സംസ്ഥാനത്ത് ഇന്നും പരക്കെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കൊപ്പം ശക്തമായ ഇടിമിന്നലുണ്ടാകും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
ഉംപുന്‍ ചുഴലിക്കാറ്റ് വരുന്ന 24 മണിക്കൂറില്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഒഡീഷ, ബംഗാള്‍, ആന്റമാന് അടക്കമുള്ള തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങിയ കാറ്റ് ശക്തിപ്രാപിച്ച് വരും മണിക്കൂറില്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. അതിതീവ്ര ചുഴലിക്കാറ്റായി മാറിയാല്‍ കാറ്റിന്റെ വേഗത 200 കിലോമീറ്റര്‍ വരെ എത്തിയേക്കും. ആന്ധ്ര പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.
കേരളത്തില്‍ 9 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ഇന്ന് മുതല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക് ഭാഗങ്ങളിലേക്കും പശ്ചിമ ബംഗാള്‍ തീരത്തിനപ്പുറത്തേക്കും മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കിയ മുന്നറിയിപ്പില്‍ പറയുന്നു.