in , ,

സ്ഥിരം മദ്യപിച്ചെത്തുന്ന അച്ഛന്‍ അമ്മയെ മര്‍ദിക്കുന്നത് പതിവ്, കൊല്ലുമെന്ന് കരുതിയില്ലെന്ന് മക്കള്‍, മദ്യപാനം ഇല്ലാതാക്കിയത് രണ്ട് കുട്ടികളുടെ ജീവിതം

Share this story

ഓര്‍മ വച്ചനാള്‍ മുതല്‍ സമാധാനം എന്തെന്ന് അനന്ദുവും അരവിന്ദും അറിഞ്ഞിട്ടില്ല. സ്ഥിരം മദ്യപിച്ചെത്തുന്ന അച്ഛന്‍ അമ്മയെ മര്‍ദിക്കുന്നത് പതിവായിരുന്നു. മര്‍ദനം തടയാന്‍ ശ്രമിക്കുമ്പോള്‍ കുട്ടികളെയും കുട്ടന്‍ ക്രൂരമായി മര്‍ദിക്കുമായിരുന്നു. പതിവായി മര്‍ദനമേറ്റിരുന്ന സിനി പിറ്റേദിവസം എന്തെങ്കിലും ആഹാരമുണ്ടാക്കി മക്കളെ കാത്തിരിക്കുന്നതാണ് ഇരുവര്‍ക്കും പരിചയമുണ്ടായിരുന്നത്. അച്ഛന്‍ അമ്മയെ കൊന്നതെടെ ആരോരുമില്ലാതായത് ഈ കുഞ്ഞുങ്ങളുടെ ജീവിതമാണ്
രണ്ട് ദിവസമായി കാണാതായ അമ്മയുടെ മൃതദേഹം തൊട്ടടുത്ത ശുചിമുറിയ്ക്കായി എടുത്ത കുഴിയില്‍ കിടക്കുന്നുണ്ടെന്നു പ്ലസ്വണ്ണിലും ഒന്‍പതിലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ അറിഞ്ഞിരുന്നില്ല. കൊല്ലപ്പെട്ട സിനിയുടെ മക്കള്‍ നടത്തിയ അന്വേഷണമാണു മൃതദേഹം വീട്ടുമുറ്റത്തു തന്നെ കുഴിച്ചിട്ടുണ്ടെന്നു കണ്ടെത്തുന്നതിേലക്കു നയിച്ചത്.
പുല്ലമ്പാറ വാലിക്കുന്ന് വീട്ടില്‍ സിനി(34)യെയാണ് ശനിയാഴ്ച ഭര്‍ത്താവ് കുട്ടന്‍(40) മര്‍ദിച്ച് കൊലപ്പെടുത്തിയശേഷം നിര്‍മാണത്തിലിരിക്കുന്ന പുതിയ വീടിനോടു ചേര്‍ന്നു ശുചിമുറിക്കായി എടുത്ത കുഴിയില്‍ കൊണ്ടിട്ട് മണ്ണിട്ടുമൂടിയത്. സിനി സ്വന്തം വീട്ടിലേക്കു പോയെന്നു കുട്ടന്‍ പറഞ്ഞ നുണ പൊളിഞ്ഞതാണു മക്കള്‍ക്കു സംശയം വര്‍ധിപ്പിക്കാന്‍ ഇടയാക്കിയത്. അച്ഛന്റെ കൈകൊണ്ട് അമ്മ കൊല്ലപ്പെട്ടതോടെ രണ്ട് ആണ്‍കുട്ടികളാണ് ആരോരുമില്ലാത്തവരായി മാറിയത്.
തിങ്കളാഴ്ച തേമ്പാമ്മൂട് ജനതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ഇളയമകന്‍ അരവിന്ദിനു(14) വാര്‍ഷിക പരീക്ഷയായിരുന്നു. അമ്മയെ കാണാതായ സങ്കടത്തിലായിരുന്നെങ്കിലും വൈകുന്നേരം തിരിച്ചെത്തുമെന്നായിരുന്നു മക്കളുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ ആദ്യപരീക്ഷയായ മലയാളം അരവിന്ദ് എഴുതുകയും ചെയ്തു. അമ്മ അന്ന് മടങ്ങിയെത്തിയില്ലെങ്കിലും തൊട്ടടുത്ത് മരിച്ചു കിടക്കുന്നതായി അവന്‍ അറിഞ്ഞിരുന്നില്ല. ചൊവ്വാഴ്ചയും അമ്മയെ കാണാതായതോടെ അന്നേ ദിവസം പരീക്ഷയെഴുതാന്‍ എത്താത്തിനെ തുടര്‍ന്ന് ക്ലാസ് ടീച്ചര്‍ സിനിയുടെ ഫോണിലേക്കും വിളിച്ചിരുന്നു.
സിനിയും കുട്ടനും താമസിക്കുന്ന പണി പൂര്‍ത്തിയാകാത്ത ചെറിയ വീട്ടിലായതിനാല്‍ മക്കളായ അനന്തുവും അരവിന്ദും രാത്രി കഴിയുന്നത് സമീപത്ത് തന്നെയുള്ള ഒരു ബന്ധുവീട്ടിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരുവരും ഭക്ഷണം കഴിച്ച ശേഷം ബന്ധുവീട്ടിലേക്കു പോയി. ഞായറാഴ്ച പത്ത് മണിയോടെ വീട്ടിലേക്കു വന്നെങ്കിലും അമ്മയെ കണ്ടില്ല. ഏതാനും കിലോമീറ്റര്‍ അകലെയുള്ള സ്വന്തം വീട്ടിലേക്കു സിനി പോയെന്നാണു കുട്ടന്‍ മക്കളോട് പറഞ്ഞത്. കുട്ടന്‍ സിനിയെ ആക്രമിക്കുമ്പോള്‍ കുട്ടികള്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരെയും ആട്ടിയോടിച്ചു. ഞായറാഴ്ച ശുചിമുറിയ്ക്കായി എടുത്ത കുഴിയില്‍ അച്ഛന്‍ മണ്ണിടുന്നത് മുത്തമകന്‍ അനന്ദു (16) കണ്ടിരുന്നു. കേള്‍വിക്കുറവും സംസാരിക്കാന്‍ ബുദ്ധിമുട്ടുമുള്ള അനന്ദു ഇത് ഗൗരവമായി എടുക്കുകയോ ആരോടും പറയുകയും ചെയ്തിരുന്നില്ല.
കൊലപാതകം നടന്നെന്നു സംശയം തോന്നാതിരിക്കാന്‍ കുട്ടന്‍ അടുക്കളയില്‍ ചോറും കറികളുമുണ്ടാക്കി വച്ചിരുന്നു. ഞായറാഴ്ച പകല്‍ മുഴുവന്‍ അച്ഛന്‍ പറഞ്ഞത് വിശ്വസിച്ചിരുന്ന മക്കള്‍ രാത്രിയിലും അമ്മ വരാതായതോടെ തിങ്കളാഴ്ച അമ്മയുടെ വീട്ടിലേക്കു അന്വേഷിച്ച് പോയി. സിനി അവിടെ എത്തിയിട്ടില്ലെന്നു ബോധ്യമായി. ഇതോടെ സംശയം വര്‍ധിച്ചു. ഇതിനിടെ കര്‍ണാടകയിലേക്കു ജോലിക്ക് പോവുകയാണെന്ന് പറഞ്ഞ് കുട്ടന്‍ നാടുവിടുകയും ചെയ്തു. ഇതോടെ കുട്ടികള്‍ ബന്ധുക്കളെ വിവരം അറിയിച്ചു.
രക്തക്കറ പുരണ്ട ചുറ്റികയും വീട്ടിനുള്ളില്‍ നിന്നു കണ്ടെത്തി. എട്ടു വര്‍ഷം മുന്‍പ് സിനിയെ ഗുരുതരമായി വെട്ടി പരുക്കേല്‍പ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് കുട്ടന്‍. പിന്നീട് ജയില്‍ മോചിതനായി കുറച്ചു കാലം വീണ്ടും ഒരുമിച്ചു താമസിച്ചു. വീട്ടിലും സമീപവാസികള്‍ക്കും ശല്യക്കാരനായ കുട്ടന്റെ ദേഹത്ത് സമീപവാസി ആസിഡ് ഒഴിച്ചു. ഇതില്‍ ഗുരുതരമായി പരുക്കേറ്റപ്പോള്‍ സിനിയാണ് ശുശ്രൂഷിച്ചത്. പരുക്കു മാറി കുട്ടന്‍ എഴുന്നേറ്റതോടെ വീണ്ടും ഉപദ്രവം തുടങ്ങിയതായി പറയുന്നു.
ബന്ധുക്കളെത്തി വീടിന്റെ പരിസരത്ത് തിരഞ്ഞപ്പോളാണ് ശുചിമുറിയുടെ കുഴി മൂടിയ നിലയില്‍ കണ്ടത്. മണ്ണുമാറ്റിയതോടെ മൃതദേഹം കാണുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. ബെംഗളൂരു ഉള്‍പ്പെടെ പലയിടങ്ങളില്‍ കുട്ടന്‍ ജോലിക്ക് പോയിട്ടുണ്ട്. ഇവിടങ്ങളിലേക്കാണോ ഒളിവില്‍ പോയതെന്ന് കേന്ദ്രീകരിച്ചാണ് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പി.വി. ബേബിയുടെയും വെഞ്ഞാറമൂട് സി.ഐ അജയ് ചന്ദ്രന്റെയും നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്.

രാജ്യത്ത് ഒരാള്‍ക്കുകൂടി കൊറോണ ബാധ: ഇതോടെ രോഗബാധിതര്‍ മൂന്നായി, നേരിടാനൊരുങ്ങി രാജ്യം

ഭാരം കുറയ്ക്കണോ, എങ്കില്‍ ബ്രേക്ക് ഫാസ്റ്റ് ഹെവി ആയിക്കോട്ടേ