കേരളത്തില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ മൂന്ന് പേര്‍ക്കും, ഇവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട സ്വദേശികള്‍ക്കാണ് രോഗം ബാധിച്ചത്. രോഗികള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഫെബ്രുവരി 29നാണ് 55 കാരനും ഭാര്യയും 22-കാരനായ മകനും ഇറ്റലിയില്‍ നിന്ന് നാട്ടിലെത്തിയത്. ഇറ്റലിയില്‍ നിന്ന് എത്തിയ വിവരം ഇവര്‍ ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നില്ല. ബന്ധുവിന് പനി വന്നതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കൊറോണ ലക്ഷണങ്ങള്‍ ശ്രദ്ധിയില്‍പ്പെട്ടത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഇറ്റലിയില്‍ നിന്ന് എത്തിയവരോട് ആശുപത്രിയിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇവര്‍ വിമുഖത കാണിച്ചിരുന്നുവെന്ന് മന്ത്രി കെ.ക.ശൈലജ പറഞ്ഞു.ഫെബ്രുവരി 29-ന് ഖത്തര്‍ എയര്‍വേയ്സിന്റെ (ക്യു.ആര്-126) വെനീസ്-ദോഹ വിമാനത്തിലാണ് യാത്ര ചെയ്തത്. 11.20ന് വിമാനം ദോഹയിലെത്തി. ഒന്നര മണിക്കൂറിന് ശേഷം ഖത്തര്‍ എയര്‍വേയ്സിന്റെ തന്നെ ക്യൂ.ആര് 514 വിമാനത്തില്‍ കൊച്ചിയിലേക്ക് വരികയായിരുന്നു. ഈ വിമാനത്തില്‍ സഞ്ചരിച്ചവര്‍ ആരോഗ്യ വകുപ്പ് അധികൃതരെ സമീപിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്കി. പത്തനംതിട്ട ജില്ല കളക്ടര്‍ അടിയന്തര യോഗം വിളിച്ചു. രോഗികളുമായി ഇടപഴകിയിട്ടുള്ള ആളുകളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.