- Advertisement -Newspaper WordPress Theme
FEATURESസൂററ്റില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ വനിതാ ട്രെയിനി ക്ലര്‍ക്കുകളെ നഗ്‌നരാക്കി പരിശോധന നടത്തി

സൂററ്റില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ വനിതാ ട്രെയിനി ക്ലര്‍ക്കുകളെ നഗ്‌നരാക്കി പരിശോധന നടത്തി

ഗുജറാത്തിലെ സൂററ്റില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ (എസ്എംസി) വനിതാ ട്രെയിനി ക്ലര്‍ക്കുകളെ നഗ്‌നരാക്കി പരിശോധന നടത്തിയെന്ന് ആരോപണം. ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡില്‍ പത്തോളം വനിതാ ട്രെയിനികളെ നഗ്‌നരാക്കി പരിശോധന നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ സൂററ്റ് മുനിസിപ്പല്‍ കമ്മിഷണര്‍ ബഞ്ചനിധി പാനി ഉത്തരവിട്ടു. ഗുജറാത്തിലെ വനിതാ കോളജില്‍ ആര്‍ത്തവമുണ്ടോയെന്നറിയാന്‍ വിദ്യാര്‍ഥികളെ നഗ്‌നരാക്കി പരിശോധന നടത്തിയെന്ന വിവാദത്തിനു പിന്നാലെയാണ് ഇപ്പോഴത്തെ ആരോപണവും.

ഫെബ്രുവരി 20 നാണ് എസ്എംസി നടത്തുന്ന സൂററ്റ് മുനിസിപ്പല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ആശുപത്രിയില്‍ (എസ്എംഐഎംഇആര്‍) ആരോപണത്തിന് ഇടയാക്കിയ സംഭവം നടന്നത്. അവിവാഹിതരായ സ്ത്രീകളെപ്പോലും നഗ്‌നരാക്കി ഗര്‍ഭ പരിശോധന നടത്തിയതായി എസ്എംസി എംപ്ലോയീസ് യൂണിയന്‍ വ്യാഴാഴ്ച കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ബഞ്ചനിധി മൂന്നംഗ സമിതിയെ രൂപീകരിച്ചു. സമിതിയോടു 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവു നല്‍കി. മെഡിക്കല്‍ കോളജിന്റെ മുന്‍ ഡീന്‍ ഡോ. കല്‍പ്പന ദേശായി, അസിസ്റ്റന്റ് മുനിസിപ്പല്‍ കമ്മിഷണര്‍ ഗായത്രി ജരിവാല, എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ തൃപ്തി കലതിയ എന്നിവരടങ്ങുന്നതാണ് സമിതി.

ചട്ടപ്രകാരം, മൂന്നു വര്‍ഷത്തെ പരിശീലന കാലയളവ് പൂര്‍ത്തിയായപ്പോള്‍ എല്ലാ ട്രെയിനി ജീവനക്കാരും അവരുടെ ശാരീരിക ക്ഷമത തെളിയിക്കാന്‍ ശാരീരിക പരിശോധന നടത്തേണ്ടതുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പരിശോധനയ്ക്ക് എതിരല്ലെങ്കിലും ഗൈനക്കോളജി വാര്‍ഡിലെ വനിതാ ഡോക്ടര്‍മാര്‍ സ്വീകരിച്ച രീതി അനുചിതമാണെന്നും യൂണിയന്‍ ആരോപിക്കുന്നു. പരിശോധനയ്ക്കായി മുറിയില്‍ ഓരോരുത്തരെയായി വിളിക്കുന്നതിനു പകരം നഗ്‌നരായി ഒരുമിച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. മറ്റുള്ളവര്‍ക്കു മുന്നില്‍ നഗ്‌നരായി നിര്‍ത്തുന്ന നടപടി അപലപനീയമാണ്. ഇതു തീര്‍ത്തും നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. ഓരോരുത്തരെയും പ്രത്യേകം പരിശോധിക്കണം യൂണിയന്‍ പരാതിയില്‍ പറയുന്നു.

പരിശോധനയ്ക്കിടെ ഗര്‍ഭധാരണത്തെക്കുറിച്ച് വനിത ഡോക്ടര്‍മാര്‍ അസംബന്ധമായ ചോദ്യങ്ങള്‍ ചോദിച്ചതായി യൂണിയന്‍ ജനറല്‍ സെക്രട്ടറി അഹമ്മദ് ഷെയ്ഖ് പറഞ്ഞു. ഗര്‍ഭധാരണത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ സ്വകാര്യ ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കണം. മാത്രമല്ല, അവിവാഹിതരായ യുവതികളെ പോലും ഗര്‍ഭിണിയാണോ എന്നറിയാന്‍ ശാരീരിക പരിശോധനയ്ക്കു വിധേയമാക്കി. മറ്റു സ്ത്രീകളുടെ മുന്നില്‍ അവരെ ലജ്ജിപ്പിക്കുന്ന അവസ്ഥയിലാക്കി. മെഡിക്കല്‍ പരിശോധനകളില്‍ സ്ത്രീകളുടെ ബഹുമാനം കാത്തുസൂക്ഷിക്കണമെന്നും അഹമ്മദ് ആവശ്യപ്പെട്ടു. വനിതാ ഉദ്യോഗസ്ഥര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയാല്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സൂററ്റ് മേയര്‍ ജഗദീഷ് പട്ടേല്‍ പറഞ്ഞു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme