in

സ്തനാർബുദം: ആരംഭത്തിൽ തന്നെ രോഗലക്ഷണങ്ങൾ തിരിച്ചറിയാം

Share this story

സ്തനാർബുദം എങ്ങനെ തിരിച്ചറിയാം? തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ ഫലപ്രദമായ ചികിത്സകളിലൂടെ സ്തനാർബുദം ഭേദപ്പെടുത്താൻ കഴിയും. സ്വയം പരിശോധന, മാമോഗ്രാഫി തുടങ്ങിയ രീതികളിലൂടെ സ്തനാർബുദം വളരെ നേരത്തെ തന്നെ മനസ്സിലാക്കി ചികിത്സ തേടാം.

ലോകത്താകമാനമുള്ള കണക്കുകൾ പരിശോധിച്ചാൽ ക്യാൻസർ രോഗികളിൽ ശ്വാസകോശാർബുദം കഴിഞ്ഞാൽ രണ്ടാം സ്ഥാനം സ്തനാർബുദത്തിനാണ്. സ്തനാർബുദ രോഗികളുടെ എണ്ണം വർഷം തോറും കൂടി വരുന്ന സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന (World Health Organization – WHO) 1985 മുതൽ എല്ലാ വർഷവും ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസം ആചരിച്ച് വരുന്നു. സ്തനാർബുദത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും രോഗം കണ്ടുപിടിക്കേണ്ട വിധങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമെല്ലാം സ്ത്രീകൾക്ക് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് WHO ഒക്ടോബർ മാസം സ്തനാർബുദമാസമായി ആചരിക്കുന്നത്. സ്തനാർബുദത്തെ കുറിച്ച് കൂടുതൽ അവബോധം ഉണ്ടാക്കാനും ആരംഭത്തിൽ തന്നെ രോഗ നിർണ്ണയം നടത്താനും സ്തനാർബുദബാധിതരെ പിന്തുണയ്ക്കാനും വിവിധ സന്നദ്ധസംഘടനകളും ആശുപത്രികളും മറ്റ് ആരോഗ്യ കേന്ദ്രങ്ങളും ഈ കാലയളവിൽ വിവിധ പ്രചാരണ പരിപാടികൾ നടത്തി വരികയാണ്.

സ്തനാർബുദം ഉണ്ടാകാനുള്ള സാധ്യത ആർക്കൊക്കെ?

സ്ത്രീകൾക്കിടയിൽ കൂടുതലായി കാണപ്പെടുന്ന ക്യാൻസർ ആണ് സ്തനാർബുദം. അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ആർത്തവ വിരാമം സംഭവിച്ചവർക്കും മാത്രമേ സ്തനാർബുദം എന്ന ധാരണ പൂർണ്ണമായും തെറ്റാണ്. ഈ രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

ഏതാണ്ട് 70 ശതമാനം സ്തനാര്‍ബുദവും ഉണ്ടാകുന്നത് ആര്‍ത്തവ വിരാമത്തിന് ശേഷമാണ്. ബാക്കി പ്രായക്കാരിൽ ഉണ്ടാകാനുള്ള സാധ്യത 30 ശതമാനവും. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം, സ്തനാര്‍ബുദം ഉണ്ടാകാനുള്ള കാരണങ്ങൾ വളരെ ചെറിയ പ്രായത്തിൽ തന്നെ ശരീരത്തിൽ സംഭവിച്ച് തുടങ്ങുന്നു എന്നതാണ്. പെൺകുട്ടികൾ ഋതുമതിയാകുന്നതിനും ആദ്യ ഗര്‍ഭധാരണത്തിനും ഇടയിലുള്ള കാലം സ്തനവളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. അതായത് വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ ഒഴിവാക്കൽ എന്നീ കാര്യങ്ങൾ കൗമാര പ്രായത്തിൽ തന്നെ ശീലിച്ചാൽ സ്തനാർബുദ സാധ്യത ഒരു പരിധി വരെ ഒഴിവാക്കാം.

ഇവർക്ക് സ്തനാർബുദ സാധ്യത കൂടുതലാണ്!

വളരെ അടുത്ത രക്തബന്ധമുള്ളവരിൽ, പ്രത്യേകിച്ച് അമ്മ, സഹോദരി എന്നിവർക്കാർക്കെങ്കിലും ഈ രോഗം ഉണ്ടെങ്കിൽ നിങ്ങൾക്കും വരാനുള്ള സാധ്യത കൂടുതലാണ്

☛ ഗർഭനിരോധന ഗുളികകൾ, ആർത്തവം നീട്ടിവയ്ക്കാനുള്ള ഗുളികകൾ എന്നിവ സ്ഥിരമായി കഴിക്കുന്നവർ

☛ തുടർച്ചയായി ഹോർമോൺ പുനരുദ്ധാരണ ചികിത്സ നടത്തുന്നവർ

☛ കൊഴുപ്പ് കൂടിയ ഭക്ഷണം, മാംസം, മദ്യം തുടങ്ങിയവ അമിത അളവിൽ സ്ഥിരമായി കഴിക്കുന്നവർ

☛ സ്തനങ്ങളിൽ അർബുദമല്ലാത്ത ഉള്ളവർക്കും ഇത്തരം മുഴകൾ നീക്കം ചെയ്തവർക്കും

☛ മുപ്പത് വയസ്സിന് ശേഷം ആദ്യ പ്രസവം കഴിഞ്ഞ സ്ത്രീകളിൽ

സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ

സ്തനാർബുദ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് ആദ്യം മനസ്സിലാക്കണം. ഈ രോഗത്തെ ഫലപ്രദമായി ചെറുക്കണമെങ്കിൽ പ്രാരംഭാവസ്ഥയിൽ തന്നെ ലക്ഷണങ്ങൾ തിരിച്ചറിയണം. ആരംഭത്തിൽ തന്നെ രോഗനിർണ്ണയം നടത്തിയാൽ സ്തനാർബുദം പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാം. ആദ്യം ചെയ്യേണ്ടത് സ്തനങ്ങളിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതാണ്.

സ്തനാർബുദത്തിന്റെ പ്രധാന രോഗലക്ഷണങ്ങൾ ശ്രദ്ധിക്കൂ…

☛ വേദനയുള്ളതോ അല്ലാത്തതോ വിവിധ വലിപ്പത്തിലുള്ള മുഴകൾ, സ്ഥാനത്തിലെ കല്ലിപ്പ് തുടങ്ങിയവ

☛ സ്തനാകൃതിയില്‍ വരുന്ന മാറ്റം

☛ ആർത്തവത്തോട് അനുബന്ധിച്ചല്ലാതെ സ്തനങ്ങൾക്കുണ്ടാകുന്ന വേദന

☛ സ്തനങ്ങളുടെ തൊലിപ്പുറത്തുണ്ടാകുന്ന നിറവ്യത്യാസം, വ്രണങ്ങൾ, കുത്തുകൾ പോലെയുള്ള പാടുകൾ

☛ മുലഞെട്ട് അല്ലെങ്കിൽ മുലക്കണ്ണ് അകത്തേയ്ക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ

☛ രക്തമയമുള്ളതോ അല്ലാത്തതോ ആയ സ്രവങ്ങൾ സ്തനങ്ങളിൽ നിന്ന് വരിക

☛ കക്ഷത്തിലും കഴുത്തിലും ഉണ്ടാകുന്ന മുഴകൾ, വീക്കം എന്നിവ

കൊറോണ മരണം 811 കടന്നു.

ശരീരത്തിലെ അര്‍ബുദവ്യാപ്തി അറിയാനാവുന്ന സ്‌പെക്ട് സ്‌കാനര്‍ മെഡികോളേജില്‍…