നര വയസ്സുകാരന്‍ വിയാനെ അമ്മ ശരണ്യ കടപ്പുറത്ത് പാറയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ ആദ്യഘട്ടത്തില്‍ നിഷ്‌കളങ്കത ഭാവിച്ച കാമുകന്‍ നിധിന്‍ കുരുങ്ങിയത് പൊലീസിന്റെ വിശദമായ അന്വേഷണത്തില്‍. ഗൂഢാലോചന (ഐപിസി 120(ബി), പ്രേരണ (ഐപിസി 119) എന്നീ വകുപ്പുകള്‍ പ്രകാരമാണു നിധിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകം നടന്നു പത്താം ദിവസം നിധിനെ അറസ്റ്റ് ചെയ്യുമ്പോള്‍ പൊലീസ് പ്രധാനമായും ചൂണ്ടിക്കാട്ടുന്ന 3 തെളിവുകള്‍ ഇവയാണ്.
തയ്യില്‍ കടപ്പുറത്ത് ഒന്നര വയസ്സുകാരന്‍ വിയാനെ കാണാതാകുമ്പോള്‍ അച്ഛന്‍ പ്രണവായിരുന്നു നാട്ടുകാരുടെയും പൊലീസിന്റെയും മുന്നില്‍ പ്രതിസ്ഥാനത്ത്. അമ്മ ശരണ്യ സംശയ നിഴലില്‍, കാമുകനായ നിധിന്‍ എന്നൊരാള്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. ഒടുവില്‍ അന്വേഷണം പത്തു ദിവസം പിന്നിടുമ്പോള്‍ സംശയനിഴലിലുണ്ടായിരുന്ന അമ്മയും കാണാമറയത്തു നിന്നിരുന്ന കാമുകനും പ്രതികളായി.പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ ശരണ്യയുടെ മൊബൈല്‍ ഫോണിലേക്കു വന്ന 17 കോളുകളിലൂടെയാണു നിധിന്‍ ആദ്യം പൊലീസിന്റെ ശ്രദ്ധയില്‍പെടുന്നത്
കാമുകനുണ്ടെന്നു പൊലീസ് അറിയാതിരിക്കാന്‍ ശരണ്യ പരമാവധി ശ്രമിച്ചു. ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പൊലീസ് നിര്‍ദേശം നല്‍കിയപ്പോള്‍ അപരിചിതനായ ആരോ വിളിച്ച പോലെയാണു ശരണ്യ പെരുമാറിയിരുന്നത്. എന്നാല്‍, മറുതലയ്ക്കലുള്ള നിധിനാകട്ടെ അമിത സ്വാതന്ത്ര്യത്തില്‍ ഫോണ്‍ എടുക്കാന്‍ വൈകുന്നതില്‍ ശരണ്യയെ ചീത്ത വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ശരണ്യയും നിധിനും തമ്മില്‍ അസ്വാഭാവികമായൊരു ബന്ധമുണ്ടെന്നു പൊലീസ് ആദ്യം തിരിച്ചറിഞ്ഞത് അങ്ങനെയാണ്.

പ്രണവ് വിദേശത്തായിരുന്ന കാലം മുതലേ ശരണ്യയും നിധിനും തമ്മില്‍ അടുപ്പത്തിലായിരുന്നു. ശരണ്യയുടെ ആഭരണങ്ങള്‍ നിധിന്‍ പലപ്പോഴായി കൈക്കലാക്കി. രാത്രിയും പകലും വീട്ടിലെത്തി ശരണ്യയുമായി കൂടിക്കാഴ്ചകള്‍ നടത്തി. ഒടുവില്‍ ശരണ്യയെ കൊണ്ട് ബാങ്ക് വായ്പ എടുപ്പിക്കാന്‍ ശ്രമിച്ചു. ഇതിനുള്ള അപേക്ഷാ ഫോം വരെ തയാറാക്കിയിരുന്നു. വായ്പ എടുത്ത ശേഷം ശരണ്യയെ ഉപേക്ഷിച്ചു മറ്റൊരു യുവതിയെ വിവാഹം കഴിക്കാനായിരുന്നു പദ്ധതിയെന്നാണു നിധിന്‍ പൊലീസിനോടു വ്യക്തമാക്കിയത്.

കടലില്‍ എറിഞ്ഞ കുഞ്ഞിന്റെ ജഡം തിരിച്ചു വരുമെന്നു ശരണ്യ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പ്രണവ് കുഞ്ഞിനെ എങ്ങോട്ടെങ്കിലും എടുത്തുകൊണ്ടു പോകുമെന്നു മുന്‍പു ശരണ്യ ഇടയ്ക്കിടെ വീട്ടുകാരോടു പറഞ്ഞിരുന്നു. കുഞ്ഞിനെ കാണാതായാല്‍ പ്രണവ് കൊണ്ടു പോയതാണെന്നു മറ്റുള്ളവര്‍ കരുതിക്കോളും എന്നായിരുന്നു ശരണ്യയുടെ വിചാരം. പ്രതീക്ഷിച്ചതിനു വിരുദ്ധമായി കുഞ്ഞിന്റെ ജഡം കടപ്പുറത്തു കണ്ടെത്തിയപ്പോള്‍ പ്രണവാണു കൊലപ്പെടുത്തിയതെന്നു വരുത്തി തീര്‍ക്കാന്‍ ശരണ്യ പരമാവധി ശ്രമിക്കുകയും ചെയ്തു.

കുഞ്ഞിനെ ഒഴിവാക്കിയാല്‍ തന്നെ സ്വീകരിക്കാന്‍ ഒരുക്കമാണെന്നു പലവട്ടം നിധിന്‍ പറഞ്ഞിരുന്നു. ഇതാണു കുഞ്ഞിനെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നു ശരണ്യ പറഞ്ഞു. പ്രതിയെന്ന നിലയില്‍ ശരണ്യ പറയുന്ന മൊഴിക്കു നിയമസാധുത കുറവാണ്. എങ്കിലും ശരണ്യ നിധിനെതിരെ പറഞ്ഞ മറ്റെല്ലാ കാര്യങ്ങള്‍ക്കും തെളിവുണ്ട്. അതിനാല്‍ കുഞ്ഞിനെ ഒഴിവാക്കണമെന്നു നിധിന്‍ പറഞ്ഞുവെന്നതും പരിഗണിക്കാം. ഗൂഢാലോചന, പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള സാഹചര്യത്തെളിവുകളും നിലനില്‍ക്കും. ശരണ്യയുടെ ആഭരണങ്ങള്‍ കൈക്കലാക്കിയെന്നു നിധിന്‍ സമ്മതിച്ചിട്ടുണ്ട്. ശരണ്യയെക്കൊണ്ട് വായ്പ എടുപ്പിക്കാനായി തയാറാക്കിയ അപേക്ഷ ഫോമും മറ്റു രേഖകളും ശരണ്യയുടെ വീട്ടില്‍ നിന്നു കണ്ടെത്തി.
കൊലപാതകമുണ്ടായതിന്റെ തലേന്ന് ഉച്ചയ്ക്ക് ഇരുവരും തമ്മില്‍ നിധിന്റെ കാമുകിയെ ചൊല്ലി തര്‍ക്കിച്ചിരുന്നു. ഈ സമയം കുഞ്ഞുള്ളതാണു തന്നെ സ്വീകരിക്കാനുള്ള തടസ്സമെന്നു നിധിന്‍ പറഞ്ഞെന്നാണു ശരണ്യയുടെ മൊഴി. നഗരത്തിലെ പ്രമുഖ ബാങ്കിന്റെ സമീപത്തു നിന്നായിരുന്നു തര്‍ക്കം. സമീപത്തെ സിസിടിവിയില്‍ നിന്നു പൊലീസ് ഇരുവരും തമ്മില്‍ ഒന്നര മണിക്കൂറോളം സംസാരിക്കുന്ന ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
നിധിനും ശരണ്യയും ഭാര്യാഭര്‍ത്താക്കന്‍മാരെ പോലെയാണു ജീവിച്ചിരുന്നത്. നിരന്തരം വിളിക്കുകയും മൊബൈല്‍ വഴി സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തിരുന്നു. കുഞ്ഞാണ് ഇരുവര്‍ക്കും തമ്മില്‍ ഒന്നിക്കാനുള്ള തടസ്സമെന്നു സന്ദേശങ്ങളില്‍ ധ്വനിയുണ്ട്. ഇതു കുഞ്ഞിനെ കൊലപ്പെടുത്താനുള്ള പ്രേരണയായി കണക്കാക്കും. അതേസമയം കുഞ്ഞിനെ കൊലപ്പെടുത്തണമെന്നുള്ള സന്ദേശങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണില്‍ നിന്നു ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ അടക്കം പരിശോധിക്കാന്‍ ഫോണ്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്

ഞരമ്പ് മുറിച്ച് പുതപ്പില്‍ കൈ പൊതിഞ്ഞുവച്ചു, പുതിയ അടവെന്ന് ജനം

ദേവനന്ദയെ തട്ടിക്കൊണ്ടു പോയതാകാമെന്ന് മുത്തച്ഛന്‍