in , , , ,

സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

Share this story

1,64,130 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 12 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നും 3 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നും രണ്ടുപേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നും ഒരാള്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതില്‍ 9 പേര്‍ വിദേശത്ത് നിന്നും വന്നവരും ബാക്കിയുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം വന്നത്. തിരുവന്തപുരത്ത് രോഗം സ്ഥിരീകരിച്ച 30 വയസുള്ളയാള്‍ വീട്ടിലെ നിരീക്ഷണത്തിലും 61 വയസുള്ളയാള്‍ ജനറല്‍ ആശുപത്രി ഐസൊലേഷന്‍ ചികിത്സയിലുമാണ്. ഇവരെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നതാണ്. ഇതില്‍ 61 വയസുള്ളയാള്‍ ദുബായ് എയര്‍പോര്‍ട്ട് ജീവനക്കാരനാണ്. 30 വയസുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നയാളാണെങ്കിലും മറ്റൊരാളുടെ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.

കേരളത്തില്‍ 265 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 237 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ചികിത്സയിലായിരുന്ന ഓരോരുത്തരുടെ വീതം പരിശോധനാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. 26 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേരാണ് മരണമടഞ്ഞത്.

203 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,130 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,63,508 പേര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 123 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രോഗലക്ഷണങ്ങള്‍ ഉള്ള 7965 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 7256 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മദ്യം നല്‍കാമെന്ന് എക്‌സൈസ് കമ്മിഷണര്‍

സ്ഥിരമായി മദ്യപിച്ചിരുന്നവരാണോ നിങ്ങള്‍, എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം