യോഗയെന്നാൽ സാധാരണ പരിശീലിക്കുന്നതു പോലെയുള്ള ഒരു വ്യായാമമുറ അല്ല. ക്ഷമയും നിരന്തരമായ ശ്രമവും യോഗ ചെയ്യാൻ ആവശ്യമാണ്. ജീവിതചര്യയുടെ ഭാഗമാക്കിയാൽ ശരീരസൗന്ദര്യം വർദ്ധിപ്പിക്കാനും രോഗങ്ങളെ അകറ്റാനും യോഗ പോലെ മികച്ച മറ്റൊന്നില്ല.
ശരീരം ബലപ്പെടുത്താനും വഴക്കമുള്ള ഒരു ശരീരം രൂപപ്പെടുത്തിയെടുക്കാനും മാത്രമുള്ള ഒരു പ്രക്രിയയല്ല യോഗ. മറിച്ച്, ശരീരത്തെയും മനസ്സിനെയും പരസ്പരം ഏകോപിക്കുക എന്നത് കൂടി യോഗയിലൂടെ സാധ്യമാണ്. ശരീരത്തിന്റെ പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്നതോടൊപ്പം ശ്വസന പ്രക്രിയ സന്തുലിതമാക്കുന്നതിനും മനസ്സിനെ നിയന്ത്രണവിധേയമാക്കുന്നതിനും യോഗ പരിശീലിക്കുന്നതിലൂടെ കഴിയും.
പ്രായഭേദമില്ലാതെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പരിശീലിക്കാവുന്ന ജീവിതചര്യയാണ് യോഗ. സാധാരണ ചെയ്ത് വരാറുള്ളതുപോലെയുള്ള ശാരീരികാധ്വാനം ഏറെ ആവശ്യമായ ഒരു വ്യായാമമുറയല്ലിത്. അതുകൊണ്ട് തന്നെ ശരീരവും മനസ്സും ഏകാഗ്രമാക്കാനുള്ള കഴിവ് വളരെ പ്രധാനമാണ്. കൃത്യമായ ശ്വാസോച്ഛ്വാസം പരിശീലിക്കുന്നതിലൂടെ യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കാം. യോഗ ചെയ്യുന്നതിലൂടെ സമയമെടുത്തുള്ള ഫലപ്രാപ്തിയാണ് ലഭിക്കുക എന്ന സത്യം മനസ്സിലാക്കി വേണം ഇതിന്റെ ഭാഗമാകാൻ. നിരന്തരമായ പരിശ്രമവും ക്ഷമയും യോഗ ചെയ്യാൻ അത്യന്താപേക്ഷിതമാണ്.
സാധാരണ നിലയിൽ പത്ത് വയസ്സിനു ശേഷം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യോഗ പരിശീലിക്കാവുന്നതാണ്. കുട്ടികളിൽ ശരീരവളർച്ചയും വ്യക്തിത്വ വികസനവുമൊക്കെ നടക്കുന്നത് ഈ കാലഘട്ടത്തിലായതിനാൽ യോഗ പരിശീലനം ആരംഭിക്കാൻ ഉചിതമായ സമയവും ഇത് തന്നെയാണ്.
ശരീര സൗന്ദര്യം കൂട്ടാൻ യോഗ
തിളങ്ങുന്ന ചർമ്മവും വടിവൊത്ത ശരീരവും ഏതൊരാളുടെയും സ്വപ്നമാണ്. പ്രത്യേകിച്ചും സ്ത്രീകൾക്ക്. ശരീര സൗന്ദര്യം മെച്ചപ്പെടുത്താനും ആത്മവിശ്വാസം വർധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇനി മറ്റ് മാർഗ്ഗങ്ങൾ തേടി അലയേണ്ട. എല്ലാത്തിനുമുള്ള പരിഹാരം യോഗയിലുണ്ട്. യോഗയിലുൾപ്പെട്ട ശ്വസന വ്യായാമങ്ങൾ പേശികളെ ബലപ്പെടുത്താൻ സഹായിക്കുന്നതോടൊപ്പം ശ്വസനപ്രക്രിയയിലെ തടസ്സങ്ങൾ മാറ്റാനും സഹായിക്കും.
അതുപോലെ തന്നെ പതിവായി യോഗ പരിശീലിക്കുന്നവരിലും പ്രാണായാമം ശീലമാക്കിയവരിലും കൂടുതൽ ചെറുപ്പം നിലനിൽക്കുന്നതായി കാണപ്പെടാറുണ്ട്. ശരീരത്തിന്റെ ഇരുവശങ്ങളിലും അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്ത് അരക്കെട്ട് ഒതുങ്ങി ശരീരഭംഗി വർധിപ്പിക്കാനുള്ള വിവിധ ആസനങ്ങൾ യോഗയിൽ ധാരാളമുണ്ട്. വരണ്ട ചർമ്മം, മുഖത്തെ ചുളിവുകൾ, വാർദ്ധക്യത്തിന്റെ ലക്ഷണമായി ശരീരത്തിൽ കാണപ്പെടുന്ന ചുളിവുകൾ ഇവയെല്ലാം മാറ്റാൻ യോഗയിലൂടെ സാധിക്കും. ഇതൊക്കെ സാധിക്കണമെങ്കിൽ നിരന്തര ശ്രമവും ഏകാഗ്രതയും യോഗ ചെയ്യാൻ ആവശ്യമാണ്.
യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- രാവിലെയാണ് യോഗ പരിശീലിക്കാൻ ഉചിതമായ സമയം. പുലർച്ചെ 3 മണി മുതൽ രാവിലെ 8.30 വരെയാണ് യോഗ ചെയ്യാൻ ഉചിതമായ സമയമായി യോഗ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. രാവിലെ യോഗ പരിശീലിക്കാൻ സമയം ലഭിക്കാത്തവർക്ക് വൈകുന്നേരങ്ങളിൽ യോഗ ചെയ്യാവുന്നതാണ്. വൈകീട്ട് 5 മണി മുതൽ രാത്രി 8 മണി വരെ പരിശീലനത്തിൽ ഏർപ്പെടാം.
- യോഗ എന്നാൽ പ്രകൃതിയോടിണങ്ങിയുള്ള ജീവിതചര്യയായതിനാൽ ഇത് ചെയ്യുന്നിടത്ത് ധാരാളം വായുവും വെളിച്ചവും കടന്നുവരേണ്ടത് അത്യാവശ്യമാണ്.
- വായുസഞ്ചാരം ധാരാളമായി ഉണ്ടാകാൻ യോഗ ചെയ്യുന്ന മുറിയുടെ ജനലുകളും വാതിലുകളും തുറന്നിടാം.
- യോഗ ചെയ്യുമ്പോൾ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. തറയിൽ വിരിക്കാൻ യോഗ മാറ്റ് ഉപയോഗിക്കാം.
- പനിയോ മറ്റെന്തെങ്കിലും അണുബാധയോ ഉണ്ടെങ്കിൽ യോഗ ചെയ്യുന്നത് താൽക്കാലികമായി ഒഴിവാക്കാം. അസുഖം പൂർണ്ണമായും സുഖപ്പെട്ടതിനു ശേഷം മാത്രമേ യോഗ തുടരാവൂ.
- സ്ത്രീകൾ ആർത്തവസമയത്ത് യോഗ പരിശീലിക്കാതിരിക്കുകയാണ് നല്ലത്. ഗർഭിണികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ യോഗ ചെയ്യാവൂ. ഗർഭിണികൾക്ക് തീർത്തും ലളിതമായ യോഗാസനങ്ങൾ പരിശീലിക്കാം. എന്നാൽ ആദ്യത്തെ മൂന്ന് മാസത്തിനു ശേഷം യോഗ പരിശീലിക്കാതിരിക്കുകയാകും ഉചിതം. ഏതെങ്കിലും വിധത്തിലുള്ള രോഗങ്ങൾ ഉള്ളവർ വിദഗ്ധോപദേശം തേടിയതിനു ശേഷം മാത്രമേ അവരുടെ ആരോഗ്യത്തിനനുസരിച്ചുള്ള യോഗാസനങ്ങൾ ചെയ്യാവൂ.